മമതയുടെ കാലിന് പരിക്കേല്‍ക്കാന്‍ കാരണം ഡോര്‍ വന്ന് ഇടിച്ചാണെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്
കാറിലേക്ക് കയറുന്നതിനിടെ നാലോ അഞ്ചോ പുരുഷന്മാര്‍ വന്ന് അക്രമിച്ചതാണെന്നായിരുന്നു മമതയുടെ ആരോപണം
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാലിന് പരിക്കേല്‍ക്കാന്‍ കാരണം കാറിന്റെ ഡോര്‍ വന്ന് ഇടിച്ചാണെന്ന് ബംഗാള്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന് പിന്നാലെ തൃണമൂൽ കോണ്‍ഗ്രസിനെതിരെ ബി.ജെ.പി രംഗത്തുവന്നു.
മമതയെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയെന്ന് ആരോപിച്ച്, തെരഞ്ഞെടുപ്പ് കമ്മീഷനടക്കം തൃണമൂൽ കോൺഗ്രസ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാള്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ബിജെപി ആയുധമാക്കുന്നത്. സംഭവത്തിന് ശേഷം കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മമത വെളളിയാഴ്ചയാണ് ആശുപത്രി വിട്ടത്.
കാറിലേക്ക് കയറുന്നതിനിടെ നാലോ അഞ്ചോ പുരുഷന്മാര്‍ വന്ന് അക്രമിച്ചതാണെന്നായിരുന്നു മമതയുടെ ആരോപണം. എന്നാൽ നാലഞ്ചു പേര്‍ ചേര്‍ന്ന് അക്രമിച്ചതാണെന്ന കാര്യം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. മമത ബാനര്‍ജിയുടെ വാഹനത്തിന്ചുറ്റും വലിയ ജനക്കൂട്ടമായിരുന്നു. തിരക്കിനിടയില്‍ അബദ്ധത്തില്‍ കാറിന്റെ ഡോര്‍ മുഖ്യമന്ത്രിയുടെ കാലില്‍ വന്ന് ഇടിച്ചതാകാമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.