ഇന്ധന വിലവര്‍ധന: സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണം

. പൊതുഗതാഗതം ഏതാണ്ട് നിലച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. സർക്കാർ ഓഫീസുകളിൽ ഹാജർ നില ഗണ്യമായി കുറഞ്ഞു.

0

കൊച്ചി ഇന്ധന വിലവർധനവിനെതിരെ സംസ്ഥാനത്ത് എൽ.ഡി.എഫും യു.ഡി.എഫും ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു . പൊതുഗതാഗതം പൂർണമായും നിലച്ചു . കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. സർക്കാർ ഓഫീസുകളിൽ ഹാജർ നില ഗണ്യമായി കുറഞ്ഞു.രാവിലെ ആറിന് തുടങ്ങിയ ഹർത്താലിൽ ട്രെയിനിൽ എത്തിയവരാണ് വലഞ്ഞത്. തിരുവനന്തപുരത്ത് ആശുപത്രികളില്‍ പോകാനെത്തിയവരെ പൊലീസ് വാനിൽ ആശുപത്രികളിൽ എത്തിച്ചു. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ അടഞ്ഞതോടെ സംസ്ഥാനം നിശ്ചലമായി. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തിൽ തലസ്ഥാനത്ത് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ടെക്നോപാർക്കിലെ കവാടം കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു.

ആലപ്പുഴയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ സൈക്കിളിൽ സമരത്തിനെത്തിയപ്പോൾ വണ്ടി കെട്ടി വലിച്ചും ഗ്യാസ് സിലിണ്ടർ ഏന്തിയുമായിരുന്നു കോൺഗ്രസ് സമരം. കൊല്ലത്ത് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിനെ കോൺഗ്രസ് പ്രവർത്തകർ അക്രമിച്ചു. കോഴിക്കോട് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും കടകളും കോൺഗ്രസ് പ്രവർത്തകർ അടപ്പിച്ചു.

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലും ഐടി മേഖലകളിലും ഹാജർ കുറഞ്ഞു. സെക്രട്ടറിയേറ്റിൽ 16 ശതമാനമാണ് ഹാജർ നില. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയമാണ് ഇന്ധന വില വർധനവിന് കാരണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി പറഞ്ഞു

പ്രളയസമയത്ത് ഹർത്താൽ നടത്തുന്നത് ശരിയോയെന്ന് ഹൈക്കോടതി. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചത് അനുചിതമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പ്രളയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസാണ് ഇക്കാര്യം പരാമർശിച്ചത്.

ഹർത്താലിനെതിരെ നേരത്തെ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശൻ, മുൻ മന്ത്രി എംകെ മുനീർ അടക്കമുള്ളവർ പ്രളയ സമയത്ത് ഹർത്താൽ വേണ്ടെന്ന നിലപാടെടുത്തിരുന്നു.

അതേസമയം,  ഇടതുവലതുമുന്നണികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പ്രളയമേഖലയിലുള്‍പ്പെടെ ജനജീവതം ദുരിതത്തിലാക്കി. സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി നിരത്തിലിറക്കി ജനം ഹര്‍ത്താലിനെ അവഗണിച്ചെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇതിനുപുറമെ വ്യാപാര സ്ഥാപനങ്ങള്‍ ഹര്‍ത്താലനുകൂലികള്‍ അടപ്പിക്കുകകൂടി ചെയ്തതോടെ ജനജീവിതം ഏറെ ദുസ്സഹമായി.

 

You might also like

-