മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; അഞ്ച് സൈനികര്‍ക്ക് ജീവൻ നഷ്ടമായി

സൈനികര്‍ സഞ്ചരിച്ച ബസ് കുഴി ബോംബുവെച്ച് മാവോയിസ്റ്റുകൾ തകര്‍ക്കുകയായിരുന്നു

0

ചത്തീസ്ഗഡിലെ ബീജാപ്പൂരിലുണ്ടായ മാവോയിസ്റ്റ്‌ ആക്രമണത്തിൽ അഞ്ച് സൈനികര്‍ക്ക് ജീവൻ നഷ്ടമായി. 20 പേര്‍ക്ക് പരിക്കേറ്റു. സൈനികര്‍ സഞ്ചരിച്ച ബസ് കുഴി ബോംബുവെച്ച് മാവോയിസ്റ്റുകൾ തകര്‍ക്കുകയായിരുന്നു. പിന്നീട് നടന്ന ഏറ്റിമുട്ടലിൽ ഒരു മാവോയിസ്റ്റിനെ സൈന്യം വധിച്ചു.

റായ്പ്പൂരിൽ നിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ ദാവുദയ് പൊലീസ് സ്റ്റേഷനിൽ പരിധിയിലായിരുന്നു ഇന്നത്തെ ആക്രമണം. വൈകീട്ട് നാലേകാലിന് സിആര്‍പിഎഫും സ്പെഷ്യൽ ഗാര്‍ഡുകളും സഞ്ചരിച്ച ബസ് കുഴിബോംബുവെച്ച് തകര്‍ക്കുകയായിരുന്നു.

25 ജവാന്മാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉൾപ്പടെയുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഹെലികോപ്റ്ററിൽ റായ്പ്പൂരിലെ ആശുപത്രിയിൽ എത്തിച്ചു. വനമേഖലയിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്ന ബര്‍സൂര്‍-പള്ളി റോഡിലൂടെ സഞ്ചരിച്ച സൈന്യത്തിന്‍റെ ബസാണ് ആക്രമിക്കപ്പെട്ടത്.

സ്ഫോടനത്തിന്‍റെ ആഘാതത്തിൽ റോഡിൽ നിന്ന് തെറിച്ച ബസ് തൊട്ടടുത്ത കുഴിയിലേക്ക് വീണു. പ്രദേശത്ത് സൈന്യം നടത്തിയ തിരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് പിന്നീട് ഒരു മാവോയിസ്റ്റിനെ വധിച്ചത്. സംഭവത്തെ അപലപിച്ച ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ മാവോയിസ്റ്റുകൾക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചു.

 

You might also like

-