മാവോവാദി ആക്രമണം രഹസ്യാന്വേഷണ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍
മാവോവാദി നീക്കത്തെ ബാധിക്കുമെന്നതിനാല്‍ അവര്‍ ആക്രമണം നടത്തുകയായിരുന്നു. ഇതില്‍ മറ്റ് തരത്തിലുള്ള ഇന്റലിജന്‍സ് വീഴ്ച ഉണ്ടായിട്ടില്ല
റായ്പുര്‍: ഛത്തീസ്ഗഢിലെ മാവോവാദി ആക്രമണവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. മാവോവാദികള്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.മാവോവാദി മേഖലകളില്‍ സൈന്യം ക്യാമ്പുകള്‍ സജ്ജീകരിച്ചതാണ് മാവോവോദികളെ പ്രകോപിപ്പിച്ചത്. രണ്ടായിരത്തോളം സൈനികരാണ് ഈ ദൗത്യവുമായി ബിജാപുര്‍-സുക്മ മേഖലയിലേക്ക് പോയത്. മാവോവാദി നീക്കത്തെ ബാധിക്കുമെന്നതിനാല്‍ അവര്‍ ആക്രമണം നടത്തുകയായിരുന്നു. ഇതില്‍ മറ്റ് തരത്തിലുള്ള ഇന്റലിജന്‍സ് വീഴ്ച ഉണ്ടായിട്ടില്ല. ഈ മേഖലയില്‍ സൈന്യം ഇനിയും കൂടുതല്‍ ക്യാമ്പുകള്‍ സജ്ജീകരിക്കും. ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റമുട്ടലില്‍ പരിക്കേറ്റ സൈനികരെ ബാഗേല്‍ സന്ദര്‍ശിച്ചു. റായ്പുരിലെ രാമകൃഷ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൈനികരെയാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ഏറ്റുമുട്ടലില്‍ മാവോവാദികള്‍ക്കും കനത്ത ആള്‍നഷ്ടം ഉണ്ടായിട്ടുണ്ടെന്നും സംഘത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ചയാണ് ഛത്തീസ്ഗഢിലെ ബിജാപുര്‍-സുക്മ ജില്ലകളുടെ അതിര്‍ത്തിയില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടല്‍ ഉണ്ടായത്. 22 ജവാന്മാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ രഹസ്യാന്വേഷണ വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രദേശത്ത് മാവോവാദിനീക്കം നടക്കുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ സേനയെ അറിയിച്ചിരുന്നു. എന്നാല്‍, അതെത്രത്തോളമെന്ന വിവരം ഉണ്ടായിരുന്നില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചിലിന് ഇറങ്ങിയ സുരക്ഷാസൈനികരെ കാത്ത് നിലയുറപ്പിച്ച മാവോവാദി സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണ മേഖലയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്ന് സന്ദര്‍ശനം നടത്തുന്നുണ്ട്.