സബ്ട്രഷറിയിൽ നിന്ന് രണ്ടു കോടി തട്ടിയ ബിജുലാലിനെ പിരിച്ചുവിട്ടു കൊണ്ട് ഇന്ന് ഉത്തരവിറങ്ങിയേക്കും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഹണിക്കും , ബിജുലാൽ ഇന്ന് കീഴടങ്ങിയേക്കും
കേസിലെ മുഖ്യപ്രതി ബിജുലാൽ ഇന്ന് കീഴടങ്ങിയേക്കും. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കീഴടങ്ങൽ ശ്രമം. ഭാര്യ സിമിക്ക് കൃത്യത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് രണ്ടാം പ്രതിയാക്കിയതെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു.
വഞ്ചിയൂർ സബ്ട്രഷറിയിൽ നിന്ന് രണ്ടു കോടി തട്ടിയ സീനിയർ അക്കൗണ്ടന്‍റ് ബിജുലാലിനെ പിരിച്ചുവിട്ടു കൊണ്ട് ഇന്ന് ഉത്തരവിറങ്ങിയേക്കും. പെൻഷൻ അടക്കം ഒരു ആനുകൂല്യത്തിനും ബിജുലാലിന് അർഹതയുണ്ടാവില്ല. നോട്ടീസ് പോലും നൽകാതെയുള്ള പിരിച്ചുവിടൽ ഉത്തരവ് നിയമപരമായി നിലനിൽക്കുമെന്ന് ധനവകുപ്പ് വ്യക്തമാക്കി.
നോട്ടീസ് പോലും നൽകാതെയുള്ള പിരിച്ചുവിടൽ സംസ്ഥാന ചരിത്രത്തിൽ തന്നെ അത്യപൂർവമാണ്. 1985 ൽ സമാനമായ പിരിച്ചുവിടൽ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 311 ആണ് കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ജോലിക്ക് സംരക്ഷണം നൽകുന്നത്. അതിൽ പറയുന്ന നടപടിക്രമം പാലിച്ചു മാത്രമേ ഒരാളെ പിരിച്ചുവിടാൻ പറ്റു. എന്നാൽ ആർട്ടിക്കിൾ 311 ലെ രണ്ട് എ, രണ്ട് ബി, രണ്ട് സി ഉപവകുപ്പുകൾ മേൽപ്പറഞ്ഞ നടപടിക്രമം പാലിക്കാതെ ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാരിന് അധികാരം നൽകുന്നുണ്ടു്. ഇതിൽ 311 രണ്ട് സി ഉപവകുപ്പ് പ്രകാരമാണ് ബിജുലാലിനെതിരായ നടപടി.
നാടിൻ്റെ സുരക്ഷയെ ബാധിക്കുന്ന കുറ്റം ചെയ്താലാണ് ഈ വകുപ്പ് പ്രയോഗിക്കുന്നത്. സംസ്ഥാനത്തിൻ്റെ ധന സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സൈബർ കുറ്റകൃത്യമാണ് ബിജുലാൽ നടത്തിയതെന്ന നിലപാടാണ് ധനവകുപ്പ് എടുത്തിരിക്കുന്നത്. ഉടൻ പിരിച്ചുവിടൽ എന്ന കടുത്ത നടപടി എല്ലാവർക്കും കടുത്ത താക്കീതാകുമെന്നും ധനവകുപ്പ് കരുതുന്നു. തുടർച്ചയായ ട്രഷറി തട്ടിപ്പുകൾ തടഞ്ഞ് ജന വിശ്വാസം ആർജിക്കാൻ ഇത് അനിവാര്യമാണെന്നും ധനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി
കേസിലെ മുഖ്യപ്രതി ബിജുലാൽ ഇന്ന് കീഴടങ്ങിയേക്കും. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കീഴടങ്ങൽ ശ്രമം. ഭാര്യ സിമിക്ക് കൃത്യത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് രണ്ടാം പ്രതിയാക്കിയതെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു. അതേസമയം ധനവകുപ്പ് നിയോഗിച്ച പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. അഞ്ച് ദിവസത്തിനുളളിൽ റിപ്പോർട്ട് സമർപ്പിക്കും.
മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്‍റെ പാസ്‍വേഡ് ഉപയാഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ജൂലൈ 27നാണ് പണം മോഷ്ടിച്ചത്. സർക്കാർ അക്കൗണ്ടിൽ നിന്ന് തന്‍റെ ട്രഷറി അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഘട്ടംഘട്ടമായി ഉദ്യോഗസ്ഥൻ പണം മാറ്റി. തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം രേഖകള്‍ ഉദ്യോഗസ്ഥന്‍ ഡിലീറ്റാക്കി. എന്നാല്‍ പണം കൈമാറ്റത്തിനുള്ള ഡേ ബുക്കില്‍ 2 കോടിയുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്.