ബെംഗളൂരു മയക്കുമരുന്ന് കേസ് അറസ്റ്റിലായ സഞ്ജന ഗൽറാണി ലഹരികടത്തിലെ 30 പ്രമുഖരുടെ പേരുകൾ വെളിപ്പെടുത്തി
ചലച്ചിത്രരംഗത്തെ പ്രമുഖരും രാഷ്ട്രീയനേതാക്കളുടെയും ഉന്നതോദ്യോഗസ്ഥരുടെയും മക്കളും ഇതിലുൾപ്പെടും.
ബെംഗളൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സഞ്ജന ഗൽറാണി ലഹരിമരുന്ന് ഇടപാടിൽ ഉൾപ്പെട്ട 30 പ്രമുഖരുടെ പേരുകൾ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.ഇവരിൽ ഭൂരിഭാഗം പേരും ചലച്ചിത്രരംഗത്തെ പ്രമുഖരും രാഷ്ട്രീയനേതാക്കളുടെയും ഉന്നതോദ്യോഗസ്ഥരുടെയും മക്കളും ഇതിലുൾപ്പെടും.
രണ്ടുനടിമാരെയും ‘നിംഹാൻസി’നുകീഴിലുള്ള വനിതാകേന്ദ്രത്തിൽ വെവ്വേറെയാണ് ചോദ്യംചെയ്യുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചെന്നും അരൂർ സ്വദേശി നിയാസ് മുഹമ്മദ് സുഹൃത്താണെന്നും സഞ്ജന സമ്മതിച്ചു. പാർട്ടികളിലേക്ക് നിയാസ് കേരളത്തിൽനിന്നാണ് ലഹരിയെത്തിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഇവർ രഹസ്യമായി പാർട്ടികൾ സംഘടിപ്പിച്ചിരുന്നു. പാർട്ടികളിൽ പങ്കെടുത്ത പ്രമുഖരുടെ വിവരങ്ങളും ലഭിച്ചു. ലഹരിമരുന്നുപയോഗത്തിൽ രണ്ടുനടിമാരും വെളിപ്പെടുത്തിയ പ്രമുഖരുടെ പേരുകൾ ഒന്നുതന്നെയാണെന്നും അന്വേഷണസംഘം പറഞ്ഞു. എം.പി.മാരുടെയും എം.എൽ.എ.മാരുടെയും മക്കളും ഉൾപ്പെടും. എന്നാൽ, ഇവർക്കെതിരേ നടപടിയെടുക്കുന്നതിന് ആവശ്യമായ തെളിവുകളില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ നടിയെക്കുറിച്ചുള്ള വിവരവും ലഭിച്ചിട്ടുണ്ട്. ഈ നടിയുടെ വീട്ടിൽ റെയ്ഡ് നടത്താനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.
അതേസമയം ലഹരിമരുന്നുകേസിൽ കന്നഡ സിനിമാമേഖലയിലെ റെയ്ഡിന്റെ വിവരം രണ്ടുമാസംമുമ്പ് പ്രതികൾക്ക് ചോർന്നുകിട്ടിയതായി അന്വേഷണസംഘം. പോലീസിൽനിന്നാണ് വിവരം ചോർന്നതെന്നാണു കരുതുന്നത്.കന്നഡ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, ലഹരിപ്പാർട്ടികൾ സംഘടിപ്പിക്കുന്ന വിരൺ ഖന്ന എന്നിവരുടെ വീടുകളിലാണ് സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) റെയ്ഡ് നടത്തിയത്. രാഗിണി ദ്വിവേദിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് സി.സി.ബി. റെയ്ഡ് വിവരം ചോർന്നതായി വെളിപ്പെടുത്തിയത്. കേസിന് അന്തസ്സംസ്ഥാന, വിദേശബന്ധങ്ങളുണ്ടെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കോടതിയെ അറിയിച്ചു.
കേസിലെ പ്രതികളായ രാഗണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കർ, ബിസിനസുകാരൻ പ്രശാന്ത് രംഗ എന്നിവർ തമ്മിലുള്ള മൊബൈൽ ചാറ്റിൽനിന്നാണ് റെയ്ഡിന്റെ വിവരം ചോർന്ന കാര്യം കണ്ടെത്തിയത്. ഇവർ തമ്മിൽ 23 സന്ദേശങ്ങളാണ് കൈമാറിയത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും നിശാക്ലബ്ബുകളിലും നടന്ന പാർട്ടികളിലേക്ക് ലഹരിമരുന്നെത്തിച്ചത് രവിശങ്കറും പ്രശാന്ത് രംഗയുമാണ്. കേസിൽ അന്വേഷണം നടത്തുന്ന ജോയന്റ് പോലീസ് കമ്മിഷണർ സന്ദീപ് പാട്ടിൽ റെയ്ഡിന് തയ്യാറെടുക്കുന്നുണ്ടെന്നാണ് സന്ദേശത്തിലുള്ളത്. ആഫ്രിക്കക്കാരൻ ലോംപെപ്പർ സാംബയോട് രവിശങ്കർ ലഹരിമരുന്ന് ആവശ്യപ്പെട്ടതിന്റെ വിവരവും മൊബൈൽഫോണിൽനിന്നു ലഭിച്ചു. രവിശങ്കറും ലോം പെപ്പർ സാംബയും തമ്മിൽ ലഹരിമരുന്നിടപാടിന് 12 തവണ ‘ചാറ്റ്’ചെയ്തിരുന്നു.