എയിംസില്‍ കുരുങ്ങി ബി ജെ പി; സുരേഷ് ഗോപിയും ബി ജെ പി നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നത.

പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്ന് സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനമെന്നാണ് ബി ജെ പിയുടെ ആരോപണം.

കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ബി ജെ പി നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നത. പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്ന് സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനമെന്നാണ് ബി ജെ പിയുടെ ആരോപണം. ആലപ്പുഴ പിന്നോക്കാവസ്ഥയിലാണന്നും, രാഷ്ട്രീയ കാരണങ്ങളാല്‍ ആലപ്പുഴയില്‍ എയിംസ് വേണ്ടെന്നു വെച്ചാൽ തൃശൂരിൽ സ്ഥാപിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ കഴിഞ്ഞ ദിവസം പറഞ്ഞത്.

പാര്‍ട്ടിയുമായി ചര്‍ച്ച നടത്താതെ കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടിയുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന് നേരത്തെ തന്നെ സുരേഷ് ഗോപിക്കെതിരെ ബി ജെ പി നേതാക്കള്‍ക്ക് പരാതിയുണ്ട്. പാര്‍ട്ടിയുടെകൂടി അഭിപ്രായം തേടാതെ കലുങ്ക് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതും, വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്നതും വരുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമോ എന്ന ആശങ്കയാണ് നേതൃത്വത്തിനുള്ളത്. കോഴിക്കോട് ജില്ലാ കമ്മിറ്റിയും കാസര്‍ഗോഡ് ജില്ലാ നേതൃത്വവും സുരേഷ് ഗോപിയുടെ നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു.

കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി ജെ പി നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നോക്കാവസ്ഥയിലുള്ള കാസര്‍ഗോഡ് ജില്ലയില്‍ എയിംസ് അനുവദിക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം. തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിയുടെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളില്‍ ഒന്ന് കേരളത്തില്‍ എയിംസ് അനുവദിക്കുമെന്നായിരുന്നു. എന്നാല്‍ കേരളത്തില്‍ എയിംസ് എത്തിക്കാന്‍ സുരേഷ് ഗോപിക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ കേന്ദ്രബജറ്റില്‍ കേരളത്തിന് പ്രത്യേകിച്ച് ഒരു കേന്ദ്ര പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നില്ല. ഇതോടെ സുരേഷ് ഗോപി പ്രതിരോധത്തിലായി.

You might also like

-