മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അനന്തപുരി വിടനൽകി
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വിവിധ കേന്ദ്രങ്ങളിൽ വി എസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം|മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിച്ച് തലസ്ഥാനം. ആയിരങ്ങളുടെ യാത്രാമൊഴിയോടെ കേരളത്തിന്റെ പ്രിയ നേതാവ് വി എസിന്റെ അവസാന യാത്ര ആലപ്പുഴയിലേക്ക്.
ഇനി തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലേക്കാണ് യാത്ര. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. വഴിനീളെ പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും വിഎസിന് ആദരമർപ്പിക്കാൻ സൗകര്യം ചെയ്തിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വിവിധ കേന്ദ്രങ്ങളിൽ വി എസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ പ്രത്യേക ബസിലാണ് വി എസിന്റെ മൃതദേഹം ആലപ്പുഴയിലെത്തിക്കുന്നത്.
അണമുറിയാതെ ജനപ്രവാഹമാണ് സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ ഉണ്ടായിരുന്നത്. വിലാപയാത്ര കടന്നുപോകുന്ന ദേശീയപാതയ്ക്ക് ഇരുവശവും ഇപ്പോൾ തന്നെ ആൾക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. മരണവാർത്ത അറിഞ്ഞത് മുതൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് തലസ്ഥാനത്തേക്ക് അനേകം മനുഷ്യർ ഒഴുകിയെത്തുകയും ചെയ്തു.
സമര തീക്ഷ്ണമായ ജീവിതംകൊണ്ട് കേരളത്തിന്റെ സാമൂഹിക മനസാക്ഷിയുടെ നേതാവായി മാറിയ വിഎസിന് ആദരപൂർണ്ണമായ യാത്രാമൊഴിയാണ് തിരുവനന്തപുരം നൽകിയത്. രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരത്ത് ദർബാർ ഹാളിൽ എത്തിച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഎമ്മിന്റെ പിബി അംഗങ്ങൾ, പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ അടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖർ പ്രിയ നേതാവിന് ആദരം അർപ്പിച്ചു. വിവിധ ജില്ലകളിൽ നിന്ന് വിഎസിന്റെ അനുയായികളും ആരാധകരും തലസ്ഥാനത്തേക്ക് ഒഴുകിയെത്തി. പാർട്ടിയിലെ പോരാട്ട കാലത്ത് വിഎസിനൊപ്പം നിന്ന പ്രമുഖർ എല്ലാം അവസാനമായി അദ്ദേഹത്തെ കണ്ടു.രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധൻ രാവിലെ 9 മണിവരെ സ്വവസതിയിലും 10 മണിയോടെ സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവയ്‌ക്കും. ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങൾക്ക് പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ആലപ്പുഴ വലിയ ചുടുകാട്ടിൽ ഔദ്യോഗിക ചടങ്ങുകളോടെ സംസ്കാരം