കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി
കൊല്ലം ആശ്രാമം പിഡബ്ല്യൂഡി വനിതാ ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളാണ് അക്രമാസക്തനായത്
കൊല്ലം: കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി. കൊല്ലം ആശ്രാമം പിഡബ്ല്യൂഡി വനിതാ ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളാണ് അക്രമാസക്തനായത്. നിരീക്ഷണ കേന്ദ്രത്തിന്റെ ജനല്‍ച്ചില്ലകള്‍ അടിച്ചു തകര്‍ത്ത ഇയാള്‍ നഴ്‌സുമാരെ ആക്രമിക്കുകയും ചെയ്തു. പടപ്പക്കര സ്വദേശിയായ പ്രവാസിയാണ് അക്രമാസക്തനായത്.
നഴ്‌സുമാരെ ആക്രമിച്ച ഇയാള്‍ ഉടുത്തിരുന്ന കൈലി മാറ്റി പാന്റ് ധരിച്ചെത്തി കൈലി ഉപയോഗിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. കൂടാതെ ഗ്രില്ലിലൂടെ ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാളുടെ കഴുത്തില്‍ കുത്തിപ്പിടിക്കാനും ചെന്നു. അകത്തു കയറിയ നഴ്‌സിനെ കുപ്പികൊണ്ട് അടിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വാതിലിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തത്. ഇതിനെ തുടര്‍ന്ന് കൈ മുറിഞ്ഞെങ്കിലും ഡ്രസ് ചെയ്യാന്‍ സമ്മതിച്ചില്ല. എന്നാല്‍ പോലീസ് വന്നപ്പോള്‍ നല്ലരീതിയില്‍ സംസാരിക്കുകയും ചെയ്തതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഇയാള്‍ മാനസികരോഗത്തിന് മരുന്നുകഴിക്കുന്ന കാര്യം വീട്ടുകാര്‍ മറച്ചുവെയ്ക്കുകയായിരുന്നു എന്നാണ് സൂചന. ഞായറാഴ്ച വൈകുന്നേരമാണ് ഇയാളെ നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ നഴ്‌സുമാരോട് ഇയാള്‍ വെള്ളവും ചായയും ആവശ്യപ്പെട്ടു. ഇവര്‍ ഇയാള്‍ക്ക് വെള്ളം നല്‍കി. ഇയാളുടെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞപ്പോള്‍ ചായ എത്തിക്കാമെന്നും പറഞ്ഞു. എന്നാല്‍ വീട്ടില്‍നിന്ന് ആരും എത്തിയില്ല. തുടര്‍ന്ന് ചായ വാങ്ങിക്കൊടുക്കാമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളോടു പറഞ്ഞു. എന്നാല്‍ ഇതിനു പിന്നാലെ ഇയാള്‍ അക്രമാസക്തനാവുകയായിരുന്നു.