ജോലിക്ക് കോഴ ! ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് പരാതിക്കാരൻ പറഞ്ഞ അഖിൽ സജീവിനെതിരെ കൂടുതൽ പരാതി.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ പണം തട്ടിയതെന്നും അഭിഭാഷകൻ പറഞ്ഞു. പിന്നീട് സിപിഎം ഇടപെട്ട് പണം തിരികെ നൽകിയെന്നും തന്റെ പരാതിയെ തുടർന്നാണ് അഖിലിനെതിരെ സിപിഎം നടപടി എടുത്തതെന്നും ശ്രീകാന്ത് വ്യക്തമാക്കി

0

തിരുവനന്തപുരം | ആരോ​ഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ഉയർന്ന സംഭവത്തിൽ, ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് പരാതിക്കാരൻ പറഞ്ഞ അഖിൽ സജീവിനെതിരെ കൂടുതൽ പരാതി. നോർക്ക റൂട്ടിൽ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയെടുത്തതായി അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ പണം തട്ടിയതെന്നും അഭിഭാഷകൻ പറഞ്ഞു. പിന്നീട് സിപിഎം ഇടപെട്ട് പണം തിരികെ നൽകിയെന്നും തന്റെ പരാതിയെ തുടർന്നാണ് അഖിലിനെതിരെ സിപിഎം നടപടി എടുത്തതെന്നും ശ്രീകാന്ത് വ്യക്തമാക്കി. നോർക്ക റൂട്ട്സിൽ ഭാര്യക്ക് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് അഖിൽ സജീവ് പണം വാങ്ങിയതെന്നും അഡ്വക്കേറ്റ് ശ്രീകാന്ത് വിശദമാക്കി.

”2019 മുതൽ തുടർന്ന് വരുന്ന തട്ടിപ്പാണിത്. 2019 ൽ ഞാൻ കോഴിക്കോട് പ്രാക്ടീസ് ചെയ്യുകയാണ്. എന്റെ കൂടെയുണ്ടായിരുന്ന ഒരു അഡ്വക്കേറ്റ് മുഖേനയാണ് ഈ കാര്യം വന്നത്. അന്ന് നോർക്ക റൂട്ട്സിൽ ജോലി ഒഴിവുണ്ട്. 10 ലക്ഷം തന്നാൽ ജോലി തരാം എന്നാണ് എന്നെ സമീപിച്ചത്. ആദ്യം സമീപിച്ചത് പാർട്ടിയുടെ അനുഭാവി ആയിരുന്നു. അയാളാണ് അഖിൽ സജീവിന്റെ കോണ്ടാക്റ്റ് നമ്പർ തന്നത്. അഖിൽ സജീവിനെ പരിചയപ്പെടുത്തുന്നത്. സിഐടിയുവിന്റെ പത്തനംതിട്ട ഓഫീസ് സെക്രട്ടറിയാണെന്ന് പറഞ്ഞാണ് എന്നെ പരിചയപ്പെടുത്തിയത്. മന്ത്രിമാരുമായി അടുപ്പമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അടുപ്പമുണ്ട്. വാങ്ങുന്ന പൈസ മുഴുവൻ എനിക്ക് വേണ്ടിയല്ല, ഈ ഉദ്യോ​ഗസ്ഥർക്കും മന്ത്രിമാരുടെ ആൾക്കാർക്കും കൊടുക്കാൻ വേണ്ടിയാണ്. എന്ന് പറഞ്ഞാണ് എന്നോട് 5 ലക്ഷം വാങ്ങിയത്. വാങ്ങി 2 കൊല്ലം കഴിഞ്ഞിട്ടും ജോലി ശരിയാകാത്തത് കൊണ്ടാണ് ഞാൻ അന്വേഷിച്ചു വരുമെന്ന് പറഞ്ഞത്. പത്തനംതിട്ടയിൽ അഖിൽ സജീവിന്റെ കെയറോഫിൽ റൂമടക്കം ബുക്ക് ചെയ്ത് തന്നു. അവിടെ അഖിൽ സജീവ് ഉൾപ്പെടെ മൂന്ന് പേർ ഉണ്ടായിരുന്നു. അന്ന് തത്ക്കാലം നിങ്ങൾക്ക് സ്പൈസസ് ബോർഡില് ടെംപററി അപ്പോയ്മെന്റ് ഉണ്ട് അവിടെ തരാം എന്ന് പറഞ്ഞ് അതിന്റെ പേരിൽ തിരികെ പോരുകയാണുണ്ടായത്. അതും നടപ്പാക്കാതെ വന്നപ്പോഴാണ് ഞാൻ പാർട്ടിയുമായി ബന്ധപ്പെടുകയും പാർട്ടിക്കാർ അഖിലിലെ വിളിച്ച് സംസാരിക്കുകയും അഖിൽ സജീവ് ഇങ്ങനെയൊരു പരാതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പത്തനെതിട്ട ജില്ലാ സെക്രട്ടറിയുടെയും സിഐടിയു ജില്ലാ പ്രസിഡന്റിനെയും വിളിച്ച് പറഞ്ഞത് പ്രകാരം അഖിലെന്നെ വിളിക്കുകയും ചെയ്തു. എന്റെ മാനം നഷ്ടപ്പെട്ടു, സ്ഥാനം നഷ്ടപ്പെട്ടു, അവരെന്നെ മാറ്റിനിർത്തിയിട്ടുണ്ട്. അത് നിങ്ങള് കാരണമാണ് എന്നൊക്കെ പറഞ്ഞു. പിന്നെയും രണ്ട് കൊല്ലം കഴിഞ്ഞ് മെയിലാണ് പണം തന്നു തീർക്കുന്നത്. അഖിൽ എന്നെ വൈകാരികമായി ഭീഷണിപ്പെടുത്തി. ഇനി എന്തെങ്കിലും ചെയ്താൽ ഞാനും എന്റെ ഭാര്യയും കുട്ടിയും ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞതിനാൽ ഞാൻ പിന്നെ പൊലീസ് നടപടികളിലേക്കൊന്നും പോയില്ല.” അഡ്വക്കേറ്റ് ശ്രീകാന്ത് പറഞ്ഞു.

You might also like

-