വെഞ്ഞാറമൂട് ഇരട്ടക്കൊല സംഭവസ്ഥലത്ത് 12 പേരുണ്ടായിരുന്നെന്ന് പോലീസ്
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സംഭവം നടന്ന സ്ഥലത്ത് 12 പേർ ഉണ്ട് എന്നാണ് പൊലീസ് അനുമാനം
തിരുവനന്തപുരം :വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നാളെ അപേക്ഷ നൽകും. കൃത്യം നടന്ന സ്ഥലത്ത് പന്ത്രണ്ടോളം പേർ ഉണ്ടായിരുന്നതായാണ് വിലയിരുത്തൽ. പ്രതികൾ ആദ്യം നൽകിയ മൊഴികളിലെ വൈരുദ്ധ്യം വിശദമായി അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സംഭവം നടന്ന സ്ഥലത്ത് 12 പേർ ഉണ്ട് എന്നാണ് പൊലീസ് അനുമാനം. ഇതിൽ നാല് പേർ കൊല്ലപ്പെട്ട മിഥിലാജിനും ഹഖിനുമൊപ്പം ഉണ്ടായിരുന്നതാണ്. കേസിലെ പ്രധാന സാക്ഷിയായ ഷെഹിന് പുറമെ അപ്പു, ഗോകുൽ, റിയാസ് എന്നിവരാണ് മറ്റ് മൂന്ന് പേർ എന്നാണ് പോലീസ് പറയുന്നത്. ഇരട്ടക്കൊല നടന്ന സ്ഥലത്ത് 12 പേര്‍ ഉണ്ടായിരുന്നു . തിരിച്ചറിഞ്ഞത് 10 പേരെ മാത്രമാണ്. രണ്ടുപേര്‍ക്കായി അന്വേഷണം തുടരുന്നതായും പൊലീസ്.
പ്രതികളായ സജീവ്, ഉണ്ണി, അൻസാർ, സനൽ എന്നിവർക്ക് പുറമെ രണ്ട് പേർ കൂടി സ്ഥലത്തുണ്ടായിരുന്നു എന്നാണ് നിഗമനം. പക്ഷേ ഇതാരൊക്കെയാണെന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കൂടി ശേഖരിക്കാനാണ് പൊലീസ് തീരുമാനം. പ്രതികളെയെല്ലാം ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങാനാണ് അപേക്ഷ നൽകുക. ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് വഴി ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം.