കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും.മൊഴികളിൽ വൈരുദ്ധ്യം

ബി.ജെ.പി. നേതാവിന്റേയും പരാതിക്കാരന്റേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി .

0

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാറിനെ നാളെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുക. തൃശ്ശൂര്‍ പോലീസ് ക്ലബ്ബിലാകും ചോദ്യം ചെയ്യല്‍.കേസില്‍ കഴിഞ്ഞ ദിവസങ്ങളിലായി ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പണവുമായി വന്ന ധര്‍മരാജനും സംഘത്തിനും ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് നല്‍കിയത് തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഓഫീസ് സെക്രട്ടറിയായ സതീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹമത് പോലീസിനോട് സ്ഥിരീകരിക്കുകയും ചെയ്തതായാണ് വിവരം.ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ബിജെപിക്ക് വേണ്ടിയല്ല പണം കൊണ്ടുവന്നതെന്ന് നേതൃത്വം പറയുമ്പോഴും നേതാക്കള്‍ ഇടപ്പെട്ട് എന്തിനാണ് പണം കൊണ്ടുവന്നവര്‍ക്ക് സൗകര്യം ചെയ്ത് നല്‍കിയതെന്ന ചോദ്യമാണ് ഉയരുന്നത്.

അതേസമയം തൃശൂര്‍ കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. നേതാവിന്റേയും പരാതിക്കാരന്റേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി .കൊടകര ദേശീയപാതയില്‍ ക്രിമിനല്‍സംഘം തട്ടിയെടുത്ത മൂന്നരക്കോടി രൂപ കൊണ്ടുവന്നത് കോഴിക്കോട് സ്വദേശിയായ ധര്‍മരാജനായിരുന്നു. പരാതിക്കാരനായ ധര്‍മരാജന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയപ്പോള്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ ചുമതലയെക്കുറിച്ച് പറഞ്ഞിരുന്നില്ല. ധര്‍മരാജനെ ഫോണില്‍ വിളിച്ചത് തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനാണെന്ന് സംഘടനാ സെക്രട്ടറി എം.ഗണേഷ് മൊഴിനല്‍കിയിരുന്നു. ഇരുവരുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

അതുകൊണ്ടുതന്നെ, കൂടുതല്‍ ബി.ജെ.പി. നേതാക്കളെ ചോദ്യംചെയ്യേണ്ടി വരുമെന്ന് അന്വേഷണ സംഘം സൂചന നല്‍കി. ഇതിന്റെ ഭാഗമായി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ.കെ.അനീഷ്കുമാറിന്റെ മൊഴിയെടുക്കും. നാളെ പൊലീസ് ക്ലബിൽ ഹാജരാകാനാണ് നിർദ്ദേശം. അതേസമയം, പൊലീസ് നിയമപരിധിക്കപ്പുറത്താണ് കാര്യങ്ങള്‍ അന്വേഷിക്കുന്നതെന്ന് നിലപാടിലാണ് ബി.ജെ.പി. കവര്‍ച്ചക്കേസ് അന്വേഷിക്കേണ്ട പൊലീസ് പണത്തിന്റെ ഉറവിടവുമായി ബി.െജ.പിയെ ബന്ധപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് നേതാക്കള്‍ ആരോപിക്കുന്നു.

You might also like

-