കേരളത്തിൽ തമ്മിലടിക്കുന്നവർ ത്രിപുരയിൽ ഒന്നിച്ചപ്പോൾ ജനം തെരഞ്ഞെടുത്തത് ബിജെപിയെയാണെന്ന് അമിത് ഷാ
ഒരു ലക്ഷത്തി പതിനയ്യായിരം കോടി മോദി സർക്കാർ ടാക്സ് ഇനത്തിൽ കേരളത്തിന് നൽകി. കോൺഗ്രസ് ഭരിച്ചപ്പോഴിത് 45 ആയിരം കോടി മാത്രം. ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നവർക്ക് സൗകര്യമൊരുക്കാൻ 300 കോടി കേന്ദ്രം നൽകി
തൃശ്ശൂർ | കേരളത്തിൻ്റെ വികസനം കോൺഗ്രസിനെക്കൊണ്ടും കമ്മ്യൂണിസ്റ്റിനെക്കൊണ്ടും സാധ്യമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല, എന്നാണ് തീയണക്കാൻ സാധിക്കുകയെന്നും അമിത് ഷാ ചോദിച്ചു.2024 ൽ നരേന്ദ്ര മോദിക്ക് ഒരിക്കൽ കൂടി അവസരം നൽകണമെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ നിന്നും ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ച് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.”ലൈഫ് മിഷൻ അഴിമതിയിലും സ്വർണ്ണക്കടത്ത് കേസിലും പിണറായി സർക്കാരിന് മിണ്ടാട്ടമില്ല. 2024 ലെ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ നിങ്ങളെക്കൊണ്ട് ഉത്തരം പറയിപ്പിക്കും”
കേരളത്തിൽ തമ്മിലടിക്കുന്നവർ ത്രിപുരയിൽ ഒന്നിച്ചപ്പോൾ ജനം തെരഞ്ഞെടുത്തത് ബിജെപിയെയാണെന്ന് അമിത് ഷാ തൃശ്ശൂരിൽ പറഞ്ഞു. കേരളത്തെ രക്ഷിക്കാൻ വേണ്ടിയാണ് മോദി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചെന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന് വേണ്ടി കേന്ദ്രം അനുവദിച്ച തുകയുടെ കണക്കുകള്‍ എണ്ണിപറഞ്ഞ അമിത് ഷാ, കോൺഗ്രസും സിപിഎമ്മും ഇത് ചെയ്യില്ലെന്നും അവർ വോട്ട് ബാങ്കിന് പിന്നിലാണെന്നും കുറ്റപ്പെടുത്തി.
24 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ തുടക്കമാണ് ഇന്നത്തെ റാലിയെന്നും കഴിഞ്ഞ 9 കൊല്ലം കൊണ്ട് മോദി രാജ്യത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ പറഞ്ഞു. യുപിഎ കാലത്ത് പാക് തീവ്രവാദികൾ അക്രമം നടത്തിയാലും വോട്ട് ബാങ്കിനായി സർക്കാർ മിണ്ടാതിരുന്നിരുന്നു. എന്നാൽ മോദിയുടെ കാലത്ത് തീവ്രവാദികളുടെ വീട്ടിൽ കയറിയും തിരിച്ചടി നൽകി. കമ്യൂണിസ്റ്റിനെ ലോകവും കോൺഗ്രസിനെ രാജ്യവും നിരാകരിച്ചിരിക്കുകയാണ്. കേരളത്തിൽ പരസ്പരം തല്ലുന്നവർ തൃപുരയിൽ ഒന്നിച്ചു. എന്നാല്‍, ജനങ്ങൾ വിജയിപ്പിച്ചത് ബിജെപിയെയാണ്. ലോകാരാധ്യനായ മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് ഒരു കോൺഗ്രസ്സുകാരൻ പറഞ്ഞു. രാഹുൽ ഗാന്ധിയോട് പറയാനുള്ളത് എത്രത്തോളം മോദിയെ അതിർക്കുന്നോ അത്രത്തോളം മോദി ശക്തനാകുമെന്നുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഒരു ലക്ഷത്തി പതിനയ്യായിരം കോടി മോദി സർക്കാർ ടാക്സ് ഇനത്തിൽ കേരളത്തിന് നൽകി. കോൺഗ്രസ് ഭരിച്ചപ്പോഴിത് 45 ആയിരം കോടി മാത്രം. ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നവർക്ക് സൗകര്യമൊരുക്കാൻ 300 കോടി കേന്ദ്രം നൽകി. കേരളത്തെ രക്ഷിക്കാൻ പിഎഫ്ഐയെ നിരോധിക്കാൻ മോദി സർക്കാർ തയാറായി. കാസർകോടിന് 50 മെഗാവാട്ട് സൗരോർജ പദ്ധതിയ്ക്ക് അംഗീകാരം നൽകി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1950 കോടി രൂപ അനുവദിച്ചു. മൂന്ന് പ്രധാന റയിൽവെ സ്റ്റേഷനുകളെ വിമാനത്താവള നിലവാരത്തിൽ ഉയർത്താൻ തീരുമാനിച്ചു.ശബരിമല ഭക്തർക്ക് ഉൾപ്പെടെ യാത്രാസൗകര്യത്തിന് പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കി. ദേശീയപാത 66 ന് 55,000 കോടി രൂപയാണ് അനുവദിച്ചത്. കൊച്ചിയിൽ ഭാരത് പെട്രോളിയം കോംപ്ലക്സിനായി 6, 200 കോടി രൂപ അനുവദിച്ചു. കേരളത്തിലെ 20 ലക്ഷം കർഷകർക്കായി മോദി സർക്കാർ വർഷം 6000 രൂപ നൽകി. 17 ലക്ഷം കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് നടപ്പാക്കി. തൊഴിലുറപ്പ് പദ്ധതിയിൽ മാത്രം കേരളത്തിന് നൽകിയത് 8,500 രൂപയാണ്. മറ്റൊരു സംസ്ഥാനത്തിനും നൽകിയിട്ടില്ല. ഗുരുവായൂരിൽ 317 കോടി രൂപ നൽകി. കോൺഗ്രസും സിപിഎമ്മും അത് ചെയ്യില്ല. അവർ വോട്ട് ബാങ്കിന് പിന്നിലാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
“പോപ്പുലർഫ്രണ്ടിനെ നിരോധിച്ച് കേരളത്തെ രക്ഷിക്കാൻ മോദി സർക്കാരിനായി. കോൺഗ്രസോ കമ്മ്യൂണിസ്റ്റോ ഇതിനെ സ്വാഗതം ചെയ്തില്ല. വോട്ട് ബാങ്കിൻ്റെ നീരാളിപ്പിടുത്തമാണ് കാരണം. എന്നാൽ രാജ്യത്തിൻ്റെ സുരക്ഷയിൽ ബിജെപി വിട്ടുവീഴ്ച്ച ചെയ്യില്ല” ലൈഫ് മിഷൻ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ് സർക്കാർ. ശിവശങ്കരൻ അറസ്റ്റിലായി. ജയിലിലായതിന് പിണറായി മറുപടി പറയണം. സ്വർണ്ണക്കടത്തിനെപ്പറ്റി മറുപടിയില്ല. 24 ലെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചോദിക്കുമെന്നും ഉത്തരം പറയിക്കുമെന്നും അമിത് ഷാ പറഞ്ഞു.തൃശ്ശൂരിലെ തേക്കിൻകാട് മൈതാനത്ത് നടന്ന ബിജെപിയുടെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.