ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക 16 ന്; കുമ്മനവും ശ്രീധരൻ പിള്ളയും ഡൽഹിക്ക്
പത്തനംതിട്ട അടക്കമുള്ള മണ്ഡലങ്ങളുടെ കാര്യത്തിൽ വലിയ വടംവലിയാണ് സംസ്ഥാന നേതാക്കൾക്കിടയിലുള്ളത്. പത്തനംതിട്ടയിൽ മത്സരിക്കാൻ പിഎസ് ശ്രീധരൻ പിള്ള ആഗ്രഹിക്കുന്നുണ്ട്. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് അമിത്ഷാ തന്നെ പറഞ്ഞ സാഹചര്യത്തിൽ തൃശൂര്‍ മണ്ഡലം തുഷാറിന് നൽകേണ്ടിവരുമെന്നാണ് വിലയിരുത്തൽ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പതിനാറിന് പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്‍റെ ഭാഗമായി കുമ്മനം രാജശേഖരനെയും ബിജെപി അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയേയും ബിജെപി ദേശീയ നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു.
തിരുവന്തപുരവും കോട്ടയവും ഒഴികെയുള്ള മണ്ഡലങ്ങളിൽ ഒറ്റ സ്ഥാനാര്‍ത്ഥി ധാരണയിലെത്താൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തും പിസി തോമസ് കോട്ടയത്തും മത്സരിക്കുമെന്നാണ് ധാരണ. പത്തനംതിട്ട അടക്കമുള്ള മണ്ഡലങ്ങളുടെ കാര്യത്തിൽ വലിയ വടംവലിയാണ് സംസ്ഥാന നേതാക്കൾക്കിടയിലുള്ളത്. പത്തനംതിട്ടയിൽ മത്സരിക്കാൻ പിഎസ് ശ്രീധരൻ പിള്ള ആഗ്രഹിക്കുന്നുണ്ട്. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് അമിത്ഷാ തന്നെ പറഞ്ഞ സാഹചര്യത്തിൽ തൃശൂര്‍ മണ്ഡലം തുഷാറിന് നൽകേണ്ടിവരുമെന്നാണ് വിലയിരുത്തൽ
ബിജെപി സാധ്യത കൽപ്പിക്കുന്ന പത്തംനംതിട്ടയോ തൃശൂരോ ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിൽ നിലപാടെടുത്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ മത്സരിക്കാനില്ലെന്ന് എംടി രമേശും നേതൃത്വത്തെ അറിയിച്ചു.പാലക്കാട് ശോഭാ സുരേന്ദ്രൻ സീറ്റ് ഉറപ്പിച്ചിരുന്നെങ്കിലും വി മുരളീധര വിഭാഗം സി കൃഷ്ണകുമാറിന്‍റെ പേരുമായി എത്തിയിട്ടുണ്ട്.