പൗരത്വ ഭേദഗതി ബിൽ രാജയവ്യപക പ്രതിഷേധം ഷില്ലോങ്ങ് സന്ദര്‍ശനം റദ്ദാക്കി അമിത് ഷാ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഡൽഹി :കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 15 നാണ് അമിത് ഷാ ഷില്ലോങ് സന്ദര്‍ശിക്കാനിരുന്നത്. നോര്‍ത്ത്– ഈസ്റ്റ് പൊലീസ് അക്കാദമിയുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു സന്ദര്‍ശനം. 16ന് നടത്താനിരുന്ന അരുണാചല്‍ പ്രദേശ് സന്ദര്‍ശനം നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.
അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭം മൂന്നാം ദിവസവും ശക്തമാണ്. പ്രതിഷേധത്തിനിടെ അസമില്‍ വീണ്ടും വെടിവെപ്പ് നടന്നു. സൈന്യം നടത്തിയ വെടിവെപ്പില്‍ ജോര്‍ഹട്ടില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യാ സന്ദര്‍ശനത്തില്‍ നിന്ന് വിദേശ നേതാക്കളായ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ബംഗ്ലാദേശ് വിദേശമന്ത്രി എ.കെ അബ്ദുല്‍ മൊമിന്‍, ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ എന്നിവര്‍ പിന്മാറിയിരുന്നു.