“മൗനം വെടിഞ്ഞു കാനം” മരം മുറി ഉത്തരവില്‍ പിശകില്ലെന്ന്
കര്‍ഷകര്‍ക്ക് വേണ്ടി ഇനിയും ഉത്തരവുകളുണ്ടാവുമെന്നും കാനം പറഞ്ഞു.മരംമുറിയുമായി ബന്ധപ്പെട്ട് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത് സർവ കക്ഷി യോഗത്തിന്റെ തീരുമാനമനുസരിച്ചാണ് . ഉത്തരവിൽ ഒരു വീഴ്ചയുമില്ല. പിഴവുള്ളതുകൊണ്ടല്ല ദുരുപയോഗം ചെയ്തതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നും കാനം പറഞ്ഞു
തിരുവനന്തപുരം : ഒടുവിൽ മരംമുറി ഉത്തരവിൽ പ്രതികരിച്ച് സി പി ഐ സംസ്ഥാന സെകട്ടറി കാനം രാജേന്ദ്രൻ . മരം മുറി സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ പിശകില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു . റവന്യൂ വകുപ്പിന്റെ ഉത്തരവ് എല്‍.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണ്. ഉത്തരവ് നടപ്പാക്കിയപ്പോഴാണ് പിഴവുണ്ടായത്. കര്‍ഷകര്‍ക്ക് വേണ്ടി ഇനിയും ഉത്തരവുകളുണ്ടാവുമെന്നും കാനം പറഞ്ഞു.മരംമുറിയുമായി ബന്ധപ്പെട്ട് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത് സർവ കക്ഷി യോഗത്തിന്റെ തീരുമാനമനുസരിച്ചാണ് . ഉത്തരവിൽ ഒരു വീഴ്ചയുമില്ല. പിഴവുള്ളതുകൊണ്ടല്ല ദുരുപയോഗം ചെയ്തതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നും കാനം പറഞ്ഞു .
2016 ൽ തുടങ്ങിയ ചർച്ചയുടെ ഭാഗമായുള്ളതാണ് ഉത്തരവ്. പത്ത് സർവകക്ഷിയോഗങ്ങൾ ഉത്തരവിറങ്ങുന്നതിന് മുൻപ് കേരളത്തിൽ നടന്നിട്ടുണ്ട്. അതിൽ ഏഴെണ്ണം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് നടന്നത്. മലയോര മേഖലയിലെ കർഷകര്‍ അടക്കമുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ചർച്ചകളിൽ പ്രാധാന്യം നൽകിയത്. അതിൽ ഇന്ന് നിയമസഭയിൽ കക്ഷികളായിട്ടുള്ള എല്ലാ പാർട്ടികളും എല്ലാ കർഷകരും ഈ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതനുസരിച്ച് കേരള സർക്കാർ രാഷ്ട്രീയമായെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഉത്തരവ് പുറത്തിറക്കിയത്.
1964 ലെ ഭൂപതിവ് ചട്ടപ്രകാരം അനുവദിച്ച പട്ടയഭൂമിയിലെ മരവിലയടച്ച് റിസർവ് ചെയ്ത മരങ്ങൾ കൃഷിക്കാരന് അവകാശപ്പെട്ടതാണ്. പക്ഷേ, വെട്ടാൻ പലരും അനുവദിക്കാറില്ല. സംസ്ഥാനത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് കൃഷിക്കാരന് ചെയ്യാനുള്ള ആനുകൂല്യം നൽകണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് വന്നത്. കേരളത്തിൽ പത്ത് തരം പട്ടയത്തിൽ ഒരെണ്ണത്തിൽ മാത്രമാണ് ഈ അനുവാദം കൊടുത്തിട്ടുള്ളത്. ഉത്തരവിൽ വ്യക്തത വരുത്താനാണ് സർക്കുലർ പുറത്തിറക്കിയത്. ഉത്തരവ് സംബന്ധിച്ച് കളക്ടർമാർ അടക്കമുള്ളവരെല്ലാം ഉന്നയിച്ച സംശയങ്ങൾക്കെല്ലാം അപ്പപ്പോൾ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്.
വയനാട്ടിൽ തന്നെ 46 വില്ലേജുകളിൽ മുട്ടിൽ സൗത്ത് വില്ലേജിൽ മാത്രമാണ് മരം മുറിക്കാനുള്ള അനുവാദം കൊടുത്തത്. വയനാട് കളക്ടറുടെ ഉത്തരവിനെ ലംഘിച്ച് വില്ലേജ് ഓഫീസർ അനുവാദം കൊടുത്തപ്പോൾ വില്ലേജ് ഓഫീസറെ സസ്പെന്റ് ചെയ്തു. ഡെപ്യൂട്ടി തഹസിൽദാരെയും തഹസിൽദാരെയും സ്ഥലം മാറ്റി. മരംകൊണ്ടുപോകാനുള്ള ട്രാൻസ്പോർട്ടേഷൻ പാസ് പട്ടയ വിശദാംശങ്ങളില്ലാത്തതിനാൽ ഡിഎഫ്ഒ നിഷേധിച്ചു. അതിനെതിരെ അവർ കോടതിയിൽ പോയി. കോടതിയിൽ അവ സംരക്ഷിത മരങ്ങളാണെന്ന് സർക്കാർ പ്ലീഡർ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിൽ കോടതി അനുമതി നിഷേധിച്ചു. അങ്ങനെ അനുമതി നിഷേധിച്ചതിനെ തുടർന്ന് മുറിച്ചെടുത്ത മരങ്ങളെല്ലാം സർക്കാരിന്റെ കസ്റ്റഡിയിലുണ്ട്.
പട്ടയ ഭൂമിയിൽ നിന്ന് അനധികൃതമായി മരം മുറിച്ച് മാറ്റിയതിന് 42 കേസുകൾ എടുത്തിട്ടുമുണ്ട്. നിയമപരമായി തെറ്റ് ചെയ്തവരുടെ പേരിൽ കേസെടുക്കുകയും മരങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു കഴിഞ്ഞ ശേഷം പിന്നെ എങ്ങനെയാണ് ജാഗ്രതക്കുറവുണ്ടാകുന്നതെന്നും എവിടെയാണ് കൊള്ളയെന്നും കാനം ചോദിച്ചു.
ഉത്തരവ് റദ്ദാക്കാൻ വൈകിയിട്ടില്ല. മരംമുറിച്ചെന്ന പരാതി ജനുവരിയിലാണ് വരുന്നത്. അത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ റദ്ദാക്കാനുള്ള നടപടിയും തുടങ്ങി. ഉത്തരവ് ദുരുപയോഗം കേരളമൊട്ടാകെ ഉണ്ടെന്ന പ്രചാരണവും തെറ്റാണ്. ഉത്തരവിനെ കുറിച്ച് സർക്കാർ തലത്തിലോ വകുപ്പ് തലത്തിലോ ഭിന്നതയില്ല. ഉണ്ടെന്ന് വരുത്തിത്തീർക്കാനാണ് മാധ്യമങ്ങളടക്കം ശ്രമിക്കുന്നത്. ഉത്തരവ് ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ വനം, റവന്യു, നിയമ വകുപ്പുകൾ കൂടിയാലോചിച്ച് പുതിയ പ്രൊപ്പോസൽ വേണമെന്ന് കഴിഞ്ഞ റവന്യു മന്ത്രി ഫയലിൽ എഴുതിയിട്ടുണ്ട്. പുതിയ സർക്കാർ അക്കാര്യം പരിഗണിക്കും. നിയമ വകുപ്പിന്റെ അനുമതി വാങ്ങിയില്ലെന്ന വിമർശനത്തിൽ അഡ്മിനിസ്ട്രേറ്റീവ് വകുപ്പിന് വ്യക്തതയുള്ള കാര്യം നിയമവകുപ്പിന്റെ പരിഗണനക്ക് പോകണമെന്ന് വ്യവസ്ഥയില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
പുകമറ പരത്താൻ ശ്രമിക്കുന്നതുപോലെ യാതൊരു കാര്യവും സംഭവത്തിലില്ല. വൻകിടക്കാരെ സംരക്ഷിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ല. കർഷകർക്കൊപ്പം തന്നെയാണ് നിലകൊള്ളുകയെന്നും കാനം വ്യക്തമാക്കി.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ദുരുപയോഗം ചെയ്താണ് വ്യാപകമായി മരംകൊള്ള നടന്നത്. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ സി.പി.ഐ നേതൃത്വം തയ്യാറായിരുന്നില്ല. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം കാനം പറഞ്ഞത്.ഭൂനിയമത്തിലെ സങ്കീര്‍ണത മുതലെടുത്ത് ചിലര്‍ നിയമം തെറ്റിദ്ധരിപ്പിച്ചതാണെന്ന് റവന്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. എല്ലാ പട്ടയഭൂമിയിലെയും മരം മുറിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ഈട്ടി, തേക്ക് തുടങ്ങിയവ സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും മുന്‍ റവന്യൂ മന്ത്രി പറഞ്ഞു.