ജോസ് കെ മാണിയുടെ പട പുറപ്പാട് വിപ്പ് ആയുധമാക്കി ജില്ലാകമ്മറ്റികൾ പിടിച്ചെടുക്കാൻ നീക്കം
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ വിധി പ്രകാരം രണ്ടില ചിഹ്നവും കേരളാ കോണ്‍ഗ്രസ് ( എം) എന്ന പാര്‍ട്ടി പേരും തുടര്‍ന്നുപയോഗിക്കാന്‍ ജോസ് വിഭാഗത്തിന് സാധിക്കും
കോട്ടയം: രണ്ടില ചിഹ്നം ലഭിച്ചതിന് പിന്നാലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വേഗം കൂട്ടി ജോസ് കെ മാണി. പാര്‍ട്ടി ജില്ലാ നേതൃയോഗങ്ങള്‍ ഉടന്‍ വിളിച്ച് ചേര്‍ക്കും. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിക്കുകയും എന്നാല്‍ ജോസഫ് പക്ഷത്തിനൊപ്പം പോവുകയും ചെയ്ത തദ്ദേശഭരണ സ്ഥാപനങ്ങളിലേതുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കെതിരായ അയോഗ്യതാ നടപടികള്‍ക്ക് ജില്ലാ നേതൃയോഗങ്ങള്‍ രൂപം നല്‍കും.രണ്ടില ചിഹ്നത്തിൽ വിജയിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനികള്‍ മറ്റ് വിഭാഗങ്ങളിലേക്ക് പോയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയുള്ള കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കാനുള്ള നടപടികള്‍ക്ക് നേതൃയോഗം രൂപം നല്‍കും.
കേരളാ കോണ്‍ഗ്രസ്സ് ജില്ലാ നേതൃയോഗങ്ങള്‍ ഇന്ന് മുതൽ തുടങ്ങും. രണ്ടില ചിഹ്നവും, കേരളാ കോണ്‍ഗ്രസ്സ് എന്ന പേരും ജോസ് കെ.മാണി വിഭാഗത്തിന് ലഭിച്ച സാഹചര്യത്തിലാണ് നടപടി. ജില്ലകളില്‍ നിന്നുള്ള സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളും, സംസ്ഥാന കമ്മറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. നാളെ രണ്ടു മണിക്ക് കോട്ടയം ജില്ലാ നേതൃയോഗം പാര്‍ട്ടി സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടക്കും.ജോസഫ് വിഭാഗത്തിന്‍റെ നീക്കവും നിർണ്ണായകമാണ്
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ വിധി പ്രകാരം രണ്ടില ചിഹ്നവും കേരളാ കോണ്‍ഗ്രസ് ( എം) എന്ന പാര്‍ട്ടി പേരും തുടര്‍ന്നുപയോഗിക്കാന്‍ ജോസ് വിഭാഗത്തിന് സാധിക്കും. പാര്‍ട്ടി അധികാര തര്‍ക്കത്തില്‍ നിര്‍ണായക വിജയം നേടിയതോടെ പി.ജെ ജോസഫിനൊപ്പം പോയവരെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് ജോസ്. കെ.മാണി പയറ്റുന്നത്.ഇതിന്റെ ഭാഗമായി രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച എല്ലാ ജനപ്രതിനിധികളും തിരിച്ചെത്തണമെന്ന് ജോസ്. കെ. മാണി വിഭാഗം ആവശ്യപ്പെട്ടുകഴിഞ്ഞു. മടങ്ങിയെത്താത്തവര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജില്ലാ നേതൃയോഗങ്ങള്‍ ഇക്കാര്യങ്ങള്‍ക്ക് അന്തിമ രൂപം നല്‍കും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിക്കെതിരെ കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങാനുള്ള നീക്കങ്ങളാണ് പി.ജെ. ജോസഫ് നടത്തുന്നത്. ജോസ്.കെ. മാണി തിരികെ യുഡിഎഫിലേക്ക് വരാതിരിക്കാന്‍ കടുത്ത സമ്മര്‍ദം തുടരുകയാണ് ജോസഫ് പക്ഷം.