2019ലെ പ്രളയം മുതൽ വയനാട് ദുരന്ത വരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132,62,00,000 ലക്ഷം രൂപ കേരളം നൽകണമെന്ന് കേന്ദ്രം

ആദ്യദിനമായ ഓഗസ്റ്റ് മുപ്പതിന് മാത്രം ചെലവ് 8,91,23,500 രൂപ. ഇത്തരത്തിൽ വിവിധ ദിവസങ്ങളിലായി വയനാട്ടിൽ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് ആകെ നൽകേണ്ടത് 69,65,46,417 രൂപ.

തിരുവനന്തപുരം| പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെടുന്നത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷൽ നൽകിയ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

രാജ്യത്തെ നടുക്കിയ വയനാട് ദുരന്തത്തിൽ മറക്കാനാകാത്ത ദൃശ്യങ്ങളിലൊന്നാണിത്. നിസ്സഹായരായ മനുഷ്യരെ വിവിധ ഘട്ടങ്ങളിലായി സൈന്യം ദുരന്ത ഭൂമിയിൽ നിന്ന് പുറത്തെത്തിച്ചു. രാജ്യം കയ്യടിച്ച ആദ്യ ദിനത്തിലെ ഈ സേവനത്തിന് വ്യോമസേനക്ക് കേരളം നൽകേണ്ട തുകയുടെ കണക്കാണിത്. ആദ്യദിനമായ ഓഗസ്റ്റ് മുപ്പതിന് മാത്രം ചെലവ് 8,91,23,500 രൂപ. ഇത്തരത്തിൽ വിവിധ ദിവസങ്ങളിലായി വയനാട്ടിൽ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് ആകെ നൽകേണ്ടത് 69,65,46,417 രൂപ.

വയനാടുകൊണ്ട് മാത്രം ബാധ്യത തീരുന്നില്ല. 2019 ലെ പ്രളയത്തിലും തുടര്‍ന്ന് വയനാട് ഉരുൾപ്പൊട്ടലുണ്ടായപ്പോഴും വ്യോമസേന എയര്‍ലിഫ്റ്റിംഗ് സേവനം നൽകിയിരുന്നു. ഇതിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് ആവശ്യം. കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം കേരളം തിരിച്ചടക്കേണ്ടത് 132,62,00,000 രൂപയാണ്. അടിയന്തരമായി തിരിച്ചടക്കണമെന്ന് ചീഫ് സെക്രട്ടറിക്കാണ് കത്ത്.വയനാട് ധനസഹായത്തെ ചൊല്ലി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ തമ്മിൽ വലിയ വാദ പ്രതിവാദത്തിലാണ്. പുനരധിവാസത്തിന് ചില്ലിക്കാശ് കിട്ടിയില്ലെന്ന കേരളത്തിന്റെ വലിയ പരാതി നിലനിൽക്കെയാണ് എസ്ഡിആര്‍എഫിലെ നീക്കിയിരിപ്പിൽ നിന്ന് വലിയൊരു തുക കേന്ദ്രം തിരിച്ച് ചോദിക്കുന്നതും.

You might also like

-