കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും പ്രശ്നങ്ങളിൽ പരസ്പരം കൈത്താങ്ങാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

അതേ സഹവർതിത്വവും സഹകരണവുമാണ് കേരളവും തമിഴ്നാടും തമ്മിലുള്ളത്. സഹകരണാത്മക ഫെഡറലിസത്തിൻ്റെ ഉദാഹരണമായാണ് തമിഴ്നാടും കേരളവും മുന്നോട്ട് പോകുന്നത്. വെറും വാക്കിലല്ല, പ്രവൃത്തികളിലും അത് കാണാനാവും. ഭാവിയിൽ അത്തരം നിലപാടുകളുമായാണ് ഇരു സംസ്ഥാനങ്ങളും മുന്നോട്ട് പോവുന്നതെന്നും മുഖ്യമന്ത്രി

വൈക്കം|കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും പ്രശ്നങ്ങളിൽ പരസ്പരം കൈത്താങ്ങാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാടുമായുള്ള സഹകരണ മനോഭാവം ഇനിയും മുന്നോട്ട് കൊണ്ടുപോകുമെന്നും അതിനുള്ള അവസരങ്ങൾ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വൈക്കം ബീച്ചിൽ നടന്ന തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കോൺഗ്രസ് നേതാക്കളിൽ യാഥാസ്ഥിതിക ചിന്തയുണ്ടെന്ന് തിരിച്ചറിഞ്ഞ് ഇടതുപക്ഷ ആശയത്തോടടുത്തയാളാണ് പെരിയാർ. സ്റ്റാലിൻ്റെ സാന്നിധ്യം പെരിയാർ സ്മാരക ഉദ്ഘാടനത്തെ മഹത്വമുള്ളതാക്കുന്നു. പ്രത്യയശാസ്ത്രങ്ങൾ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണമെന്നാണ് പെരിയാറിൻ്റെ കാഴ്ച്ചപ്പാട്. അതിർവരമ്പുകൾക്കപ്പുറത്തെ സഹവർതിത്വവും സഹകരണവുമാണ് വൈക്കം സത്യാഗ്രഹത്തിൽ കണ്ടത്.

അതേ സഹവർതിത്വവും സഹകരണവുമാണ് കേരളവും തമിഴ്നാടും തമ്മിലുള്ളത്. സഹകരണാത്മക ഫെഡറലിസത്തിൻ്റെ ഉദാഹരണമായാണ് തമിഴ്നാടും കേരളവും മുന്നോട്ട് പോകുന്നത്. വെറും വാക്കിലല്ല, പ്രവൃത്തികളിലും അത് കാണാനാവും. ഭാവിയിൽ അത്തരം നിലപാടുകളുമായാണ് ഇരു സംസ്ഥാനങ്ങളും മുന്നോട്ട് പോവുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്നാണ് നിർവഹിച്ചത്. പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം നടന്നു. കേരള മന്ത്രിമാരായ വി എൻ വാസവനും സജി ചെറിയാനും തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുകൻ, ഇ വി വേലു, എം പി സ്വാമിനാഥൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 1985-ൽ കേരള സർക്കാർ വൈക്കം വലിയ കവലയിൽ നൽകിയ 84 സെൻ്റ് സ്ഥലത്ത് തന്തൈ പെരിയാർ സ്മാരകം പണിയാൻ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംജിആർ തീരുമാനിക്കുകയായിരുന്നു.അദ്ദേഹത്തിന്റെ നിർദേശപ്രകാരം തമിഴ്‌നാട് മന്ത്രി ഡോ. നാവലർ വി.ആർ. നെടുഞ്ചെഴിയൻ തറക്കല്ലിട്ടു. 1994-ൽ സ്മാരകം അദ്ദേഹം തന്നെ തുറന്നുകൊടുത്തു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 8.14 കോടി രൂപ മുതൽമുടക്കിയാണ് തമിഴ്നാട് സർക്കാർ സ്മാരകം നവീകരിച്ചത്.

You might also like

-