റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയിൽ റിപ്പോർട്ട് സർക്കാർ അനുകൂലം
ഡൽഹി : റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയിൽ വച്ചു . കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ആണ് റിപ്പോര്‍ട്ട് സഭയിൽ വച്ചത് . വിമാനങ്ങളുടെ അന്തിമവില സംബന്ധിച്ച വിവരം റിപ്പോര്‍ട്ടിൽ ഇല്ല . അടിസ്ഥാന വില യുപിഎയുടെ കാലത്തേക്കാളും 2.86% കുറവെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. റഫാലിനേക്കാളും കുറഞ്ഞ വില മറ്റ് കമ്പനികള്‍ വാഗ്ദാനം ചെയ്തില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പുതിയ കരാര്‍ അനുസരിച്ച് വിമാനങ്ങൾ വേഗത്തിൽ കിട്ടുമെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു
141 പേജുള്ള റിപ്പോര്‍ട്ടില്‍ 32 പേജാണ് കരാറിനെ കുറിച്ച് പറയുന്നത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭാ നടപടികള്‍ 12 മണിവരെ നിര്‍ത്തിവച്ചു.അടിസ്ഥാന വിവരങ്ങള്‍ പോലും മറച്ച് വച്ചാണ് റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് സഭയില്‍ വച്ചത്.
2 ജി സ്പെക്ട്രം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഓരോ സാമ്പത്തിക ഇടപാടുകളും പ്രത്യേകം പരിശോധിച്ചിരുന്നുവെങ്കിലും റഫേലില്‍ ഇത്തരത്തില്‍ ഒരു പരിശോധന നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.
യുപിഎ ഭരണ കാലത്തേതിനെക്കാള്‍ 9 ശതമാനം വില കുറവാണ് പുതിയ റിപ്പോര്‍ട്ടില്‍ എന്ന എന്‍ഡിഎയുടെ അവകാശവാദം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പൊളിഞ്ഞു.2.86 ശതമാനം വ്യത്യാസം മാത്രമാണ് മുന്‍ റിപ്പോര്‍ട്ടില്‍ നിന്നും പുതിയ റിപ്പോര്‍ട്ടില്‍ ഉള്ളതെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.വിമാന വിലകളെക്കുറിച്ച് പരാമര്‍ശം പോലും റിപ്പോര്‍ട്ടില്‍ ഇല്ല. കരാറില്‍ കൂടുതല്‍ വിലപേശല്‍ നടത്താമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്ര മന്ത്രിസഭയെ പിടിച്ച് കുലുക്കിയ റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് സഭയിലെത്തുന്നത് സഭയുടെ അവസാന ദിവസമാണെന്നത് കൂടുതല്‍ ചര്‍ച്ചകളിലേക്ക് ഈ റിപ്പോര്‍ട്ടിന്‍ കൊണ്ടുപോവാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നതിന്‍റെ തെളിവാണ്.
ഇടപാടിനെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് സിഎജിയുടേത്. എന്നാല്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് സഭയില്‍ അംഗങ്ങള്‍ക്ക് ലഭിക്കുന്നതിനും മുന്നേ ദേശീയ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.12 മണിക്ക് മാത്രമാണ് റിപ്പോര്‍ട്ട് ലോക്സഭയ്ക്ക് സമര്‍പ്പിക്കുന്നത് എന്നാല്‍ 11 മണി മുതല്‍ തന്നെ ദേശീയ മാധ്യമങ്ങള്‍ ഇതിന്‍റെ പകര്‍പ്പ് പ്രദര്‍ശിപ്പിച്ചുകൊണ്ട് രംഗത്തുവന്നു. ഇത് സഭയുടെ പരമാധികാരത്തിന്‍റെ ലംഘനമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.