ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നാളെ മണിപ്പൂരിൽ തുടക്കം
മാർച്ച് 20-ന് യാത്ര മുബൈയിൽ അവസാനിക്കും. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളിലും പ്രവർത്തകരിലും ആവേശം ഉണ്ടാക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര.
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നാളെ മണിപ്പൂരിൽ തുടക്കമാകും. ജനാധിപത്യം സംരക്ഷിക്കുന്നതിനാണ് യാത്ര. മാർച്ച് 20-ന് യാത്ര മുബൈയിൽ അവസാനിക്കും. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളിലും പ്രവർത്തകരിലും ആവേശം ഉണ്ടാക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര. മണിപ്പൂരിലെ തൗബാലിൻ നിന്ന് ആരംഭിക്കുന്ന യാത്ര നാഗാലാൻഡ്, അസം, ബംഗാൾ, മധ്യപ്രദേശ്, യുപി, ഗുജറാത്ത് മഹാരാഷ്ട്ര എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലൂടെ കടന്ന് പോകും.
ഇംഫാലിൽ ആയിരുന്നു യാത്രയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാൽ മണിപ്പൂർ സർക്കാർ അനുമതി നൽകാതിരുന്നതോടെ ഉദ്ഘാടനം തൗബാലിലേക്ക് മാറ്റി. ബസിലും കാൽ നടയായും നീങ്ങുന്ന യാത്ര 6713 കിലോമീറ്റർ സഞ്ചരിക്കും. 110 ജില്ലകളിലൂടെ യാത്ര കടന്നു പോകും. യാത്രയുടെ ഉദ്ഘാടനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജ്ജുൻ ഖർഗെ നിർവ്വഹിക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കാത്ത രീതിയിലാണ് യാത്രയുടെ ക്രമീകരണം. തിരഞ്ഞെടുപ്പ് ചർച്ചകൾക്കും ബാക്കി കാര്യങ്ങൾക്കുമായി ദില്ലിയിൽ സംവിധാനം ഒരുക്കും.
ഇന്‍ഡ്യാ മുന്നണി അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനമായത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആയിരുന്നു സാധ്യതയുണ്ടായിരുന്ന മറ്റൊരു പേര്. എന്നാല്‍ കോണ്‍ഗ്രസ് മുന്നണിയെ നയിക്കട്ടെയെന്ന അഭിപ്രായം നിതീഷ് എടുത്തതോടെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ തിരഞ്ഞെടുക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.