മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് രോഗമുക്തനായി ആശുപത്രി വിട്ടു
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് നെഗറ്റീവായത്.ഒപ്പം നിന്ന എല്ലാവർക്കും നന്ദിയറിയിച്ച പിണറായി
കോഴിക്കോട്:കോവിഡ് ബാധിച്ചതിനെത്തുടർന്നു കോഴിക്കോട് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് രോഗമുക്തനായി ആശുപത്രി വിട്ടു. കണ്ണൂരിലെ സ്വവസതിയിലേക്ക് മടങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് നെഗറ്റീവായത്.ഒപ്പം നിന്ന എല്ലാവർക്കും നന്ദിയറിയിച്ച പിണറായി, മികച്ച രീതിയിലുള്ള പരിചരണമാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും ലഭ്യമാക്കിയതെന്നും ജനങ്ങളിൽ നിന്നും വലിയ മാനസികമായ പിന്തുണ ലഭിച്ചതെന്നും ഫേസ്ബുക്കിൽ കുറിച്ചു.
ഇക്കഴിഞ്ഞ എട്ടിനാണ് കൊവിഡ് ബാധിതനായി മുഖ്യമന്ത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിക്കൊപ്പം രോഗബാധിതനായ കൊച്ചുമകൻ ഇഷാനും രോഗമുക്തനായി. നിരീക്ഷണത്തിലായിരുന്ന ഭാര്യ കമല കഴിഞ്ഞ ദിവസം രോഗ ബാധിത ആയെങ്കിലും മറ്റ് ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ അവരും ഇന്ന് ആശുപത്രി വിട്ടു. നേരത്തെ രോഗബാധിതയായിരുന്ന മുഖ്യമന്ത്രിയുടെ മകൾ വീണയും ഭർത്താവ് മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസം നെഗറ്റിവായിരുന്നു.