പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ ശരണ്യയെ സ്ഥലത്തെത്തിച്ചു തെളിവെടുത്തു

ഇടയ്ക്ക് ശരണ്യ വിതുമ്പുന്നുണ്ടായിരുന്നു. കടപ്പുറത്ത് മകനെ എവിടെ എറിഞ്ഞാണ് കൊലപ്പെടുത്തിയതെന്ന് ശരണ്യ അന്വേഷണ ഉദ്യേഗസ്ഥർക്ക് മുമ്പാകെ കാണിച്ചു കൊടുത്തു.

0

കണ്ണൂർ : കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ശരണ്യയെ വീട്ടിലും കുഞ്ഞിനെ വലിച്ചെറിഞ്ഞ പാറക്കെട്ടിലും പൊലീസ് തെളിവെടുപ്പിന് എത്തിച്ചു. ശരണ്യയെ സംഭവ സ്ഥലത്ത് എത്തിച്ചപ്പോള്‍ നാട്ടുകാര്‍ അസഭ്യവര്‍ഷവുമായി നേരിട്ടു. വീട്ടിലെത്തിച്ചപ്പോള്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കാമുകനൊത്തുളള ജീവിതത്തിനായി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായി ആസൂത്രണം ചെയ്താണ് ശരണ്യ കുഞ്ഞിനെ കൊന്നതെന്ന് പോലീസ് പറയുന്നു.ആദ്യം വീട്ടിലും അതിനുശേഷം തയ്യിൽ കടപ്പുറത്ത് എത്തിച്ചുമാണ് തെളിവെടുപ്പ് നടത്തിയത്. രാവിലെ മൂന്നുമണിക്ക് മകന് പാല് കൊടുത്തതിനു ശേഷം ഉറക്കി വീടിന്‍റെ പിന്നിലൂടെ എടുത്തുകൊണ്ടു വന്ന് കടലിലേക്ക് എറിഞ്ഞു കൊല്ലുകയായിരുന്നു. ആദ്യത്തെ തവണ എറിഞ്ഞപ്പോൾ മകൻ ഉണരുകയും കരയുകയും ചെയ്തു. തുടർന്ന് വീണ്ടും മകനെ കടലിലേക്ക് എടുത്ത് എറിയുകയായിരുന്നു.

വലിയ പ്രതിഷേധത്തോടെയും ബഹളങ്ങളോടെയും ആയിരുന്നു ആളുകൾ തെളിവെടുപ്പിന് ശരണ്യയെ എത്തിച്ചപ്പോൾ പ്രതികരിച്ചത്. ശരണ്യയെ തങ്ങൾക്ക് വിട്ടുതരാൻ നാട്ടുകാർ പൊലീസിനോട് ആവശ്യപ്പെട്ടു. ആദ്യം വീട്ടിലാണ് തെളിവെടുപ്പിനായി ശരണ്യയെ എത്തിച്ചത്. വലിയ കരച്ചിലുംബഹളവുമായിരുന്നു ശരണ്യയെ വീട്ടിലെത്തിച്ചപ്പോൾ ഉണ്ടായത്. ഇതിനിടയിലൂടെയാണ് പൊലീസ് ശരണ്യയുമായി വീട്ടിലെ തെളിവെടുപ്പിനു ശേഷം തയ്യിൽ കടപ്പുറത്ത് എത്തിച്ചായിരുന്നു തെളിവെടുത്തത്. അവിടെയും നാട്ടുകാർ പിന്തുടർന്നെത്തി. ശരണ്യയ്ക്ക് നേരെ നാട്ടുകാർ അസഭ്യവർഷം നടത്തി. കടപ്പുറത്ത് തെളിവെടുപ്പ് നടത്തുന്നതിനിടെ ഇടയ്ക്ക് ശരണ്യ വിതുമ്പുന്നുണ്ടായിരുന്നു. കടപ്പുറത്ത് മകനെ എവിടെ എറിഞ്ഞാണ് കൊലപ്പെടുത്തിയതെന്ന് ശരണ്യ അന്വേഷണ ഉദ്യേഗസ്ഥർക്ക് മുമ്പാകെ കാണിച്ചു കൊടുത്തു.

ശരണ്യയുടെ വസ്ത്രങ്ങൾ നേരത്തെ തന്നെ ഫോറൻസിക് വകുപ്പ് പരിശോധനയ്ക്കായി എടുത്തിരുന്നു.ക്രൂരമായ കൊലപാതകം നടന്നത് ഇങ്ങനെ,തിങ്കളാഴ്ച രാവിലെ മൂന്ന് മണിയോടു കൂടിയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. മത്സ്യ തൊഴിലാളിയായ അച്ഛൻ വത്സരാജ് കടലിൽ ജോലിക്ക് പോയ ദിവസം അകന്നുകഴിയുന്ന ഭർത്താവ് പ്രണവിനെ ശരണ്യ വിളിച്ചുവരുത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രി അവർ ശരണ്യയുടെ വീട്ടിൽ ഒരുമിച്ച് താമസിച്ചു.

തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെ ശരണ്യ എഴുന്നേറ്റു . പ്രണവിനൊപ്പം കിടന്നുറങ്ങുകയായിരുന്നു ഒന്നരവയസുകാരൻ വിയാൻ. പതുക്കെ എടുത്തപ്പോൾ കുഞ്ഞ് കരഞ്ഞു. അപ്പോൾ പാലു കൊടുത്ത് ശാന്തനാക്കി. പിന്നീട് കുഞ്ഞുമായി കടൽക്കരയിലേക്ക് നീങ്ങി, എന്നിട്ട് കടലിലേക്ക് വലിച്ചെറിഞ്ഞു. കടൽ ഭിത്തിയിലെ പാറകളിൽ വീണ് പരിക്കേറ്റ കുട്ടി കരഞ്ഞു നിലവിളിച്ചു. ശബ്ദം നാട്ടുകാരെ ഉണർത്തും എന്ന് മനസ്സിലാക്കിയ ശരണ്യ വീണ്ടും ഇറങ്ങി ചെന്ന് കുട്ടിയെ എടുത്ത് ഒന്നുകൂടി കടലിലേക്ക് എറിഞ്ഞു.

വീട്ടിലേക്ക് മടങ്ങിയ ശരണ്യ കിടന്നുറങ്ങി. രാവിലെ സാധാരണഗതിയിൽ എന്നപോലെ എഴുന്നേറ്റ് കുട്ടിയെ കാണാനില്ലെന്ന് മുറവിളികൂട്ടി. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കടൽഭിത്തിയിൽ കണ്ടെത്തി. വിയാനെ കൊന്നത് പ്രണവ് ആണെന്ന് എല്ലാവരും സംശയിച്ചു.എന്നാൽ കണ്ണൂർ ഡിവൈഎസ്പി പി പി സദാനന്ദനും സിറ്റി സ്റ്റേഷനിൽ സി ഐ പിആർ സതീശനും ശരണ്യയെ പൂർണമായി വിശ്വസിച്ചില്ല. ശരണ്യയുടെ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ കടലിലേക്ക് പോയത് ശരണ്യ ആണെന്ന് തെളിഞ്ഞു. ഭർത്താവ് പ്രണവിന്റെ സുഹൃത്ത് നിതിനുമായി ശരണ്യ അടുപ്പത്തിലായിരുന്നു. പ്രണവ് വിദേശത്ത് ജോലി ചെയ്യുന്ന സമയത്തായിരുന്നു അടുപ്പം തുടങ്ങിയത്. അവർ ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചു.കുട്ടിയെയും ഭർത്താവിനെയും ഒരുമിച്ച് ഒഴിവാക്കാനുള്ള ശരണ്യയുടെ പദ്ധതി പക്ഷേ വിജയിച്ചില്ല. പ്രണവിന്റെ തലയിൽ കൊല കുറ്റം കെട്ടിവെക്കാൻ ശരണ്യ മൊഴി നൽകിയെങ്കിലും പൊലീസ് അതെല്ലാം ആഴത്തിൽ പരിശോധിച്ചു. തെളിവുകളെല്ലാം ശരണ്യയ്ക്ക് എതിരായിരുന്നു. ഒടുവിൽ പൂർണമായും കുടുങ്ങി എന്ന് വ്യക്തമായ ശരണ്യ കുറ്റം ഏറ്റുപറഞ്ഞു.ഒരു പ്രണയവിവാഹത്തിന്റെ ദുരന്തപൂർണമായ പര്യവസാനത്തിനാണ് കണ്ണൂർ തയ്യിൽ കടപ്പുറം നിവാസികൾ സാക്ഷിയായത്.

You might also like

-