പാക്പ്രകോപനം നേരിടാൻ സൈന്യം സജ്ജം; പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതലയോഗം

പട്ടാപ്പകൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലം അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷം പാക് പ്രകോപനം സംബന്ധിച്ച ഇന്ത്യയുടെ ഔദ്യോഗിക നിലപാടും പ്രതീക്ഷിക്കുന്നുണ്ട്.

0

ഡൽഹി :അതിര്‍ത്തിയിൽ പാക്പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയും ജാഗ്രതയും ശക്തമാക്കി ഇന്ത്യ. അതിര്‍ത്തിയിലും ജമ്മുകശ്മീര്‍ മേഖലയിലും പാകിസ്ഥാൻ നടത്തിയ അക്രമത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പ്രധാനമന്ത്രിക്ക് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും പ്രതിരോധ വിദേശകാര്യ സെക്രട്ടറിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പങ്കെടുക്കുന്നുണ്ട്.

കൂടുതൽ ജാഗ്രതയോടെ മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന് നൽകിയ നിര്‍ദ്ദേശം. സുരക്ഷയും മുൻകരുതലും ശക്തമാക്കാൻ നടപടി ഉണ്ടാകും. എന്ത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നാണ് സൈനിക വൃത്തങ്ങളും വിശദീകരിക്കുന്നത്.നേരത്തെ സിആര്‍പിഎഫ് ബിഎസ്എഫ് ഡയറക്ടര്‍ ജനറൽമാര്‍ പങ്കെടുത്ത യോഗം കേന്ദ്ര ആഭ്യന്തരമന്ത്രിയും വിളിച്ച് ചേര്‍ത്തിരുന്നു. റോ ഐബി ഉൾപ്പെടെയുള്ള ഇന്റലിജൻസ് ഏജൻസികളുടെ യോഗം പ്രതിരോധ മന്ത്രിയും വിളിച്ച് ചേര്‍ത്തിരുന്നു. പാക് പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് സൈന്യം. ആറ് വിമാനത്താവളങ്ങൾ അടച്ചിട്ടു. അതിര്‍ത്തിയിൽ സുരക്ഷ ശക്തമാക്കി.സര്‍ക്കാര്‍ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പട്ടാപ്പകൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലം അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷം പാക് പ്രകോപനം സംബന്ധിച്ച ഇന്ത്യയുടെ ഔദ്യോഗിക നിലപാടും പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്നും യുദ്ധവിമാനം മിഗ് 21 നഷ്ടമായെന്നും സ്ഥിരീകരിച്ച് ഇന്ത്യ. വ്യക്തമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നലെ പാക്സ്ഥാൻ ഭീകര കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയത്. ഇന്ന് പാക്കിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ പ്രതിരോധിച്ചെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ മാധ്യമങ്ങളോട് വിശദീകരിച്ചു. പാക് ആക്രമണ ശ്രമത്തെ പ്രതിരോധിക്കുന്നതിനിടയിലായിരുന്നു വിമാനം നഷ്ടമായതും വൈമാനികനെ കാണാതായതും. വളരെ ചുരുങ്ങിയ വാക്കുകളിൽ എഴുതി തയ്യാറാക്കിയ വിശദീകരണ കുറിപ്പാണ് വാര്‍ത്താസമ്മേളനത്തിൽ വായിച്ചത്.

കുടുതൽ വിവരങ്ങൾ കിട്ടാനുണ്ടെന്നും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. കൂടുതൽ ചോദ്യങ്ങളോടും പ്രതികരിച്ചില്ല. വ്യോമസേനയുടെ പ്രതിനിധി എയര്‍ വൈസ് മാര്‍ഷൽ ആര്‍ജികെ കപൂറും വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു.അതിർത്തി കടന്നെത്തിയ ഇന്ത്യൻ പൈലറ്റ് സംസാരിക്കുന്നു എന്ന പേരിൽ ഒരു മൊബൈൽ വീഡിയോ പാകിസ്ഥാൻ പുറത്തു വിട്ടിട്ടുണ്ട്. റേഡിയോ പാകിസ്ഥാൻ എന്ന ഔദ്യോഗിക മാധ്യമം വഴിയാണ് പാകിസ്ഥാൻ ഒരു സൈനികന്‍റെ വീഡിയോ പുറത്തു വിട്ടത്. വ്യോമസേനാംഗമാണെന്ന് അവകാശപ്പെടുന്ന ഒരാളാണ് വീഡിയോയിലുള്ളത്. പരിക്കേറ്റ നിലയിലുള്ള ഒരാളാണ് വീഡിയോയിൽ സംസാരിക്കുന്നത്.

പാക് സേനാ വക്താവ് ജനറൽ ആസിഫ് ഗഫൂർ നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്നും മൂന്ന് പൈലറ്റുമാരെ അറസ്റ്റ് ചെയ്തെന്നും അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ പാകിസ്ഥാൻ അതി‍ർത്തി കടന്നു കയറാൻ ശ്രമിച്ചതിൽ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.

You might also like

-