എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.

പ്രദേശത്ത് ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയാണ്.

0

കൊച്ചി :എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. എടത്തല കൊമ്പാറ സ്വദേശിയായ ഒൻപതുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.രോഗലക്ഷണങ്ങളെ തുടർന്ന് ഈ മാസം 14നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഏപ്രിൽ 19 ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ചെന്നൈയിലേക്ക് കുടുംബത്തോടൊപ്പമുള്ള യാത്രാവേളകളിൽ പുറത്തു നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നായിരിക്കാം കുട്ടിയ്ക്ക് ഷിഗെല്ല രോഗബാധയുണ്ടായത് എന്ന് സംശയിക്കുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
പ്രദേശത്ത് ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയാണ്. പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിക്കുകയും സൂപ്പർ ക്ലോറിനേഷൻ നടത്തുകയും ചെയ്തിട്ടുണ്ട്. നിലവിൽ പ്രദേശത്തെ ആർക്കും തന്നെ സമാന രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.ഈ വർഷം ജില്ലയിൽ 6 ഷിഗല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

എന്താണ് ഷിഗെല്ല

ഇ.കോളിയുമായി ജനിതകമായി അടുത്ത ബന്ധമുള്ള ബാക്ടീരിയയുടെ ഒരു ജനുസ്സാണ് ഷിഗെല്ല ,ഇതൊരു ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയയാണ്. 1897-ൽ ജാപ്പനീസ് മൈക്രോബയോളജിസ്റ്റ് ആയ ‘കിയോഷി ഷിഗ’ ആണ് ഈ രോഗാണുവിനെ തിരിച്ചറിഞ്ഞത്. അക്കാലത്ത് ജപ്പാനിൽ പൊട്ടിപ്പുറപ്പെട്ട ചുവന്ന വയറിളക്കം എന്ന അസുഖത്തെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങളിൽ നിന്നാണ് അദ്ദേഹത്തിന് ഈ രോഗാണുവിനെ തിരിച്ചറിയാനായത്. അന്ന് അദ്ദേഹം ഇതിന് നൽകിയത് ‘ബാസില്ലസ് ഡിസെൻറ്രിയേ’ എന്ന നാമം ആയിരുന്നെങ്കിലും പിന്നീട് 1930 അത് ‘ഷിഗല്ല’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
ഷിഗെല്ലോസിസ് ലക്ഷണങ്ങൾ
വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം.രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ഇതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. എല്ലാ ഷി​െഗല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. രണ്ടുദിവസം മുതൽ ഏഴു ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു.

പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും.

തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം “ഷോക്ക്” എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം. ഇതോടൊപ്പം ചെറിയ കുട്ടികളിൽ ജന്നി വരാനുള്ള സാധ്യതയും അധികമാണ്. തുടർച്ചയായ വയറിളക്കം റെക്ടൽ പ്രൊലാപ്സിലേക്ക് (വൻകുടലിൻറെ ഉള്ളിലെ ശ്ലേഷ്മസ്തരം മലദ്വാരത്തിലൂടെ പുറത്തേക്ക് തള്ളി ഇറങ്ങുന്ന അവസ്ഥ) നയിച്ചേക്കാം. കൃത്യമായ ചികിത്സ ലഭിക്കാത്ത പക്ഷം അപൂർവം ചില ആളുകളിൽ ഈ രോഗം ഹീമോലിറ്റിക് യൂറീമിക് സിൻഡ്രോം എന്ന അവസ്ഥയിലേക്ക് നയിക്കുന്നത് വഴി വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം. മറ്റുചിലരിൽ വൻകുടലിൻറെ ചലനശേഷി നഷ്ടപ്പെട്ട് അതിനുള്ളിൽ രോഗാണു പെറ്റു പെരുകി പഴുപ്പ് വയറിനു ഉള്ളിലേക്ക് ബാധിച്ച് പെരിടോണിറ്റിസ് എന്ന അവസ്ഥയിലേക്കു നയിക്കാം.

രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. രണ്ടുമുതൽ ഏഴുദിവസംവരെ രോഗലക്ഷണങ്ങൾ കാണപ്പെടും. ചിലകേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും.

You might also like

-