എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ സ്ത്രീയെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ നിർദേശം
നിലവിൽ അരൂർ എസ്എച്ച്ഒ ആയ പ്രതാപ ചന്ദ്രൻ ആണ് ഗർഭിണിയെ ക്രൂരമായി ഉപദ്രവിക്കുന്നത്. ഷൈമോൾ എൻ. ജെ എന്ന സ്ത്രീയുടെ മുഖത്താണ് അടിച്ചത്.
കൊച്ചി|എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി മുഖ്യമന്ത്രി. ഇതിന് പിന്നാലെ, അടിയന്തമായി റിപ്പോർട്ട് നൽകാൻ ക്രമസമാധാന ചുമതലയുള്ള എഡി ജി പി ക്ക് ഡി ജി പി നിർദ്ദേശം നൽകി. എസ് എച്ച് ഒക്കെതിരെ നടപടി ഉണ്ടായേക്കും. നിലവിൽ അരൂർ എസ്എച്ച്ഒ ആയ പ്രതാപ ചന്ദ്രൻ ആണ് ഗർഭിണിയെ ക്രൂരമായി ഉപദ്രവിക്കുന്നത്. ഷൈമോൾ എൻ. ജെ എന്ന സ്ത്രീയുടെ മുഖത്താണ് അടിച്ചത്. ഷൈമോളെ നെഞ്ചത്ത് പിടിച്ചു തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. 2024 ൽ നോർത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
ഹൈകോടതി നിർദേശപ്രകാരമാണ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരാതിക്കാരിക്ക് ലഭിച്ചത്. പൊലീസ് പൊതുസ്ഥലത്ത് വെച്ച് രണ്ടുപേരെ മർദിക്കുന്നത് യുവതിയുടെ ഭർത്താവ് ഫോണിൽ പകർത്തിയിരുന്നു. മഫ്തിയിലെത്തിയ പൊലീസ് ദൃശ്യങ്ങൾ പകർത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പിന്നാലെയാണ് യുവാവിന്‍റെ ഭാര്യ യുവാവിന്‍റെ ഭാര്യ സ്റ്റേഷനിലെത്തിയത്. ഭർത്താവിനെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതാണെന്ന് പറഞ്ഞ് ബഹളം വെച്ച യുവതിയെ എസ്.ഐ പ്രതാപചന്ദ്രൻ മർദിക്കുകയായിരുന്നു. യുവതിയുടെ നെഞ്ചിൽ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാനാകും. സംഭവം നടക്കുമ്പോൾ വനിത പൊലീസുകാർ ഉൾപ്പെടെ സമീപത്തുണ്ടായിരുന്നു. നിലവിൽ അരൂർ സ്റ്റേഷനിലാണ് പ്രതാപ ചന്ദ്രൻ ജോലി ചെയ്യുന്നത്. ഒരു വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ദൃശ്യങ്ങൾ ലഭിച്ചതെന്ന് പരാതിക്കാരി പറയുന്നു.