കോവിഡ് ചികിത്സക്ക് “ആടലോടകത്തിനും ചിറ്റമൃതി”നുമുള്ള ശേഷി പഠിക്കാനും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താനും ആയുഷ് മന്ത്രാലയത്തിന്റെ അനുമതി
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്‌ഐആർ) സഹകരണത്തോടെ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എഐഐഎ) ആണു പഠനം നടത്തുന്നത്
കൊല്ലം : കോവിഡ് രോഗലക്ഷണങ്ങളും അസ്വസ്ഥതകളും ശമിപ്പിക്കാൻ ആടലോടകത്തിനും ചിറ്റമൃതിനുമുള്ള ശേഷി പഠിക്കാനും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താനും ആയുഷ് മന്ത്രാലയത്തിന്റെ അനുമതി. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്‌ഐആർ) സഹകരണത്തോടെ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എഐഐഎ) ആണു പഠനം നടത്തുന്നത്. കേരളത്തിലെ ആയുർവേദ ഗവേഷകരും പങ്കാളികളായേക്കും.
സംഘം തയാറാക്കുന്ന റിപ്പോർട്ടും ചികിത്സാ പ്രോട്ടോക്കോളും വിവിധ മേഖലകളിലെ വിദഗ്ധർ അവലോകനം ചെയ്യും. ആടലോടകവും ചിറ്റമൃതും ചേർത്തു തയാറാക്കുന്ന കഷായം നൽകുന്നതിലൂടെ രോഗമുക്തി ലഭിക്കുമോയെന്നാണു പഠിക്കുക. ആയുർവേദത്തിൽ ആടലോടകം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുന്നുണ്ട്. പനി, ജലദോഷം, നീർവീഴ്ച തുടങ്ങിയവയ്ക്കുള്ള പ്രതിവിധിയായാണു ചിറ്റമൃത് ഉപയോഗിക്കുന്നത്.