കാട്ടു നീതിക്കെതിരെ.. വയനാട്ടിൽ പ്രതിക്ഷേധം രൂക്ഷം കർഷകർക്ക് നേരെ പോലീസ് ലാത്തി വീശി, എം എൽ ക്ക് നേരെ കുപ്പികൾ വലിച്ചെറിഞ്ഞു .
ജനം വനംവകുപ്പിന്റെ വാഹനം തടഞ്ഞു. ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറി. ജീപ്പിന് മുകളിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. കേണിച്ചിറയിൽ കണ്ടെത്തിയ പാതി നിന്ന നിലയിലുളള പശുവിന്റെ ജഡവും പ്രതിഷേധക്കാർ ജീപ്പിന് മുകളിൽകെട്ടിവെച്ചു. വനംവകുപ്പ് ജീവനക്കാർക്കെതിരെയും പൊലീസിനെതിരെയുമാണ് ജനരോഷം ആളിക്കത്തുന്നത്
മാനനന്തവാടി | വയനാട് പുൽപ്പളളിയിൽ കാട്ടാന- വന്യജീവി ആക്രമണങ്ങളിലെ പ്രതിഷേധം സംഘർഷത്തിൽ. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായി. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും കസേരയുമെറിഞ്ഞു. പ്രതിഷേധം തണുപ്പിക്കാനും ചർച്ചയ്ക്കുമെത്തിയ എംഎൽഎമാർക്കെതിരെ കുപ്പിയേറുണ്ടായി. ജനക്കൂട്ടം ആക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. സമരക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. അനുനയ ശ്രമങ്ങൾക്കൊടുവിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. തുടർന്നാണ് അവരെ പൊലീസ് അടിച്ചോടിച്ചത്. ശക്തമായ പ്രതിഷേധം തുടരുകയാണ്. സമരക്കാർക്കും പൊലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.നഗരത്തിലാകെ ഹർത്താൽ ദിനത്തിൽ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്. സ്ത്രീകളും പ്രതിഷേധ രംഗത്തുണ്ട്.വനിതാ പൊലീസിന്റെ കുറവ് സ്ഥലത്തുണ്ട്.
നേരത്തെ വനംവകുപ്പ് ജീവനക്കാരുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാർ കടുവ കടിച്ചുകൊന്ന കന്നുകാലിയുടെ ജഡം അതിൽ വച്ചുകെട്ടി. വാഹനത്തിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് കീറുകയും ചെയ്തു. വാഹനത്തിൽ റീത്ത് വെക്കുകയും ചെയ്തിരുന്നു. ജനങ്ങളെ നിയന്ത്രിക്കാനെത്തിയ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി.
കാട്ടുനീതി നാട്ടിൽ വേണ്ട എന്ന് മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങളുടെ പ്രതിഷേധം. ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവും വഹിച്ചുകൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ കൂടുതൽ ജനങ്ങൾ ഇവിടേക്ക് സംഘടിച്ചു. വളരെ വൈകാരികമായാണ് ജനങ്ങൾ പ്രതികരിക്കുന്നത്. വനംവകുപ്പിന്റെ വാഹനം തടഞ്ഞ് ജീവനക്കാരനെ പ്രതിഷേധക്കാർ തടഞ്ഞുവെക്കുകയായിരുന്നു. ഇതിനിടെയാണ് കേണിച്ചിറയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട കന്നുകാലിയുടെ ജഡവുമായി ചിലർ എത്തിയതും ജഡം വാഹനത്തിന്റെ ബോണറ്റിൽ വച്ചുകെട്ടിയതും. വനംവകുപ്പ് ജീവനക്കാരുമായും പൊലീസുമായും പ്രതിഷേധക്കാർ കയ്യേറ്റത്തിലേക്ക് നീങ്ങുന്ന അവസ്ഥ വരെയുണ്ടായി.
പോളിന്റെ സംസ്കാര ചടങ്ങുകൾ നടക്കേണ്ടതിനാൽ പ്രതിഷേധം അവസാനിപ്പിക്കാൻ വൈദികരുടെ സഹായത്തോടെ പൊലീസ് നീക്കം നടത്തുകയാണ്. ജനങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. പോളിൻ്റെ കുടുംബത്തിന് 50 ലക്ഷം ധനസഹായം നൽകാൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് ഐ സി ബാലകൃഷ്ണന്റെയും ടി സിദ്ദിഖിന്റെയും നേൃത്വത്തിലുള്ള പൊതുപ്രവർത്തകർ ജനങ്ങളെ അറിയിച്ചു. 11 ലക്ഷം ആദ്യം നൽകും. ഭാര്യക്ക് സ്ഥിരം ജോലിയും മകൾക്ക് വിദ്യാഭ്യാസ സഹായവും നൽകാനുള്ള ശുപാർശ ചെയ്യുമെന്നും ജനപ്രതിനിധികൾ അറിയിച്ചു.