അടിമാലി മച്ചിപ്ലാവില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്

പറുക്കുടി സിറ്റിയില്‍ തമ്പടിച്ച കാട്ടു പോത്തിനെ തുരത്താന്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്.

0

അടിമാലി :മച്ചിപ്ലാവില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്.ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടു പോത്തിനെ തിരികെ വനത്തില്‍ കയറ്റി വിടാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് മച്ചിപ്ലാവ് പറുക്കുടി സ്വദേശിയായ ബിനോയിയെ പോത്താക്രമിച്ചത്.പറുക്കുടി സിറ്റിയില്‍ തമ്പടിച്ച കാട്ടു പോത്തിനെ തുരത്താന്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്.

ബുധനാഴ്ച്ച വൈകുന്നേരം 3 മണിയോടെയായിരുന്നു മച്ചിപ്ലാവ് സ്വദേശി പറുക്കുടിയില്‍ ബിനോയിയെ കാട്ടുപോത്താക്രമിച്ചത്.ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടുപോത്തിനെ തുരത്താന്‍ വനംവകുപ്പുദ്യോഗസ്ഥര്‍ക്കൊപ്പം ശ്രമിക്കുന്നതിനിടയില്‍ ബിനോയി കാല്‍വഴുതി പോത്ത് നിന്നിരുന്നിടത്തേക്ക് വീഴുകയും തുടര്‍ന്ന് പോത്താക്രമിക്കുകയുമായിരുന്നു.കാലിന് പരിക്കേറ്റ ബിനോയിയെ ഉടന്‍ തന്നെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു.ബുധനാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പറുക്കുടി സിറ്റിയില്‍ കാട്ടു പോത്തിറങ്ങിയത്.നാട്ടില്‍ വളര്‍ത്തുന്ന പോത്താണെന്ന് തെറ്റിദ്ധരിച്ച് പ്രദേശവാസികള്‍ ആദ്യം സംഭവം ഗൗരവത്തിലെടുത്തില്ല.നേരം പുലര്‍ന്നതോടെ ജനവാസമേഖലയില്‍ ഇറങ്ങിയത് കാട്ടുപോത്താണെന്ന് ആളുകള്‍ തിരിച്ചറിയുകയും വനംവകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു.

പ്രദേശവാസികളുടെ നേതൃത്വത്തില്‍ രാവിലെ പോത്തിനെ വനത്തിനുള്ളിലേക്ക് തിരികെ കയറ്റിവിടാന്‍ ശ്രമിച്ചെങ്കിലും പോത്ത് പ്രകോപിതനായതോടെ നാട്ടുകാര്‍ പിന്തിരിഞ്ഞു.തുടര്‍ന്ന് പോത്ത് ജനവാസ മേഖലയോട് ചേര്‍ന്നുള്ള വിജനമായ സ്ഥലത്ത് തമ്പടിച്ചു.രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കുരങ്ങാട്ടിയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ പോത്ത് തന്നെയാണ് മച്ചിപ്ലാവിലും എത്തിയിട്ടുള്ളതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.മയക്കുവെടി വച്ച് പോത്തിനെ തുരത്താനുള്ള സാഹചര്യമല്ലെന്നും വനംവകുപ്പിന്റെ തന്നെ വിഭാഗമായ ആര്‍ ആര്‍ ടിയുടെ സഹായത്തോടെ പോത്തിനെ വന്നവഴി തന്നെ തിരികെ വനത്തിനുള്ളിലേത്ത് കയറ്റിവിടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.ഫയര്‍ഫോഴ്‌സും പോലീസും കാട്ടുപോത്തിനെ തുരത്താനായി വനംവകുപ്പുദ്യോഗസ്ഥര്‍ക്കൊപ്പമുണ്ട്.

അതേസമയം അടിമാലി ഗ്രാമപഞ്ചായത്തിലെ കുരങ്ങാട്ടി മേഖലയില്‍ കാട്ടുപോത്തിറങ്ങിയത് കോളനി നിവാസികളെ ഭയചകിതരാക്കുന്നു.ഞായറാഴ്ച്ച രാത്രി പതിനൊന്നരയോടെയായിരുന്നു കാട്ടുപോത്ത് കുരങ്ങാട്ടി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന് സമീപമുള്ള ജനവാസമേഖലയില്‍ സ്വരൈ്യ വിഹാരം നടത്തിയത്.നിലവില്‍ കോളനിക്ക് സമീപമുള്ള മൂത്താശ്ശേരി വനത്തിനുള്ളിലേക്ക് കാട്ടുപോത്ത് പോയെങ്കിലും വീണ്ടും കാട്ടുപോത്തുകള്‍ കൂട്ടമായി ഇറങ്ങുമോയെന്ന ആശങ്കയാണ് പ്രദേശവാസികള്‍ക്കുള്ളത്

കോളനിക്കുള്ളിലുള്ള മുട്ടത്ത് സജിയുടെ താല്‍ക്കാലിക ഷെഡില്‍ കാട്ടുപോത്ത് കിടന്നതിന്റെ സൂചനകളുണ്ട്.സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലും സമീപത്തെ പാടത്തും കാട്ടുപോത്തിന്റെ കുളമ്പടികള്‍ പതിഞ്ഞിട്ടുണ്ട്.കാട്ടുപോത്ത് മൂത്താശ്ശേരി വനത്തിനുള്ളിലേക്ക് പോയതായി കണക്കാക്കുമ്പോഴും പോത്തുകള്‍ വീണ്ടും കൂട്ടമായി ഇറങ്ങുമോയെന്ന ആശങ്ക പ്രദേശവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നു.കഴിഞ്ഞ ദിവസം കോളനിക്കുള്ളില്‍ തന്നെ പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടതായുള്ള അഭ്യൂഹം പരന്നിരുന്നു.ഇതിനെ തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയെങ്കിലും കൂടുതലായൊന്നും കണ്ടെത്താനായില്ല.വന്യ ജീവികളുടെ സാന്നിധ്യം സ്ഥിരമായതോടെ കുരങ്ങാട്ടിവഴി മാങ്കുളത്തേക്കുള്ള രാത്രിയാത്രയും സുരക്ഷിതമല്ലാതായി.

You might also like

-