ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷക എന്ന നേട്ടം സത്യശ്രീക്ക് സ്വന്തം
ഒട്ടേറെ നിയമപോരാട്ടങ്ങള്‍ ഉള്‍പ്പെടെ നടത്തിയതിനു ശേഷമാണ് അഭിഭാഷകയുടെ കുപ്പായമണിയാന്‍ 36കാരിയായ സത്യശ്രീക്ക് കഴിയുന്നത്.
ചെന്നൈ: ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷക എന്ന നേട്ടം ഇനി തമിഴ്‌നാട് സ്വദേശിനി സത്യശ്രീ ശര്‍മിളക്ക് സ്വന്തം. മദ്രാസ് ഹൈക്കോടതിയിലാണ് സത്യശ്രീ അഭിഭാഷകയായി എന്‍ റോള്‍ ചെയ്തത്.
എന്നാല്‍ ഒരു അഭിഭാഷകയാവുക എന്ന നേട്ടത്തിലേക്കുള്ള തന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് സത്യശ്രീ പറയുന്നു. ഒട്ടേറെ നിയമപോരാട്ടങ്ങള്‍ ഉള്‍പ്പെടെ നടത്തിയതിനു ശേഷമാണ് അഭിഭാഷകയുടെ കുപ്പായമണിയാന്‍ 36കാരിയായ സത്യശ്രീക്ക് കഴിയുന്നത്.സേലം ലോ കോളേജില്‍ നിന്നാണ് നിയമപഠനം പൂര്‍ത്തിയാക്കുന്നത്. ഇതിനിടെ വീടുവിട്ട് മുംബൈയിലേക്ക് കുടിയേറി. അവിടെ വച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള സത്യശ്രീയുടെ ശ്രമങ്ങള്‍ ആരംഭിച്ചു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ആധാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ രേഖകള്‍ കിട്ടുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.
ഒരിക്കള്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച സത്യശ്രീക്ക് സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്ന കോളം പൂരിപ്പിക്കാത്തതിനാല്‍ അത് ലഭിച്ചില്ല. തുടര്‍ന്ന് സുപ്രീംകോടതിയുടെ സഹായത്തോടെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നു രേഖപ്പെടുത്തിയ പാസ്‌പോര്‍ട്ട് ലഭിക്കുന്ന ആദ്യ വ്യക്തിയും സത്യശ്രീ ആയി.ഇതിനിടെയാണ് താന്‍ പഠിച്ച മേഖലയില്‍ ജോലിയെന്ന സ്വപ്‌നം വീണ്ടും സത്യശ്രീയെ തേടിയെത്തുന്നത്. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അഭിഭാഷകരായി എന്‍ റോള്‍ ചെയ്യാന്‍ വകുപ്പില്ല എന്നത് ആ സ്വപ്‌നത്തിന് ഒരു തടസമായി വന്നു. സുപ്രീംകോടതിയുടെ ഇടപെടലില്‍ ആ വിലക്ക് നീങ്ങിയതോടെയാണ് അഭിഭാഷക എന്ന തന്റെ സ്വപ്‌നത്തിലേക്ക് സത്യശ്രീ എത്തുന്നത്.താനും ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് മുന്നോട്ട് വന്നതെന്നും, രാജ്യത്തുള്ള ന്യൂനപക്ഷമായ തന്റെ വിഭാഗത്തെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്നും സത്യശ്രീ പറയുന്നു.