മാസപ്പടി കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മാസപ്പടി കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കും ഹൈക്കോടതി കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയിരുന്നു
കൊച്ചി | മാസപ്പടി കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യവാങ്മൂലം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എംആര്‍ അജയന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഹര്‍ജിയില്‍ പൊതുപര്യമില്ലെന്നും രാഷ്ട്രീയ ആക്രമണമാണ് ലക്ഷ്യം വെക്കുന്നതെന്നും പിണറായി വിജയന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.മാസപ്പടി കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കും ഹൈക്കോടതി കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയിരുന്നു. ഇതിനു മറുപടിയായി ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയത്. തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണ്. അഴിമതി അന്വേഷിക്കുന്ന ഏജന്‍സികളെ ഹര്‍ജിക്കാരന്‍ സമീപിച്ചില്ല. പകരം ഹൈക്കോടതിയിലേക്കാണ് എത്തിയത്. ഹര്‍ജിയില്‍ പൊതുപര്യമില്ലെന്നും രാഷ്ട്രീയ ആക്രമണമാണ് ലക്ഷ്യം വെക്കുന്നതെന്നും പിണറായി വിജയന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. എല്ലാ നിലവാരവും ഉയര്‍ത്തിപ്പിടിച്ചാണ് തന്റെ അഞ്ച് പതിറ്റാണ്ട് കാലത്തെ പൊതുജീവിതം. പൊതുതാത്പര്യ ഹര്‍ജിയിലെ ആക്ഷേപങ്ങളില്‍ അടിസ്ഥാനമില്ല. പൊതുതാത്പര്യ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും മുഖ്യമന്ത്രി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.
സിഎംആര്‍എല്ലില്‍ നിന്ന് ഒരു നിയമ വിരുദ്ധ നേട്ടവും കൈപ്പറ്റിയിട്ടില്ല. മകള്‍ വീണ ടിയുടെ കമ്പനിയായ എക്സാലോജിക് വഴിയും ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. എക്സാലോജിക് വഴി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നത് തെറ്റായ ആക്ഷേപമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സത്യത്തെ മറയ്ക്കാനും രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയുമാണ് തനിക്കെതിരെ ആക്ഷേപം ഉയര്‍ത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎംആര്‍എല്‍- എക്സാലോജിക് ഇടപാട് സ്വകാര്യ കരാറാണ്. അതില്‍ തനിക്ക് ഒരു പങ്കുമില്ല. മകള്‍ക്ക് നേട്ടമുണ്ടാക്കാനായി സിഎംആര്‍എലിനെ സ്വാധീനിച്ചിട്ടില്ല.താന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നും സിഎംആര്‍എലില്‍ നിന്ന് പണം കൈപ്പറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ സ്വത്തുക്കളില്‍ ക്രമരഹിതമായ വര്‍ദ്ധനയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാണ്. വിഷയത്തിലെ വിജിലന്‍സ് അന്വേഷണ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിട്ടുണ്ട്. സിബിഐ അന്വേഷണ ആവശ്യം തള്ളണമെന്നും മുഖ്യമന്ത്രി സത്യവാങ്മൂലത്തില്‍ കൂട്ടിച്ചേര്‍ത്തു.