“കൈതോലപ്പായയിൽ പൊതിഞ്ഞ് 2 കോടി രൂപ സിപിഎം നേതാവ് കൈപ്പറ്റി”ജി ശക്തിധരന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണം ബെന്നി ബെഹന്നാൻ
ഒരു ഉന്നതനായ വ്യക്തി രണ്ടുകോടി മുപ്പത്തിഅഞ്ചുലക്ഷം രൂപാ കൈക്കൂലി വാങ്ങി എന്നതാണ് ആ വാർത്ത. സിപിഎം നേതാക്കളുമായി വളരെയധികം അടുപ്പം പുലർത്തിയിരുന്ന ഒരു വ്യക്തി ഇങ്ങനെയൊരു വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിൽ അതിനെപ്പറ്റി ഒരു അടിയന്തിര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം.
തിരുവനന്തപുരം| കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി രൂപ (2,00,35,000) കോടി ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് ബെന്നി ബെഹന്നാൻ എംപി. ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചത്. ആരോപണം ഉന്നയിച്ച ശക്തിധരന് സംരക്ഷണം നൽകണമെന്നും ബെന്നി ബെഹന്നാൻ ആവശ്യപ്പെടുന്നു.
“ദേശാഭിമാനി പത്രാധിപരായിരുന്ന ജി ശക്തിധരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുകയാണ്.. ഒരു ഉന്നതനായ വ്യക്തി രണ്ടുകോടി മുപ്പത്തിഅഞ്ചുലക്ഷം രൂപാ കൈക്കൂലി വാങ്ങി എന്നതാണ് ആ വാർത്ത. സിപിഎം നേതാക്കളുമായി വളരെയധികം അടുപ്പം പുലർത്തിയിരുന്ന ഒരു വ്യക്തി ഇങ്ങനെയൊരു വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിൽ അതിനെപ്പറ്റി ഒരു അടിയന്തിര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. ശക്തിധരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ബാധ്യതയും സർക്കാറിനുണ്ട്. അതിനുള്ള നടപടികൾ എത്രയുംപെട്ടെന്നു തന്നെ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നു”
ഭരണത്തിലെ ഒരു ഉന്നതൻ ഒരിക്കൽ വാങ്ങിയ 2 കോടി 35 ലക്ഷം കൈക്കുലി എണ്ണിത്തിട്ടപ്പെടുത്താൻ താൻ സഹായിച്ചെന്നാണ് ശക്തിധരന്റെ വെളിപ്പെടുത്തൽ. ഈ പണം എറണാകുളത്ത് നിന്ന് കൈതോല പായയിൽ പൊതിഞ്ഞ് രാത്രിയിൽ ഇന്നോവ കാറിന്റെ ഡിക്കിയിൽ ഇട്ട് കൊണ്ട് പോയെന്നും അദ്ദേഹം പറയുന്നു. നിലവിൽ മന്ത്രിസഭയിൽ അംഗമായ ഒരാളും കാറിലുണ്ടായിരുന്നതായി വെളിപ്പെടുത്തലുണ്ട്. മറ്റൊരവസരത്തിൽ കോവളത്തെ ഒരു ഹോട്ടലിൽ വച്ച് പത്ത് ലക്ഷം രൂപയുടെ രണ്ടു കെട്ടുകൾ ഉന്നതൻ കൈപ്പറ്റിയെന്നും ശക്തിധരൻ ആരോപിച്ചിട്ടുണ്ട്.