മെഡിക്കൽ കോളേജ്ജ് അഴിമതി ഹൈക്കോടതി ജഡ്ജിക്കെതിരെ കേസെടുക്കാൻ സിബിഐക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി

2017 ലാണ് ജസ്റ്റിസ് എസ്.എൻശുക്ലയ്‌ക്കെതിരെ അഴിമതിയാരോപണം ഉയർന്നത്. തുടർന്ന് ഇതേപ്പറ്റി അന്വേഷിക്കാൻ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജഡ്ജിമാരുടെ പാനൽ രൂപീകരിക്കുകയും ആരോപണങ്ങൾ ശരിയാണെന്ന് അന്വേഷണ സമിതി കണ്ടെത്തുകയും ചെയ്തിരുന്നു

0

ഡൽഹി :മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട അഴിമതിയിൽ ആരോപണ വിധേയനായ ഹൈക്കോടതി ജഡ്ജിക്കെതിരെ കേസെടുക്കാൻ സിബിഐക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അനുമതി നൽകി. അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ്.എൻ ശുക്ലയ്‌ക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയത്. എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യമെഡിക്കൽ കോളേജുകളെ നിയമവിരുദ്ധമായി സഹായിച്ചുവെന്നാണ് ജസ്റ്റിസ് ശുക്ലയ്‌ക്കെതിരെയുള്ള ആരോപണം.

സുപ്രീം കോടതി ഉത്തരവിനെ മറികടന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് വിദ്യാർത്ഥി പ്രവേശനത്തിനുള്ള സമയപരിധി നീട്ടി നൽകിയെന്ന കണ്ടെത്തലിലാണ് സിബിഐ ഇപ്പോൾ അഴിമതിക്കേസ് രജിസ്റ്റർ ചെയ്യാനൊരുങ്ങുന്നത്. സിറ്റിങ് ജഡ്ജിമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി ആവശ്യമായ സാഹചര്യത്തിലാണ് സിബിഐ ഇതിനായി സുപ്രീം കോടതിയെ സമീപിച്ചത്.

2017 ലാണ് ജസ്റ്റിസ് എസ്.എൻശുക്ലയ്‌ക്കെതിരെ അഴിമതിയാരോപണം ഉയർന്നത്. തുടർന്ന് ഇതേപ്പറ്റി അന്വേഷിക്കാൻ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജഡ്ജിമാരുടെ പാനൽ രൂപീകരിക്കുകയും ആരോപണങ്ങൾ ശരിയാണെന്ന് അന്വേഷണ സമിതി കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം മുതൽ ജസ്റ്റിസ് ശുക്ലയെ ജുഡീഷ്യൽ ചുമതലകളിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തിരുന്നു

You might also like

-