ഒരു ലോക്ക്ഡൌൺ അപാരത….. life style ANUPRIYA RAJ

പത്താം ക്ലാസ്സിൽ തോറ്റതോടെ സുഹൃത്തിന്റെ മകന്റെ കാൽക്കൽ വീണ് അയാളുടെ 'സഹായിപട്ടം' എന്ന തസ്തികയിൽ സച്ചുവിനെ പ്രതിഷ്ഠിക്കുവാൻ പിതാശ്രീ ശ്രമം നടത്തിയിരുന്നു. എന്നാൽ ജോലിയോടുള്ള സച്ചുവിന്റെ ആത്മാർഥത തിരിച്ചറിഞ്ഞപ്പോൾ സുഹൃത്തിന്റെ മകൻ പിതാശ്രീയുടെ കാൽക്കൽ വീണ് 'മുടിയനായ പുത്രനെ' ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ട് ബോധ്യപ്പെടുത്തി

0

ഒരു ലോക്ക്ഡൌൺ അപാരത

“അമ്മാ….ചോറ്…..”
“ഓ…..എടീ… മീനാക്ഷീ …. നിന്റെ മോനതാ… എണീറ്റ് വരുന്ന്… അവന്റെ ചള്ള വയറ് നിറച്ച് കൊടുക്ക്‌”
ശരീരത്തിലെ രക്ത പ്രവാഹത്തിലൂടെ പ്രതിപ്രവർത്തനം ചെയ്ത ഊർജത്തെ ആവാഹിച്ച്‌ കൊണ്ട് തന്റെ സൃഷ്ടികർത്താവിനെ സച്ചു തുറിച്ചു നോക്കി. പുകഞ്ഞു പരുവമായ കറുകറുത്ത പല്ലും ചുണ്ടും ചേർത്തുപിടിച്ച് അവൻ പിതാവിനെതിരെ എന്തൊക്കയോ പുലമ്പി.
“ഓ…അവന്റെയൊരു നോട്ടം കണ്ടില്ലേ ..നിന്നെയൊക്കെ ഒണ്ടാക്കുന്നതിന് പകരം വല്ല വാഴേയും നട്ടിരുന്നെങ്കി സ്വന്തോന്ന് പറഞ്ഞ് കയറികെടക്കാനിപ്പൊരു കൂരയായേനെ”പല്ലിലെ കീടം മൊട്ടുസൂചി കൊണ്ട് തോണ്ടിയിളക്കുന്നതിനിടയിൽ പതിവുപോലെ പിതാമഹൻ സച്ചുവിനെതിരെ ശാപ വാക്കുകൾ തൊടുത്തു. പിതാവിനോടുള്ള അവജ്ഞ ഉള്ളിലൊതുക്കി മാതാവ് വിളമ്പിയ ചോറ് വെട്ടിവിഴുങ്ങി കൈപ്പത്തിക്കൊണ്ടു പാത്രം വെടിപ്പോടെ വൃത്തിയാക്കി ഏമ്പക്കവും വിട്ട് സച്ചു തന്റെ ലോകത്തിലേക്ക് മടങ്ങി. ഉടൻ തന്നെ ഫേസ്ബുക്കിൽ സ്റ്റാറ്റസ് അപ്ഡേഷനും വന്നു.
Sachu- Travelling from Dining hall to bedroom
ഒരുതരം പരുക്കൻ പ്രാകൃത ദ്രവീഡിയൻ സംഗീതം പോലെ സൃഷ്ടി കർത്താവിന്റെ ശാപ വാക്കുകൾ അപ്പോഴും പശ്ചാത്തലത്തിൽ മുഴങ്ങി കേട്ടുക്കൊണ്ടേയിരുന്നു.

സച്ചു എന്ന സച്ചിദാനന്ദൻ. വയസ്സ് 24. കാഴ്ചയിൽ അതീവ സുന്ദരൻ. പിതാവും മാതാവും സഹോദരിയും ഉൾപ്പെട്ട മാതൃകാ കുടുംബം. പിതാവ് ഹൈക്കോടതിയിലെ ഒരു മുന്തിയ വക്കീലിന്റെ ഗുമസ്തനായിരുന്നു. പ്രായവും ദീനവും ഇരട്ടിച്ചപ്പോൾ വീട്ടിലിരിപ്പായി. ടിയാന് 64 വയസ്സുണ്ട്. ക്ഷേമനിധിയിൽ നിന്നുള്ള തുച്ഛമായ വരുമാനത്തിനൊപ്പം മരണഭീതിയും ഗതിപിടിക്കാത്ത സന്താനങ്ങളെക്കുറിച്ചുള്ള ആധിയും വാടകവീട്ടിൽ താമസിക്കുന്നതിന്റെ കുറച്ചിലും അയാളെ അലട്ടുന്നുണ്ട്. അടുക്കളയും ടിവി സീരിയലും ബന്ധുജന സന്ദർശനവും ഏഷണിപ്പറച്ചിലുമായി സച്ചുവിന്റെ മാതാവ് ‘ഇതാണ് ലോകം’ എന്ന ധാരണയോടെ വീടെന്ന പൊട്ടകിണറ്റിൽ ജീവിതത്തെ ഒതുക്കിനിർത്തി. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തെക്കേലെ ചാമുണ്ഡിദേവി കനിഞ്ഞു നൽകിയ ആൺതരിയെ ഊട്ടുന്നതാണ് തന്റെ നിയോഗമെന്ന് സച്ചുവിന്റെ മാതാവ് ഉറച്ച് വിശ്വസിച്ചു. ഭർതൃമതിയായി മതിയാവോളം കുട്ടികളെയും പ്രസവിച്ച് കൊഴുത്തുരുണ്ട് വീട്ടിലിരുന്നാൽ കുടുംബക്കാർക്കിടയിൽ ‘അന്തസുള്ളവൾ’ എന്ന സൽപ്പേര് സ്വന്തമാക്കാം. ഭർത്താവെന്ന സൂര്യന് ചുറ്റും ഒരു ഗ്രഹത്തെ പോലെ കറങ്ങാനുള്ളതല്ലേ ഞാനെന്ന പെണ്ണിന്റെ ജീവിതം. അതിനാൽ സൗന്ദര്യലേപന വസ്തുക്കളോടും ഇക്കിളി മാഗസിനുകളോടുമാണ് സച്ചുവിന്റെ പെങ്ങൾക്ക് പ്രിയം. അവളിപ്പോൾ പ്ലസ് ടൂവിന് പഠിക്കുകയാണ്. അവളുടെ പഠന പുസ്തകങ്ങൾ വീടിന്റെ കോണിലെവിടെയോ പൊടിപ്പിടിച്ച് കിടക്കുന്നുണ്ട്. ഇങ്ങനെയുള്ള ഒരു മാതൃകാ കുടുംബത്തിൽ സച്ചു എന്ന സച്ചിദാനന്ദൻ പ്രത്യേകിച്ച് ഒരു പണിയുമെടുക്കാതെ ജീവിതം തള്ളി നീക്കുകയാണ് .

പത്താം ക്ലാസ്സിൽ തോറ്റതോടെ സുഹൃത്തിന്റെ മകന്റെ കാൽക്കൽ വീണ് അയാളുടെ ‘സഹായിപട്ടം’ എന്ന തസ്തികയിൽ സച്ചുവിനെ പ്രതിഷ്ഠിക്കുവാൻ പിതാശ്രീ ശ്രമം നടത്തിയിരുന്നു. എന്നാൽ ജോലിയോടുള്ള സച്ചുവിന്റെ ആത്മാർഥത തിരിച്ചറിഞ്ഞപ്പോൾ സുഹൃത്തിന്റെ മകൻ പിതാശ്രീയുടെ കാൽക്കൽ വീണ് ‘മുടിയനായ പുത്രനെ’ ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ട് ബോധ്യപ്പെടുത്തി. വല്ലവന്റെയും കീഴിൽ പണിയെടുത്ത് തുലയ്ക്കാനുള്ളതല്ലല്ലോ മഹാനായ സച്ചുവിന്റെ ജീവിതം! ഒരു കോടീശ്വരൻ സംരംഭകന്റെ യൂട്യൂബ് വീഡിയോയിലെ ഉപദേശം ശിരസ്സാവഹിച്ച് സുഹൃത്തിനൊപ്പം ചേർന്ന് സച്ചു ഒരു കോഫി ഷോപ്പ് ആരംഭിച്ചു. കേസിൽ കുരുങ്ങിക്കിടന്ന കെട്ടിടം ഒരു മിടുക്കൻ വക്കീലിന് കള്ളും പെണ്ണും സെറ്റാക്കിക്കൊടുത്ത് കുറഞ്ഞ വിലയ്ക്ക് വാങ്ങിച്ചെടുത്തു. എന്നാൽ ഒപ്പമുള്ള സുഹൃത്ത് ഒരു ടിക്‌ടോക് സുന്ദരിയിൽ പ്രണയ പരവശനായി ഫോണിന് മുന്നിൽ പെറ്റ് കിടക്കാൻ തുടങ്ങി. അങ്ങനെ കോഫിഷോപ്പിന്റെ മുഴുവൻ ചുമതലയും സച്ചുവിന്റെ തലയിൽ പതിഞ്ഞു. ഒരു ദിവസം പ്രണയ പരവശനായ സുഹൃത്തിനോട് ചങ്ങൂറ്റത്തോടെ സച്ചു ചോദിച്ചു,
“അളിയാ….വല്ലതും നടക്കോ”?
“ഓ..ആ കോഫിഷോപ്പല്ലേ……അതൊക്കെ ഞാൻ വിട്ടളിയാ…..”
പ്രണയ പരവശനായ സുഹൃത്തിന്റെ പിന്മാറ്റത്തിൽ ഒരുതരം തരിപ്പും മരവിപ്പുമൊക്കെ തുടക്കത്തിൽ അനുഭവപ്പെട്ടിരുന്നു. എങ്കിലും ഭാവിയിലെ കോടീശ്വരനായ ‘സംരംഭകൻ സച്ചു’ തളർന്നില്ല. വർദ്ധിത വീര്യത്തോടെ കോഫി ഷോപ്പിനായിയെടുത്ത ബാങ്ക് വായ്പ മറിച്ച് രണ്ട്‌ പോത്തുകളെ വാങ്ങിച്ചു. ഒരു പോത്തിൽ നിന്ന് നൂറ് പോത്തിനെ വാങ്ങാമെന്ന “ബെല്ലാരിരാജ ടെക്‌നിക്‌” സ്വപ്നം കണ്ട് സ്വന്തം മക്കളെപ്പോലെ പോത്തുകളെ സച്ചു പരിപാലിച്ചു. വൈക്കോലിന്റെ കാശ് ലാഭിക്കുവാനായി വീട്ടിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള കാട്ടിലേക്ക് പോത്തുകളെ അഴിച്ചു വിട്ടു. കാട്ടിലെ പുല്ല് തിന്ന് തന്റെ മക്കൾ വയറ് വീർപ്പിക്കട്ടെയെന്ന് സച്ചു കരുതി. എന്നാൽ യമധർമ്മൻ പാമ്പിന്റെ രൂപത്തിലെത്തി പോത്തുകളെ കൊത്തിക്കൊന്നു. അതോടെ സംരംഭക സ്വപ്നങ്ങൾക്ക് തീരശീല താഴ്ത്തി കുറേ നാൾ വീട്ടിൽ ചടഞ്ഞു കുത്തിയിരുന്നു. “ഇങ്ങനെയിരുന്നാൽ എങ്ങനെ വായ്പ തിരിച്ചടയ്ക്കും”? തനിക്ക് മുന്നിലുള്ള രക്ഷാ കരങ്ങളുടെ പട്ടിക സച്ചു തയ്യാറാക്കി. ആൺതരിയ്ക്ക് ജന്മം നൽകിയതിന്റെ അഭിമാനം പേറിനടക്കുന്ന മാതാവിന്റെ രണ്ട്‌ സ്വർണ വളകൾ സച്ചുവിന്റെ ബോധ മണ്ഡലത്തിൽ പ്രകാശിച്ചു. അങ്ങനെ വായ്പയെന്ന ബാധ സച്ചു ഒഴിപ്പിച്ചു. ഇതറിഞ്ഞ സൃഷ്ടികർത്താവ് മാതാവിനെ തലങ്ങും വിലങ്ങും തല്ലി. ദ്രാവിഡ സംഗീതത്തിന്റെ കാഠിന്യം ഇരട്ടിച്ചു. സഹികെട്ട സച്ചു തന്റെ ജീവൻ നിലനിർത്താനുള്ള കാശുണ്ടാക്കാനായി ജെസിബി പരിശീലന സ്ഥാപനത്തിൽ ചേർന്നു. അങ്ങനെ ജെസിബിയുടെ സാങ്കേതികത്വം വശമാക്കിയ സച്ചു പിതാവിനെ ആശ്വസിപ്പിക്കാനായി വല്ലപ്പോഴും പണിക്ക് പോയി തുടങ്ങി.

അങ്ങനെ ഒരു അവധി കാലത്ത്….. വിശാല ഹൃദയമുള്ള അയൽക്കാരൻ സുഹൃത്തിന്റെ ബൈക്കുമെടുത്ത് ജീവിത ചിലവിനുള്ള കാശുമായി സച്ചു ഊരു ചുറ്റാനിറങ്ങി. അങ്ങനെ ഊര് ചുറ്റി.. ചുറ്റി… യാത്രകൾ സച്ചുവിന്റെ തലയ്ക്ക് പിടിച്ചു. ജീവിതത്തിൽ നേരിടേണ്ടി വന്ന പരാജയങ്ങളെ സച്ചു പതിയെ മറക്കുവാൻ തുടങ്ങി. കാടും പുഴയും മലകളും താണ്ടി ദുർഗ്രഹമായ വഴികളിലൂടെ സഞ്ചരിച്ച് ദുരൂഹമായ ഗുഹകളിൽ അന്തിയുറങ്ങിയും തുഷാര ബിന്ദുക്കൾ സൂര്യ രശ്മികളാൽ പ്രകാശിക്കുന്ന മലമുകളിലെ പുൽത്തകിടിൽ മലർന്നുകിടന്ന് യാത്രയുടെ അനുഭൂതി സച്ചു നുകർന്നു. ശില്പ ഭംഗിയുള്ള ഇന്ത്യയിലെ മനോഹരമായ ഗോപുരങ്ങളും ക്ഷേത്രങ്ങളും ദർശിക്കണം. വാരണാസിയിൽ പോയി പുണ്യപരിവാനമായ ഗംഗയിൽ മുങ്ങി നിവരണം. കാഞ്ചാവിന്റെ ലഹരിയിൽ കിറുങ്ങിയിരിക്കുന്ന ഹിമാലയസാനുക്കളിലെ ബാബമാരുടെ ഗുഹയിൽ സമാധിയടയണം. അങ്ങനെ ഊര് തെണ്ടലാണ് തന്റെ നിയോഗമെന്ന് സച്ചു സ്വയം വിധി എഴുതി. എന്നാൽ ഇടിവെട്ടേറ്റവന്റെ തലയിൽ പാമ്പ് കടിച്ചത് പോലെ സച്ചുവിന്റെ ജീവിതത്തിലേയ്ക്ക് കൊറോണ വൈറസ് കടന്നുവന്നു. രാജ്യവും സംസ്ഥാനവും നഗരവും മുനിസിപ്പാലിറ്റിയും ഗ്രാമവും അടച്ചിട്ടു. സച്ചുവിന്റെ വീടിനു പുറത്ത് നീളൻ വടിയും ചോര കണ്ണുകളുമായി പോലീസ് റോന്തുചുറ്റി. ആകാശത്ത് കഴുകൻ കണ്ണുകളുമായി ഡ്രോണുകൾ പറന്നു പൊങ്ങി. ജനങ്ങൾ അസ്വസ്ഥരായി. സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളിലേക്ക് സച്ചു പതിയെ നീങ്ങി.

“അതേ..ഈ സമയത്തെങ്കിലും നിങ്ങക്കാ വാ അടച്ച് മിണ്ടാതിരുന്നൂടെ….കൊറോണ വന്ന് എല്ലാമടച്ച് പൂട്ടിയില്ലേ? ഇനിയവൻ എങ്ങനെ ജോലിക്ക് പോവാനാ…. അല്ലെങ്കിത്തന്നെ എന്റെ കുഞ്ഞിനാകെയൊരു പരവേശമാ…..” പതിവ് ന്യായീകരണ സിദ്ധാന്തവുമായി മാതാവ് മുന്നോട്ടു വന്നു.
“എടീ….ഇപ്പൊ കൊറോണ വന്നത് അവന്റെ ഭാഗ്യം… അല്ലെങ്കി ഞാനവനെ
തല്ലിക്കൊന്നേനെ” മാതാവിന്റെ സിദ്ധാന്തങ്ങളെ ഖണ്ഡിച്ചു കൊണ്ട് പിതാവ് ആക്രോശിച്ചു.
“കുടുംബത്തിനാകെയുള്ള ആൺ തരിയാ..അവനിപ്പോൾ ഫോണിലൊക്കെ ഫോട്ടോയിട്ട് കാശുണ്ടാക്കുന്നുണ്ട്” മകന് വേണ്ടിയുള്ള മാതാവിന്റെ വക്കാലത്തിൽ പുതിയ മാനങ്ങൾ കടന്നു വന്നു.
“പ്ഫാ…..എടീ മണ്ട ശിരോമണീ….അവന്റെ മര മോന്ത കാണിച്ചാ ഇപ്പൊ കിട്ടും കാശ്. നിന്റെ തന്ത ദാമോദരന്റെ വല്ലവരുമാണോടി മൊബൈൽ കമ്പനിക്കാര്”. മാതാവിന്റെ പുതിയ വെളിപ്പെടുത്തൽ കേട്ടതോടെ പിതാവിന്റെ സമനില ഏതാണ്ടൊക്കെ തെറ്റി. പിന്നീട് വീര്യം കൂടിയ പശ്ചാത്തല സംഗീതം അന്തരീക്ഷമാകെ മുഖരിതമായി. മനോഹരമായ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌താൽ ഫോളോവെർസ് ഇരട്ടിക്കും. അങ്ങനെ 5000 ഫോളോവെർസൊക്കെയാകുമ്പോൾ കുറേ കാശ് കിട്ടും. ആയിരങ്ങളിൽ തുടങ്ങി പതിനായിരവും ലക്ഷങ്ങളും കടന്ന് കോടികൾ കിട്ടും. ജീവിത ചിലവിനുള്ള കാശ് കാലിയാകുമ്പോൾ ഇപ്രകാരം ലക്ഷങ്ങളുടെയും കോടികളുടെയും ഭ്രമാത്മകമായ കഥകൾ പറഞ്ഞാണ് ഊരുതെണ്ടാനുള്ള കാശ് മാതാവിൽ നിന്നും സൂത്രത്തിൽ സച്ചു ഒപ്പിച്ചെടുക്കുന്നത്.

“അമ്മേ…എനിക്ക് വാഴ നടണം അച്ഛനോട് പറഞ്ഞ് രണ്ട്‌ കന്ന് സംഘടിപ്പിക്കാമോ”
മാതാവിന്റെ കണ്ണുകൾ വിടർന്നു. പിതാവിനെ ഉടൻ വിവരമറിയിച്ചു. തന്റെ തൊണ്ട പൊട്ടിയുള്ള പശ്ചാത്തല സംഗീതമിതാ …..ഫലം കണ്ടിരിക്കുന്നു! വീടിന്റെ പിൻവശമുള്ള രണ്ട്‌ സെന്റ് ഭൂമിയിൽ എന്തെങ്കിലുമൊക്കെ കൃഷി ചെയ്യണമെന്ന് ഏറെ നാളായി പിതാവ് ആഗ്രഹിക്കുന്നുണ്ട്. ഇപ്പോൾ തന്റെ മകൻ ആ ഉദ്യമം സഫലീകരിക്കുവാൻ ഒരുങ്ങുന്നു. “എന്റെ കൊറോണ ദൈവങ്ങളെ….. നിനക്ക് കോടി സ്തുതി”, പിതാവ് നിശബ്ദമായി നന്ദി പറഞ്ഞു. അയലത്തെ ഭാസ്കരന്റെ വീട്ടിൽ നിന്നും രണ്ട് വാഴക്കന്ന് സംഘടിപ്പിച്ച്‌ സ്നേഹത്തോടെ മകന് കൈമാറി. കൃഷിക്കാരന്റെ പരിവേഷത്തിൽ മൺവെട്ടിയുമായി പറമ്പിലെത്തി കന്ന് നടാനായി ഒന്നരയടി താഴ്ചയിൽ സച്ചു കുഴി കുഴിച്ചു. ‘എങ്ങനെ വാഴ നടാം’ എന്ന യൂട്യൂബ് വീഡിയോയിലെ നിർദേശങ്ങൾ കൃത്യമായി പാലിച്ച് വെടിപ്പോടെ കന്ന് നട്ടു. സഹായത്തിനായി സഹോദരിയെയും ഒപ്പം കൂട്ടി. അങ്ങനെ ഒരു വീര യോദ്ധാവിന്റെ പരിവേഷത്തോടെ സച്ചു വീട്ടിൽ മടങ്ങിയെത്തി. പുളിയും കടുകും ഉള്ളിത്തൊലിയും ഞവിടിയെടുത്ത് ഏക ആൺതരിയുടെ ശിരസ്സിലൂടെ മൂന്ന് പ്രാവശ്യം ഉഴിഞ്ഞിട്ട് അടുപ്പിലേക്ക് കളഞ്ഞ് സച്ചുവിനെ കണ്ണുവെക്കുന്ന സാത്താന്മാരുടെ സാന്നിധ്യത്തെ മാതാവ് ഓടിച്ച് വിട്ടു. സച്ചു സന്തുഷ്ടനായി.

ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. വെള്ളമോ വളമോ നൽകുന്നില്ലെന്ന് മാത്രമല്ല വാഴ നട്ട വഴിയിലേക്ക് സച്ചു തിരിഞ്ഞു പോലും നോക്കുന്നില്ല. മാതാവും പിതാവും സ്നേഹത്തോടെ സച്ചുവിനോട് കാര്യം തിരക്കി. എന്നാൽ മൗനമായിരുന്നു മറുപടി. കാശ് വെറുതെ കളയാൻ പറ്റില്ലല്ലോ? സച്ചുവിനെ അടിമുടി പ്രാകി വയ്യാത്ത ശരീരവും വഹിച്ച് വാഴയുടെ തുടർന്നുള്ള ഉത്തരവാദിത്വം പിതാവ് ഏറ്റടുത്തു. വാഴക്ക് വെള്ളം നനച്ച ശേഷം നെഞ്ച് തടവി കിതച്ചോണ്ട് വരുന്ന പിതാവിന് മാതാവ് ഇളംചൂടുവെള്ളം കൊടുക്കും. ക്ഷീണിതനായി ആർത്തിയോടെ വെള്ളം കുടിക്കുന്ന പിതാവിനെ നോക്കി മാതാവ് വേദനയോടെ നെടുവീർപ്പിടും.
“ദേ….. അമ്മേ……. നോക്ക്…… ചേട്ടനതാ … ടിവിയില്” അത്താഴമൊക്കെ കഴിഞ്ഞ് അടുക്കളയും വൃത്തിയാക്കി തലചായ്ക്കുവാനായി ഒരുങ്ങുമ്പോഴാണ് സഹോദരിയുടെ അറിയിപ്പ് കേട്ടത്. ഉടൻ തന്നെ മാതാവും പിതാവും കിടക്കയിൽ നിന്നും പാഞ്ഞെത്തി. “വാഴ കൃഷി നടത്തി ലോക്ക് ഡൌൺ കാലങ്ങളെ എങ്ങനെ ഗുണപ്രദമാക്കാമെന്നാണ് പന്തളം സ്വദേശിയായ സച്ചിദാനന്ദൻ എന്ന ചെറുപ്പകാരൻ പ്രേക്ഷകർക്കായി കാഴ്ചവെക്കുന്നത് …..” ടിവി അവതാരകന്റെ വിവരണം കേട്ട മാതാവും പിതാവും സഹോദരിയും സ്തബ്ധരായി. എല്ലാവര്ക്കും എല്ലാം ബോധ്യമായി. ഒരു തരം പ്രാകൃത സംഗീതത്തിന്റെ അനന്ത സാധ്യതകളിലേക്ക് പിതാവ് കടന്നു. മാതാവ് നിശബ്ദമായി കരഞ്ഞു. സച്ചു നിർവികാരതയോടെ ഒരു വലിയ ബാഗുമെടുത്ത് അടുക്കളയുടെ പിറകു വശത്തേക്കിറങ്ങി. ആൺതരി എന്തേലും കടുംകൈ കാണിക്കുമോന്ന് ഭയന്ന് മകന്റെ പിന്നാലെ മാതാവുമോടി.
“സച്ചു …നീ എന്താണീ ചെയ്യുന്നേ?”മാതാവിന്റെ ആധി ഇരട്ടിച്ചു.
“അമ്മേ…വീട്ടിലിരുന്നിട്ട് എനിക്ക് വട്ടെടുക്കുന്ന് ഇന്ന് രാത്രി ഞാനീ ടെന്റിനുള്ളിലാ കിടക്കുന്നെ” ഒരു വെറൈറ്റി പരീക്ഷണം നടത്തുന്ന ഉത്സാഹത്തോടെ ബാഗിലിനുള്ളിൽ നിന്നും ടെന്റിനു വേണ്ട പണി സാധനങ്ങളെല്ലാം പുറത്തേക്കിട്ട് കാര്യങ്ങൾ മാതാവിനെ സച്ചു ബോധിപ്പിച്ചു.
“നീയെന്തു ഭ്രാന്താ കാണിക്കുന്നേ…അകത്ത് വന്ന് കിടക്ക് ”
“അമ്മ പേടിക്കണ്ട…എനിക്കൊന്നുമില്ല.
അമ്മ ഉറങ്ങിക്കോ”സച്ചുവിന്റെ ആശ്വാസ വചനങ്ങൾ കേട്ട് നിരാശയോടെ അടുക്കള വാതിലടച്ചതിനു ശേഷം മാതാവ് പിതാവിന്റെ അരികിലെത്തി. കുടുംബത്തിലെ ആൺതരിക്ക് കാര്യമായ തകരാറ് സംഭവിച്ചിരിക്കുന്നു ! ആശങ്കയും ആധികളും പിതാവുമായി മാതാവ് പങ്കുവെച്ചു.
” നല്ല ഒന്നാന്തരം പെട ആ മോന്ത നോക്കി കൊടുത്താൽ അവന്റെയെല്ലാ അസുഖവും മാറിക്കിട്ടും” ദീനത്തിനുള്ള പിതാവിന്റെ പ്രതിവിധി മാതാവിൽ അതിയായ അവമതിയുണ്ടാക്കി.
” അമ്മേ…..അമ്മേ…..വാതിലൊന്ന് തുറക്കോ..!”
സച്ചുവിന്റെ ശബ്ദം കേട്ട മാതാവ് ഭയന്ന് വിറച്ചു. മകനെന്തേലും ആപത്ത് സംഭവിച്ചോ? പാമ്പോ പഴുതാരയോ അവനെ കടിച്ചോ? ഈശ്വരാ….ആകെയുള്ള ഒരു ആൺതരിയാണ്! മാതാവ് ശ്വാസമടക്കിപ്പിടിച്ച് ഒറ്റ ഓട്ടത്തിന് അടുക്കളവാതിൽ തുറന്നു.
“അമ്മേ..! ടെന്റിനുള്ളിൽ ഭയങ്കര ചൂട്‌. മലമുകളിൽ കിടക്കുന്ന ഒരു ഫീൽ കിട്ടുന്നില്ല”
നിർവികാരതയോടെ വലിയ ബാഗും ചുമന്ന് സ്വന്തം ലോകത്തിലേക്ക്‌ സച്ചു പ്രവേശിച്ചു.
മാതാവ് വാ പൊളിച്ച് നിന്നു.

കുറേ നേരം പുസ്തകം വായിച്ചു. സ്കൂൾ പഠനക്കാലത്ത് തേച്ചിട്ടു പോയ കാമുകിയെ ചൊറിഞ്ഞുക്കൊണ്ട് കുറേ വാട്സ്ആപ്പ് സ്റ്റാറ്റസിട്ടു. പിന്നെ ഫേസ്ബുക്കിലെ കൊറോണ പോസ്റ്റുകൾ വായിച്ച് താത്വികമായ അവലോകന കമ്മന്റുകൾ പോസ്റ്റ് ചെയ്തു. തിരിഞ്ഞും മറിഞ്ഞും ഒരു വെരുകിനെ പോലെ കട്ടിലിൽ കിടന്നുരുണ്ടു. പിന്നെ ഫോണെടുത്ത് സുഹൃത്തായ അരവട്ടൻ എഴുത്തുകാരനെ വിളിച്ചു.
” ചേട്ടാ…എന്റെ കയ്യിൽ വിഷമുണ്ട്. ഞാനിത് കഴിക്കും. നിക്ക് മടുത്തു ചേട്ടാ…മടുത്തു. ഞാനൊരു പരാജമാണ്‌ ചേട്ടാ…. ഞാനൊരു വമ്പൻ പരാജയമാണ്” സച്ചു പൊട്ടിക്കരഞ്ഞു
” എടാ…നിനക്കിപ്പോളിങ്ങനെ തോന്നാൻ കാര്യമെന്താ…നിനക്ക് ഒരു കുഴപ്പോം ഇല്ലായിരുന്നല്ലോ..ഇപ്പോയെന്തേ ഒരു പരാജയബോധമൊക്കെ തോന്നാൻ ” പതിഞ്ഞ ശബ്ദത്തിൽ അരവട്ടൻ ചോദിച്ചു.
” എപ്പോഴും ഞാൻ യാത്രയിലായിരുന്നില്ലേ ചേട്ടാ… ഞാൻ ആരാണെന്നോ എന്താണെന്നോ ചിന്തിക്കുവാനുള്ള സമയമുണ്ടായിരുന്നില്ല…സുഹൃത്തുക്കളുമായി ബൈക്കുമെടുത്തങ്ങിറങ്ങും …പിന്നെ കാഴ്ചകൾ തേടിയലയും …അത്ര തന്നെ” വിങ്ങുന്ന ഹൃദയം സച്ചു തുറന്നിട്ടു.
“നീ ആവിശ്യമില്ലാത്തതൊന്നും ആലോചിച്ചു കൂട്ടണ്ട…ഇതെല്ലാം മാറിക്കൊള്ളും…നീയൊരു പുതിയ മനുഷ്യനാകും…നീ സമാധാനമായി ഉറങ്ങിക്കോ” അരവട്ടൻ ആശ്വസിപ്പിച്ചു. നിലാവെളിച്ചം പെയ്യുന്ന പൗർണ്ണമി രാവിൽ മഞ്ഞു പെയ്യുന്ന താഴ്‌വാരങ്ങളുടെയും, വെള്ളിമാമലകളുടെയും, പ്രക്ഷുബ്ധമായി ഒഴുകുന്ന നദികളുടെയും സങ്കൽപ്പങ്ങളിൽ മുഴുകി സച്ചുവിന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു.

അടുത്ത ദിവസം. ഉച്ചക്ക് ഒരു മണി. സച്ചു ഉണർന്നെണീറ്റ്‌ ആഹാരത്തിനായി എത്തുന്ന സമയം. എന്നാൽ സച്ചുവിനെ കാണുന്നില്ല. ഊണൊക്കെ ഒരുക്കി കുടുബത്തിലെ ആൺതരിക്ക് വേണ്ടി മാതാവ് കാത്തിരിക്കുന്നുണ്ട്. എന്നാൽ സച്ചു വാതിൽ തുറക്കുന്നില്ല. രണ്ട്‌ മണി കഴിഞ്ഞു. മൂന്ന് മണി കഴിഞ്ഞ് ഇപ്പോൾ അഞ്ച് മണിയായിരിക്കുന്നു. മാതാവും സഹോദരിയും ഭയന്നു. അവർ വാതിലിൽ ആവർത്തിച്ച് മുട്ടി. മറുപടിയില്ല. മാതാവിന്റെ വെപ്രാളം കണ്ട് പിതാവും ഓടിയെത്തി. വാതിൽ മുട്ടുന്ന വെപ്രാളത്തിനിടയിൽ ഭീതിയോടെ ആ സത്യം സഹോദരി വെളിപ്പെടുത്തി,
” അമ്മേ…ചേട്ടനിന്നലെ സുരേന്ദ്രൻ ചേട്ടന്റടുത്തീന്ന് എലിവിഷം വാങ്ങിച്ചെന്ന് സുരേന്ദ്രൻ ചേട്ടൻ പറഞ്ഞായിരുന്നു”
” അയ്യോ…എന്റെ പൊന്ന് മോനേ…നീ കടുംകൈ ചെയ്തോടാ” മാതാവ് അലമുറയിട്ട് കരഞ്ഞു. സഹോദരിയുടെ ഭീതി പരത്തുന്ന വാക്കുകൾ പിതാവിനെ ചൊടിപ്പിച്ചു.
” എടാ…നീ തുറക്കുന്നോ…അതോ ഞാൻ ചവിട്ടി തുറക്കണോ “? രക്ഷയില്ല….! രണ്ടും കൽപ്പിച്ച് വാതിലിൽ ചവിട്ടാനായി പിതാവ് കാല് ഉയർത്തിയതും മിന്നൽ വേഗത്തിൽ സച്ചു വാതിൽ തുറന്നു. ഉന്മേഷത്തിന്റെ പ്രസരിപ്പ് സച്ചുവിന്റെ മുഖത്ത് നിഴലിച്ചു. മാതാവിനരികിലെത്തി അവൻ വാത്സല്യത്തോടെ മൊഴിഞ്ഞു,
” അമ്മേ….അച്ഛനോട് പറഞ്ഞ് രണ്ട്‌ വാഴയ്ക്കുള്ള കന്നു സംഘടിപ്പിച്ചു തരാമോ, ഞാനൊരു പുതിയ മനുഷ്യനായി അമ്മേ…ഇപ്രാവശ്യം ഞാൻ ഒറിജിനലായി തന്നെ വാഴ കൃഷി ചെയ്യും”
ശരീരത്തിലെ ഊർജ്ജപ്രവാഹം മുഴുവൻ ആവാഹിച്ചെടുത്ത് മാതാവിന്റെ വലത്തെ കരം സച്ചുവിന്റെ ഇടത്തെ കവിൾത്തടം ലക്ഷ്യമാക്കി പാഞ്ഞടുത്തു. ആയിരം പൊന്നീച്ചകളെ കാതിൽ നിന്നും പറപ്പിച്ചു കൊണ്ട് മാതാവിന്റെ പ്രഹരം സച്ചുവിന്റെ കവിൾത്തടത്തിൽ പതിഞ്ഞു.
“പ്ഫാ…അവന്റെയൊരു വാഴയും കൃഷിയും ഫോട്ടോയെടുപ്പും…വീട്ടുകാരെ പറ്റിച്ചവന് ഊര് തെണ്ടിനടക്കാൻ പറ്റാത്തതിന്റെ
കൊഴുപ്പല്ലടാ നിനക്ക്…മര്യാദക്ക് ഒണ്ടാക്കി വെച്ചിരിക്കുന്നത് ഞണ്ണിയിട്ട് പൊക്കോ… ഇനി ഊരുതെണ്ടി നടക്കാനുള്ള കാശ് പണിയെടുത്ത് ഒണ്ടാക്കിക്കൊള്ളണം..അഹങ്കാരി!”
മാതാവിന്റെ മാസ് ഡയലോഗ് കേട്ട് പിതാവ് നിശബ്ദനായി മാറി നിന്നു. സഹോദരി സ്തബ്ധയായി. പ്രഹരം പതിഞ്ഞ കവിൾത്തടം തലോടിക്കൊണ്ട് ആർത്തിയോടെ ആഹാരം കഴിച്ച് പാത്രം കഴുകി വെടുപ്പാക്കി സച്ചു തന്റെ ലോകത്തിലേക്ക്‌ മടങ്ങി. ഉടൻ തന്നെ ഫേസ്ബുക്കിൽ സ്റ്റാറ്റസ് അപ്ഡേഷനും വന്നു
Sachu- Travelling from Dining hall to bedroom

Anupriya Raj….


 

 

You might also like

-