കോവിഡ് ഫണ്ട് തിരിമറി അടിമാലി സഹകരണ ബാങ്കിൽ 2.33 കോടി രൂപ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോര്ട്ട്

അഞ്ച് കോടി രൂപയിൽ 2.33 കോടി രൂപ ആൾ ജാമ്യത്തിലും, 2.61 കോടി സ്വർണ്ണ പണയത്തിലുമാണ് വായ്പ അനുവധിച്ചിരിക്കുന്നതെന്നും അടിമാലി എ.ആറിന്റെ റിപ്പോർട്ടിലുണ്ട്

0

തൊടുപുഴ : യു.ഡി.എഫ്. നേതൃത്വം നൽകുന്ന ഇടുക്കി അടിമാലി  സഹകരണ ബാങ്കിൽ നടന്നത് വൻ ക്രമക്കേടാണെന്ന് അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട്. കോവിഡ് ദുരിതബാധിതരായ കർഷകരെ സഹായിക്കാൻ സഹകരണബാങ്കിന് നബാർഡ് അനുവദിച്ച അഞ്ച് കോടി രൂപ വായ്പ നൽകിയതിലാണ് തട്ടിപ്പ് നടന്നത്. ഈ തുക അംഗങ്ങളുടേയും ജീവനക്കാരുടേയും ബന്ധുക്കളുടെ പേരിൽ വായ്പയായി അനുവദിച്ചത് ക്രമവിരുദ്ധമായാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബാങ്കിനെതിരെ ആരോപണം ഉയർന്നതിനേ തുടർന്നാണ് ജോയിന്റ് രജിസ്ട്രാറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. അഞ്ച് കോടി രൂപയിൽ 2.33 കോടി രൂപ ആൾ ജാമ്യത്തിലും, 2.61 കോടി സ്വർണ്ണ പണയത്തിലുമാണ് വായ്പ അനുവധിച്ചിരിക്കുന്നതെന്നും അടിമാലി എ.ആറിന്റെ റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ടിൽ പറയുന്നവ:

അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ

* ബാങ്കിന്റെ നിയമ പ്രകാരം ആൾ ജാമ്യത്തിൽ കാർഷിക വായ്പയായി 25,000 രൂപ മുതൽ ഒരു ലക്ഷം വരെ നൽകാം.എന്നാൽ രണ്ട് ലക്ഷം വരെ വായ്പ നൽകിയതായി കണ്ടെത്തിയത്. ഇത് രജിസ്ട്രാറുടെ സർക്കുലറിനും എതിരാണ്.
* ചില വായ്പകളിൽ ആധാരത്തിന്റെ അസലുണ്ട്. എന്നാൽ ചിലതിൽ പകർപ്പാണിള്ളത്. ആധാരങ്ങൾ ഗഹാൻ ചെയ്തിട്ടില്ല. അതിനാൽ ഈ രേഖകൾ വായ്പയുടെ ഈടായി പരിഗണിക്കാൻ കഴിയില്ല.
* പല വായ്പക്കും പാട്ട കരാർ മാത്രം. ഭൂമിയുടെ മറ്റ് രേഖകൾ ഇല്ല. രേഖകളിൽ ചിലത് കയ്യെഴുത്ത് പ്രതി, ചിലത് കംപ്യൂട്ടർ പ്രിൻറ്. നിയമ പ്രകാരം പാട്ട കരാർ രജിസ്റ്റർ ചെയ്യണം. ഇത് ഉണ്ടായിട്ടില്ല.ഇതിനാൽ ഇവയെല്ലാം അസാധുവാണ്.
* 10 സെൻറ് ഭൂമിയുടെ രേഖ ഹാജരാക്കിയാണ് രണ്ട് ലക്ഷം രൂപ വരെ
കാർഷിക വായ്പയായി അനുവധിച്ചിരിക്കുന്നത്. ഒരേ ഭൂമിയുടെ രേഖകൾ ഉപയോഗിച്ചാണ് ഒരു കുടുംബത്തിലെ അംഗങ്ങൾ എല്ലാവരും ഒന്നിലേറെ വായ്പകൾ അനുവധിച്ചിരിക്കുന്നത്
* 11 ഭരണസമിതി അംഗങ്ങളും 15 ജീവനക്കാരും അവരുടെ ബന്ധുക്കളുടെ പേരിൽ
വായ്പ എടുത്തിട്ടുണ്ട്. ബാങ്ക് പ്രസിഡന്റ് ബന്ധുക്കളുടെ പേരിൽ 14 ലക്ഷം രൂപയും, വൈസ് പ്രസിഡൻറ് 4 ലക്ഷം രൂപയും വായ്പകളിലായി എടുത്തിട്ടുണ്ട്.

കോവിഡ് കാലത്ത് ദുരിതം അനുഭവിച്ച കർഷകരെയും ചെറുകിട വ്യവസായ മേഖലയേയും സഹായിക്കുവാൻ നബാർഡ് കേരള ബാങ്ക് വഴി കേരളത്തിലെ സഹകരണ ബാങ്കുകൾക്ക് അഞ്ച് കോടി രൂപ അനുവധിച്ചിരുന്നു. ആറ് ശതമാനം പലിശക്ക് ഒരാൾക്ക് ഒരു ലക്ഷം രൂപ എന്നായിരുന്നു നിർദ്ദേശം. എന്നാൽ സർക്കാർ മാനദണ്ഡം മറികടന്ന് ബാങ്കിൽ വായ്പ അനുുവധിച്ചതായാണ് രജിസ്റ്റർക്ക് പരാതി ലഭിച്ചിരിക്കുന്നത്.

ഈ 5 കോടി രൂപയുടെ സഹായം ഇടുക്കിയിൽ പൂർണമായി വിനിയോഗിച്ചത് അടിമാലി സഹകരണ ബാങ്ക് മാത്രമാണ്. ഇതിൽ സംശയം തോന്നി സഹകരണ വകുപ്പ് പ്രാഥമികമായി നടത്തിയ അന്വേഷണമാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്.
ഒരു കുടുംബത്തിലെ നാലും അ‍ഞ്ചും പേർക്ക് വരെ ആളൊന്നിന് രണ്ടു ലക്ഷം രൂപ വീതമുള്ള വായ്പ അനുവദിച്ചു.
ഈ ബാങ്കിലെ ഉദ്യോഗസ്ഥരുടെയും ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളാണ് പണം ലഭിച്ചതിൽ ഏറെയും. ആകെ 117 പേർക്ക് വായ്പ അനുവധിച്ചു. കൂടുതലും രണ്ട് ലക്ഷം രൂപ വീതം. വായ്പ കൈപ്പറ്റിയവരിൽ കർഷകർ കുറവാണ്.
കർഷകർക്കും കച്ചവടക്കാർക്കും ലഭിക്കേണ്ട വായ്പത്തുക തട്ടിയെടുത്തതിൽ അധ്യാപകരും വാണിജ്യനികുതി ഉദ്യോഗസ്ഥനും ഉണ്ട്. സഹകരണ സംഘത്തിന്റെ ചട്ടങ്ങൾ ലംഘിച്ച് ബാങ്കിൽ അംഗത്വത്തിന് അപേക്ഷിച്ച ദിവസം തന്നെ അംഗത്വവും വായ്പയും പലർക്കും നൽകിയതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
എന്നാൽ സഹകരണസംഘത്തിന്റെ മാർഗനിർദേശങ്ങൾ പാലിച്ചാണ് വായ്പ വിതരണം നടത്തിയതെന്നും ഭൂമിയോ സ്വർണമോ പണയം സ്വീകരിച്ചാണ് തുക നൽകിയതെന്നും അടിമാലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ പറഞ്ഞു.
ഒരു കുടുംബത്തിലെ ഒന്നിലധികം ആളുകൾക്കു തുക നൽകിയത് അവരുടെ പേരിൽ പ്രത്യേകം ഭൂമി ഉള്ളതുകൊണ്ടാണ്. പരാതികൾ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം അറിയിച്ചു.

You might also like

-