10,000 കോടി രൂപ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ കുടിശിക അടച്ച ഭാരതി എയർടെൽ
ബാക്കി തുക മാർച്ച് 17-ന് മുമ്പ് നൽകാമെന്നും എയർടെൽ ടെലികമ്മ്യൂണിക്കേഷൻ
അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ കേസിൽ ഭാരതി എയർടെൽ 10,000 കോടി രൂപ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ അടച്ചു. ആകെ നല്‍കാനുള്ള 35,586 കോടി രൂപയില്‍ ബാക്കി തുക മാർച്ച് 17-ന് മുമ്പ് നൽകാമെന്നും എയർടെൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് നൽകിയ കത്തിൽ വ്യക്തമാക്കി.1.47 ലക്ഷം കോടി രൂപയാണു കുടിശികയായി എല്ലാ കമ്പനികളും അടയ്ക്കാനുള്ളത്. വോഡഫോണ്‍-ഐഡിയയ്ക്ക് 53,038 കോടി രൂപയാണു കുടിശിക. തങ്ങൾക്ക് 2500 കോടി രൂപയേ ഇപ്പോൾ അടയ്ക്കാൻ കഴിയൂ എന്ന് വോഡഫോണ്‍ – ഐഡിയയുടെ അഭിഭാഷകൻ മുകുൾ റോഹ്തഗി സുപ്രീംകോടതിയെ അറിയിച്ചെങ്കിലും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് അംഗീകരിച്ചില്ല.കുടിശിക അടച്ചില്ലെങ്കിൽ കമ്പനികളുടെ ബാങ്ക് ഗാരന്റിയിൽനിന്ന് തുക ഈടാക്കുമെന്ന് ടെലികോം വകുപ്പ് നോട്ടീസ് നൽകിയിരുന്നു.
ഒരു മാസത്തിനകം കുടിശിക അടച്ചുതീർക്കണമെന്ന് സുപ്രീംകോടതി വെള്ളിയാഴ്ച അന്ത്യശാസനം നൽകിയതിനെത്തുടർന്ന് അന്നുതന്നെ പണമടയ്ക്കണമെന്ന് ടെലികോം വകുപ്പു ഉത്തരവിട്ടെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.