പാഠപുസ്തകങ്ങൾക്കൊപ്പം കഞ്ചാവ് രണ്ടുപേർ പിടിയിൽ 65 കിലോ കഞ്ചാവും കസ്റ്റഡിയില്‍
മൂലവട്ടം തെക്കേകുറ്റി കാട്ടില്‍ പ്രദീപിന്‍റെ മകന്‍ ആനന്ദ് (24) , കല്ലറ പുതിയകല്ലുമടയില്‍ റജിമോന്‍റെ മകന്‍ അതുല്‍ (29) എന്നിവരാണ് എം.സി.റോഡില്‍ ഏറ്റുമാനൂര്‍ പാറോലിക്കലിനു സമീപം കഞ്ചാവുമായി പിടിയിലായത്.
കോട്ടയം: സിബിഎസ്ഇ പാഠപുസ്തകങ്ങളോടൊപ്പം നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കഞ്ചാവ് കടത്തിയ രണ്ടുപേരെ ഏറ്റുമാനൂരില്‍ എക്സൈസ് സംഘം പിടികൂടി. കോട്ടയം മൂലവട്ടം തെക്കേകുറ്റി കാട്ടില്‍ പ്രദീപിന്‍റെ മകന്‍ ആനന്ദ് (24) , കല്ലറ പുതിയകല്ലുമടയില്‍ റജിമോന്‍റെ മകന്‍ അതുല്‍ (29) എന്നിവരാണ് എം.സി.റോഡില്‍ ഏറ്റുമാനൂര്‍ പാറോലിക്കലിനു സമീപം കഞ്ചാവുമായി പിടിയിലായത്.ബംഗളൂരുവില്‍ നിന്നും ലോറിയില്‍ കൊണ്ടു വരികയായിരുന്ന സിബിഎസ്ഈ പാഠപുസ്തകങ്ങളോടൊപ്പം ഒളിപ്പിച്ചു കടത്തിയ 65 കിലോ കഞ്ചാവും കസ്റ്റഡിയില്‍ എടുത്തു.എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് രൂപം കൊടുത്തിട്ടുള്ള പ്രത്യേകസംഘം വാളയാര്‍ മുതല്‍ ലോറിയെ പിന്തുടര്‍ന്നാണ് ഏറ്റുമാനൂരില്‍ പിടികൂടിയത്. തിരുവനന്തപുരം നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കോട്ടയം, ഏറ്റുമാനൂര്‍ ഭാഗത്തെ ലഹരി മാഫിയയ്ക്കായി സ്ഥിരമായി ലോറിയില്‍ കഞ്ചാവ് എത്തിച്ചു വരികയായിരുന്നു ഇവര്‍.
ആനന്ദിന്‍റേതാണ് ലോറി. കോട്ടയം ഇല്ലിക്കല്‍ ഭാഗത്ത് അരുണ്‍ഗോപന്‍ എന്ന വ്യക്തിക്ക് എത്തിക്കാനുള്ള കഞ്ചാവാണിതെന്ന് പിടിയിലായ യുവാക്കള്‍ പറയുന്നു.ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് സ്ഥിരമായി എത്തിക്കുന്നത്. പഴക്കുലകളുമായി എത്തിയ ലോറിയിലാണ് ഇക്കുറി കഞ്ചാവ് ബംഗളുരു വരെ എത്തിച്ചത്. അവിടെനിന്നും എറണാകുളം ഇടപ്പള്ളിയിലേക്ക് പാഠപുസ്തകങ്ങളുമായി പോകുന്ന ലോറിയില്‍ കയറ്റി ആനന്ദും അതുലും ഇത് കോട്ടയത്തെത്തിക്കുകയാണ് പതിവ്.പാഠപുസ്തകം എറണാകുളത്ത് ഇറക്കും മുമ്പ് കഞ്ചാവ് കോട്ടയത്തെത്തിച്ച് തിരികെ പോകുകയാണ് ചെയ്യുന്നത്. ഇതിന് മുമ്പ് നാല്‍പത് കിലോ കഞ്ചാവ് ഇതുപോലെ ഇവര്‍ കോട്ടയത്ത് എത്തിച്ചിരുന്നു. സബ് ഇന്‍സ്പെക്ടര്‍ അനൂപ് സി നായരുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.