ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളിയതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). ജാമ്യം നൽകാതെ കാര്യങ്ങൾ ഇത്രയും നീട്ടിക്കൊണ്ട് പോകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും കന്യാസ്ത്രീമാർ നിരപരാധികളാണെന്നും സിബിസിഐ പ്രതികരിച്ചു
ദുർഗ്| മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി.മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു വച്ചത്. കന്യാസ്ത്രീകൾക്ക് എതിരെ പോലീസ് ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. മനുഷ്യക്കടത്തും, നിർബന്ധിത മത പരിവർത്തനവും അടക്കം 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ തയ്യാറാക്കിയത്. രണ്ട് കന്യാസ്ത്രീകളും ദുർഗിലെ സെൻട്രൽ ജയിലിൽ തുടരും. സെഷൻ കോർട്ടിലേക്കാണ് ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികൾ എത്തുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ വെച്ച് അറസ്റ്റ് ചെയ്തത്. സിസ്റ്റർ പ്രീതി മേരിയാണ് ഒന്നാം പ്രതി. സിസ്റ്റർ വന്ദന ഫ്രാൻസിസ് രണ്ടാം പ്രതിയും പെൺകുട്ടികളുടെ ബന്ധു സുഖ്മൻ മണ്ടാവി മൂന്നാം പ്രതിയുമാണ്. ഇവർക്കെതിരെ ഛത്തീസ്ഗഡ് മത സ്വാതന്ത്ര്യ നിയമത്തിലെ നാല്, ഭാരതീയ ന്യായ സംഹിത 143 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ആണിത്.
അതേസമയം ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളിയതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). ജാമ്യം നൽകാതെ കാര്യങ്ങൾ ഇത്രയും നീട്ടിക്കൊണ്ട് പോകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും കന്യാസ്ത്രീമാർ നിരപരാധികളാണെന്നും സിബിസിഐ പ്രതികരിച്ചു.കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെയാണ് സിബിസിഐയുടെ പ്രതികരണം. അതേ സമയം,കന്യാസ്ത്രീമാരുടെ അറസ്റ്റിൽ ജാമ്യ അപേക്ഷ നാളെ നൽകുമെന്ന് സിബിസിഐ അറിയിച്ചു. സെഷൻസ് കോടതിയിലാണ് നാളെ ജാമ്യ അപേക്ഷ നൽകുക. സെഷൻ സ്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിബിസിഐ വൃത്തങ്ങൾ അറിയിച്ചു.