ബിനോയ് വിശ്വം വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി
പുതിയ സംസ്ഥാന കൗൺസിൽ ആണ് ബിനോയിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
കൊച്ചി:സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു.പുതിയ സംസ്ഥാന കൗൺസിൽ ആണ് ബിനോയിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയ് വിശ്വത്തിന്റെ പേര് നിർദ്ദേശിച്ചത് ഡി രാജയാണ്. ഇതാദ്യമായാണ് സംസ്ഥാന സമ്മേളനത്തിലൂടെ ബിനോയ് വിശ്വം സെക്രട്ടറി ആകുന്നത്. ഏകകണ്ഠമായി ബിനോയ് വിശ്വത്തിൻ്റെ പേര് അംഗീകരിക്കുകയായിരുന്നു.
പാർട്ടിയെ ഒറ്റകെട്ടായി മുന്നോട്ട് കൊണ്ടുപോകണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. മുൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിന് ശേഷമാണ് ബിനോയ് വിശ്വത്തെ ഈ സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ അത് സമ്മേളനത്തിലൂടെ ആയിരുന്നില്ല തിരഞ്ഞെടുത്തത്.
പാർട്ടി ഏൽപ്പിച്ച ദൗത്യം പൂർണ മനസ്സോടെ ഏറ്റെടുക്കുന്നുവെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. വരും കാല പോരാട്ടങ്ങളിൽ വീറോടെ പൊരുതും. ആലപ്പുഴ സമ്മേളനം നൽകിയത് അതിനുള്ള ശക്തിയാണെന്നും അച്ചടക്കവും ലക്ഷ്യബോധവുമുള്ള കമ്യുണിസ്റ്റായി ചുമതല തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് തീക്ഷണ സമരങ്ങളുടെ കാലമാണ്, വിമർശനങ്ങൾ ഉള്ളപ്പോഴും പാർട്ടി ഒറ്റക്കെട്ടാണ്. അച്ചടക്കമുള്ള പ്രവർത്തകനെ പോലെ ചുമതല ശിരസ്സാ ഏറ്റെടുക്കുന്നു. മതനിരപേക്ഷതയെ രക്ഷിക്കേണ്ട കാലത്ത് ജനങ്ങളെ അണിചേർത്ത് പോരാടുമെന്നും എൽഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു