പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം നാളെ മുതല്‍‌; ചൈനീസ് പ്രകോപനവും കോവിഡ് പ്രതിസന്ധിയും ചർച്ച ചെയ്യും .

ജെഡിയു എംപി ഹരിവംശ് നാരായണ്‍ സിങ്ങാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആര്‍ജെഡി നേതാവ് മനോജ് ഝായാണ് പ്രതിപക്ഷത്തിനായി മല്‍സരിക്കുന്നത്. ലോക്സഭാ സ്പീക്കർ ഓം ബിർലയുടെ അധ്യക്ഷതയിൽ രാവിലെ കാര്യോപദേശക സമിതി യോഗം ചേർന്നു

0

ഡൽഹി :പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങും. പാര്‍ലമെന്‍റിന്‍റെ ചരിത്രത്തിലെ അസാധാരണ സമ്മേളനമാണ്. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേയ്ക്ക് നാളെ തിരഞ്ഞെടുപ്പ് നടക്കും. ജെഡിയു എംപി ഹരിവംശ് നാരായണ്‍ സിങ്ങാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആര്‍ജെഡി നേതാവ് മനോജ് ഝായാണ് പ്രതിപക്ഷത്തിനായി മല്‍സരിക്കുന്നത്. ലോക്സഭാ സ്പീക്കർ ഓം ബിർലയുടെ അധ്യക്ഷതയിൽ രാവിലെ കാര്യോപദേശക സമിതി യോഗം ചേർന്നു. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം വെട്ടിക്കുറക്കാനുള്ള ബിൽ ചൊവാഴ്ച്ച ചർച്ച കൂടാതെ പാസാക്കാൻ തീരുമാനമായി.
ചൈനീസ് പ്രകോപനവും കോവിഡ് പ്രതിസന്ധിയും ചര്‍ച്ചചെയ്യും . സ്വർണക്കടത്ത് കേസിന്റെ വിശദാംശങ്ങൾ ധനമന്ത്രാലയത്തോട് യുഡിഎഫ് എംപിമാർ രേഖാമൂലം ചോദിച്ചിട്ടുണ്ട്. ഡൽഹി കലാപക്കേസിലെ അനുബന്ധ കുറ്റപത്രത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പേര് ഉൾപ്പെടുത്തിയത് ഇടത് എംപിമാർ ഉന്നയിക്കും.

എംപി ഫണ്ട് ഒഴിവാക്കുന്നതിനെ പ്രതിപക്ഷം എതിർക്കുന്നു. ആരോഗ്യപ്രവർത്തകർക്ക് നേരെയുളള അക്രമങ്ങൾ തടയാനുള്ള ബില്ലും ചൊവ്വാഴ്ച്ച ലോക്സഭ പരിഗണിക്കും. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന ആവശ്യം കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി കാര്യോപദേശക സമിതി യോഗത്തിൽ ഉന്നയിച്ചെങ്കിലും കേന്ദ്ര സർക്കാർ പ്രതികരിച്ചില്ല. കൊടിക്കുന്നിൽ സുരേഷിനെയാണ് ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തേയ്ക്ക് കോൺഗ്രസ് പരിഗണിക്കുന്നത്. 18 ദിവസം നീളുന്ന വർഷകാല സമ്മേളനത്തില്‍ 33 ബില്ലുകള്‍ പാസാക്കാനാണ് നീക്കം. നാല് മണിക്കൂര്‍ വീതം ദിവസവും ഇരുസഭകളും ചേരും. ശനിയും ഞായറും അവധിയില്ല. എംപിമാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ചോദ്യോത്തരവേളയില്ല. ശൂന്യവേള അര മണിക്കൂര്‍. ഹാജര്‍ രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്പ്.

You might also like

-