സിഎജിയുടെ ചോദ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ട് മറുപടിനൽകും,തോമസ് ഐസക്-
നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറയരുത്. കിഫ് ബിയുടെ ഓഡിറ്ററാക്കണമെന്ന സിഎജിയുടെ ആവശ്യം കഴിഞ്ഞ യുഡിഎഫ് സർക്കാർ തള്ളിയിരുന്നു
കൊച്ചി :സിഎജിയുടെ ചോദ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്നും അതിന് വിശദമായി മറുപടി നൽകുമെന്നും ധനമന്ത്രി തോമസ് ഐസക് . ആസൂത്രിതമായാണ് കിഫ്ബിക്കെതിരെ കേസ് കൊടുത്തതെന്നും ധനമന്ത്രി ആരോപിച്ചു. എന്താണ് കിഫ്ബിയിലെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറയരുത്. കിഫ് ബിയുടെ ഓഡിറ്ററാക്കണമെന്ന സിഎജിയുടെ ആവശ്യം കഴിഞ്ഞ യുഡിഎഫ് സർക്കാർ തള്ളിയിരുന്നു. തീർത്തും സുതാര്യമായ രീതിയിലാണ് കിഫ്ബി പ്രവർത്തിക്കുന്നതെന്നും ധനമന്ത്രി എറണാകുളത്ത് പറഞ്ഞു.
കിഫ്ബി മാത്രമല്ല, ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതും ഇത്തരത്തിൽ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. എൻടിപിസി മസാലാ ബോണ്ടു വഴി 2000 കോടി സമാഹരിച്ചത് 2016 ആഗസ്റ്റിലാണ്. ഊർജ രംഗത്തെ ഇന്ത്യൻ പൊതുമേഖലാ കമ്പനികൾ മസാല ബോണ്ടു വഴി ഒരു ബില്യൺ ഡോളർ സമാഹരിക്കുമെന്ന് ലണ്ടനിൽ ചെന്ന് പ്രഖ്യാപിച്ചത് കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ്.
5000 കോടി രൂപ സമാഹരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിനെ സമീപിച്ചത് 2017 മെയ് മാസത്തിലാണ്. ഓപ്പണിംഗ് സെറിമണിയിൽ പങ്കെടുത്തത് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയാണ്. പീയുഷ് ഗോയലും ഗഡ്ഗരിയും എൻഎച്ച്എഐയും എൻടിപിസിയുമൊക്കെ ചെയ്തത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്ന് റിപ്പോർട്ടിലെഴുതിവെയ്ക്കാൻ സിഎജിയ്ക്ക് തന്റേടമുണ്ടോ?
കേരളമായാൽ എന്ത് അസംബന്ധവും പറയാമെന്നാണോ? അതു ചോദ്യം ചെയ്താൽ രമേശ് ചെന്നിത്തലയ്ക്കും യുഡിഎഫിനും പൊള്ളുന്നത് എന്തുകൊണ്ട്?
യഥാർത്ഥ പ്രശ്നത്തിലേയ്ക്ക് വരൂ പ്രതിപക്ഷ നേതാവേ. കേന്ദ്രസർക്കാരിന്റെ കോർപറേറ്റ് ബോഡികൾ മസാലാ ബോണ്ടു വാങ്ങിയാൽ ഭരണഘടനയ്ക്ക് ഒന്നും സംഭവിക്കില്ല, കേരളം വാങ്ങിയാൽ ഭരണഘടനാപ്രതിസന്ധിയുണ്ടാകും എന്ന ഇരട്ടത്താപ്പിനെക്കുറിച്ച് നിലപാടു പറയൂ.
ആ ചോദ്യത്തിനോട് വാ തുറക്കാതെ ഉരുണ്ടു കളിച്ചിട്ടെന്തു കാര്യം? എൻടിപിസിയ്ക്കും എൻഎച്ച്എഐയ്ക്കും കിഫ്ബിയ്ക്കുമൊക്കെ ഒരേ നിയമവും ഭരണഘടനയും തന്നെയാണ് ബാധകമാവുക എന്നാണ് ഞങ്ങളുടെ നിലപാട്. മറിച്ചൊരു നിലപാട് നിങ്ങൾക്കുണ്ടോ? ജനങ്ങളോട് തെളിച്ചു പറയൂ.സിഎജിയുടെ കരടു റിപ്പോർട്ടിലെ പരാമർശം വെച്ചെല്ലേ ഖജനാവിന് 375 കോടിയുടെ നഷ്ടമുണ്ടായെന്ന കള്ളക്കഥ പ്രചരിപ്പിച്ചത്? യഥാർത്ഥ റിപ്പോർട്ടിൽ അങ്ങനെയൊരു പരാമർശമുണ്ടോയെന്നും ഐസക് ചോദിച്ചു.