65 തരം വിഭവങ്ങളുമായി നിയമസഭയിൽ മുഖ്യമന്ത്രിയുടെ അത്യുഗ്രൻ ഓണസദ്യ

രാഷ്ട്രീയ, കലാ, സാംസ്കാരിക, ആത്മീയ, ബിസിനസ് രംഗങ്ങളിലെ പ്രമുഖര്‍ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെത്തി ഓണസദ്യ കഴിച്ചു. 

0

തിരുവനന്തപുരം: പൗരപ്രമുഖര്‍ക്കായി വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ മന്ദിരത്തിലാണ് മുഖ്യമന്ത്രി അത്യുഗ്രൻ ഓണസദ്യ ഒരുക്കിയത്. രാഷ്ട്രീയ, കലാ, സാംസ്കാരിക, ആത്മീയ, ബിസിനസ് രംഗങ്ങളിലെ പ്രമുഖര്‍ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെത്തി ഓണസദ്യ കഴിച്ചു.

പ്രോട്ടോക്കോള്‍ വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിയത്. അഞ്ച് കൂട്ടം പായസവും രണ്ട് തരം പഴങ്ങളും രണ്ട് വീതം പപ്പടവും ഉള്‍പ്പെടെ 65 വിഭവങ്ങളാണ് മുഖ്യമന്ത്രിയുടെ ഓണ സദ്യയെ ഗംഭീരമാക്കിയത്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന് പുറത്ത് മുഖ്യമന്ത്രി മുഖ്യാതിഥികളെ വരവേറ്റു. മുഖ്യമന്ത്രിക്കൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.

മുഖ്യമന്ത്രി ഒരുക്കിയ ഓണസദ്യ, ആറൻമുള വള്ളസദ്യയേക്കാൾ ഗംഭീരമായിരുന്നുവെന്ന് സംഗീതജ്ഞ ഡോ. കെ ഓമനക്കുട്ടി മുഖ്യമന്ത്രിയോട് പറഞ്ഞു.

എംഎല്‍എ ഹോസ്റ്റല്‍വളപ്പിലെ പുതിയ പമ്പ ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തിയതിന് ശേഷമാണ് മുഖ്യമന്ത്രി നിയമസഭാമന്ദിരത്തിൽ ഓണസദ്യ ഒരുക്കിയത്. അതേസമയം ശിലാസ്ഥാപന ചടങ്ങില്‍ ആശംസയര്‍പ്പിക്കാനെത്തിയ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഓണസദ്യയ്ക്കെത്തിയില്ല. എന്നാല്‍ മുസ്ലിംലീഗിന്റെതുള്‍പ്പെടെ പ്രതിപക്ഷത്തുനിന്ന് ഉൾപ്പടെയുള്ള ഏതാനും എംഎല്‍എമാര്‍ വിരുന്നിനെത്തി.

സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, ജി.ആർ. അനിൽ, കെ. കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, റോഷി അഗസ്റ്റിൻ, എം.പിമാരായ ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ, സി.പി.ഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, ഇ. ചന്ദ്രശേഖരൻ, കോൺഗ്രസ്- എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രൻ, ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ, സംസ്ഥാന ചീഫ്സെക്രട്ടറി ഡോ. വി.വേണു, അഡി. ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരൻ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ, സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ ബിശ്വാസ് മേത്ത എന്നിവർ പങ്കെടുത്തു.

You might also like

-