വയനാട്ടിൽ കുരങ്ങു പനി ബാധിച്ച് വീട്ടമ്മ മരിച്ചു
മാര്‍ച്ച് അഞ്ച് മുതല്‍ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
കൽപ്പറ്റ :വയനാട് കാട്ടിക്കുളത്ത് കുരങ്ങ് പനി Cassanor Forest Disease (CFD) ബാധിച്ച് വീട്ടമ്മ മരിച്ചു. വയനാട് നാരങ്ങാക്കുളം കോളനി സ്വദേശി മീനാക്ഷിയാണ് മരിച്ചത്. മാര്‍ച്ച് അഞ്ച് മുതല്‍ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കുരങ്ങുപനി മരണമാണിത്. ജില്ലയിൽ കുരങ്ങുപനിയെത്തുടര്‍ന്ന് 13 പേർ നിരീക്ഷണത്തിലാണ്
കുരങ്ങുകളിലും മറ്റും കാണുന്ന ചെള്ളുകളിലൂടെ പകരുന്ന ഒരു അസുഖമാണ് കുരങ്ങ് പനി അഥവാ ക്യാസനുർ ഫോറെസ്റ്റ് ഡിസീസ്(സി.എഫ്.ഡി). കർണ്ണാടകയിലെ ശിമോഗ്ഗ ജില്ലയിലാണ് ഇന്ത്യയിൽ ആദ്യമായി കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. 1957ലായിരുന്നു അത്. വനത്തിനടുത്ത് താമസിക്കുന്നവരിൽ പ്രത്യേകിച്ച് കുരങ്ങ് പോലുള്ള ജീവികളുമായി ഇടപിഴക്കുന്നവരിലാണ് രോഗം പടരുന്നതായി കണ്ടെത്തിയത്.
ഫ്‌ളാവിവൈറസ് ജനുസ്സിൽ പെട്ട രോഗാണുവാണ് കുരങ്ങ് പനി പരത്തുന്നത്. മൃഗങ്ങളിൽ കാണപ്പെടുന്ന ചെള്ളുകളിലൂടെ മാത്രമേ ഈ വൈറസിന് നിലനിൽക്കാനാകൂ. അതുകൊണ്ടുതന്നെ മൃഗങ്ങളിൽ നിന്നുമാത്രമേ ഈ രോഗം മനുഷ്യരിലേക്ക് പകരുകയുള്ളൂ. കൂടിയ അളവിലുള്ള പനി, ക്ഷീണം, ചൂട്, ഛർദി, മനംപുരട്ടൽ, അതിസാരം മുതലായവയാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ