ഫുട്ബോള്‍ താരം അഹമ്മദ് റാദി കോവിഡ് ബാധിച്ച് മരിച്ചു
ബാഗ്ദാദിലെ ആശുപത്രിയില്‍ ഒരാഴ്ച മുന്‍പാണ് കോവിഡ് ബാധിച്ച് അദ്ദേഹത്തെ ചികിത്സക്ക് എത്തിച്ചത്.
ബാഗ്‌ദാദ് :ഇറാഖിലെ പ്രമുഖ ഫുട്ബോള്‍ താരം അഹമ്മദ് റാദി കോവിഡ് ബാധിച്ച് മരിച്ചു. 56 വയസ്സായിരുന്നു. ബാഗ്ദാദിലെ ആശുപത്രിയില്‍ ഒരാഴ്ച മുന്‍പാണ് കോവിഡ് ബാധിച്ച് അദ്ദേഹത്തെ ചികിത്സക്ക് എത്തിച്ചത്. റാദിയുടെ മരണത്തില്‍ ഫിഫ ദുഖം രേഖപ്പെടുത്തി.
1986ലെ ലോകകപ്പില്‍ റാദി നേടിയ ഗോള്‍ ചരിത്രമായിരുന്നു. ബെല്‍ജിയത്തിനെതിരെ റാദി നേടിയ ആ ഒരു ഗോള്‍ ആണ് ലോകകപ്പില്‍ ഇറാഖ് നേടിയ ഏക ഗോള്‍. 1984, 88 വർഷങ്ങളിൽ ഇറാഖ് ഗൾഫ് കപ്പ് ചാമ്പ്യൻമാരായപ്പോൾ ടീമിൽ പകരം വെക്കാനാവാത്ത താരമായി റാദി. 88ൽ ഏഷ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം നേടി. ദേശീയ ജഴ്സിയിൽ 121 മത്സരങ്ങളിൽ നിന്നായി 62 ഗോളുകള്‍ നേടിയിരുന്നു.
കോവിഡ് വ്യാപനത്തിനിടയിലും നിയന്ത്രണങ്ങളില്‍ അയവ് വരുത്തുകയാണ് വിവിധ രാജ്യങ്ങള്‍. യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ സ്പെയിന്‍ തുറന്നു. വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് സ്പെയിന്‍. ബ്രിട്ടണും കൂടുതല്‍ ഇളവുകളിലേക്ക് നീങ്ങുകയാണ്. ജൂലൈ 4 മുതല്‍ കൂടുതല്‍ വ്യാപാര രംഗത്ത് കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ നാളെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനമുണ്ടാകും. ഇളവുകള്‍ വരുത്തിയാലും രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കണം എന്ന നിബന്ധന വെക്കും.
അതേസമയം അമേരിക്കയില്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുറക്കാന്‍ താന്‍ ഉത്തരവിട്ടതായി പ്രസിഡന്റ് ട്രംപ് പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത് കുറക്കാനാണ് ടെസ്റ്റുകളുടെ എണ്ണം കുറക്കുന്നതെന്ന് ട്രംപ് പൊതുവേദിയില്‍ പറഞ്ഞു. ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നത് രണ്ടറ്റം മൂര്‍ച്ചയുള്ള വാളാണെന്നും ട്രംപ് പറഞ്ഞു. അതിനിടെ ചൈനക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും ട്രംപ് രംഗത്തെത്തി. കോവിഡ‍് 19 ”’കുങ് ഫ്ലു” ആണെന്നായിരുന്നു പരിഹാസം.