ഉന്നാവ് പീഡന കേസ് ബി ജെ പി എം എൽ എ കുല്‍ദീപ് സെനഗര്‍ കുറ്റക്കാരനാണെന്ന് കോടതി
ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറും കൂട്ടാളികളുമാണ് കേസിലെ പ്രതികള്‍. 2017ല്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെ സെന്‍ഗര്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്
ഡൽഹി :ഉന്നാവ് പീഡന കേസ് കുല്‍ദീപ് സെനഗര്‍ കുറ്റക്കാരനാണെന്ന് കോടതി. ഡല്‍ഹി പ്രത്യേക കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലാണ് സെനഗര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഡല്‍ഹി തീസ് ഹസാരെ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. കൂട്ടുപ്രതി ശശി സിങ്ങിനെ വെറുതെ വിട്ടു.
13 പ്രോസിക്യൂഷന്‍ സാക്ഷികളെയും 9 പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ച ശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്. അടച്ചിട്ട കോടതി മുറിയിൽ സാക്ഷി മൊഴികൾ രേഖപ്പെടുത്തുന്നത് ഡിസംബർ 2ന് പൂർത്തിയായിരുന്നു. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറും കൂട്ടാളികളുമാണ് കേസിലെ പ്രതികള്‍. 2017ല്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെ സെന്‍ഗര്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്.
സംഭവം നടക്കുമ്പോള്‍ പരാതിക്കാരിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഐ.പി.സിയിലെയും പോക്സോയിലെയും വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ കത്ത് പരിഗണിച്ചാണ് കേസുകള്‍ സുപ്രീംകോടതി ഡല്‍ഹി കോടതിയിലേക്ക് മാറ്റിയത്. അതേസമയം കൂട്ടബലാത്സംഗം, പിതാവിനെ അന്യായമായി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തല്‍, വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കല്‍ തുടങ്ങി മറ്റു നാല് കേസുകളില്‍ വിചാരണ തുടരുന്നുണ്ട്
കേസില്‍ ഇരയായ പെണ്‍കുട്ടിയെയും ബന്ധുക്കളെയും അഭിഭാഷകനെയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹി എയിംസില്‍ പെണ്‍കുട്ടി ചികിത്സയിലായിരിക്കെ മൊഴിയെടുക്കാന്‍ ആശുപത്രിയില്‍ പ്രത്യേക കോടതി സജ്ജീകരിച്ചിരുന്നു. പെണ്‍കുട്ടിയും കുടുംബവും ഇപ്പോള്‍ ഡല്‍ഹിയില്‍ സി.ആര്‍.പി.എഫ് സുരക്ഷയിലാണ് കഴിയുന്നത്.