ആധാറിന് ഭേദഗതികളോടെ നിയമ സാധുത നികുതി അടയ്ക്കാന്‍ ആധാര്‍ വേണം; മൊബൈലോ ബാങ്ക് അക്കൗണ്ടോ ബന്ധിപ്പിക്കേണ്ട
മൊബൈൽ ഫോൺ കണക്ഷൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ആധാർ ഉപയോഗിക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തി. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്നതിലും സുപ്രീം കോടതി വിയോജിച്ചു
ഡൽഹി :ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന മുന്നറിയിപ്പോടെ ആധാറിന് നിയമ സാധുത നല്‍കി സുപ്രീംകോടതി. ഉത്തരവനുസരിച്ച് മൊബൈല്‍ നമ്പരുകളോ ബാങ്ക് അക്കൗണ്ടോആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച വിധി പ്രസ്താവിച്ചുകൊണ്ട്ജസ്റ്റിസ് ജെ. സിക്രി വ്യക്തമാക്കി. 38 ദിവസം നീണ്ട വാദത്തിന് ശേഷം ആധാര്‍ കേസില്‍ ഭരണഘടന സാധുത, ആധാറിനായി ശേഖരിച്ച വിവരങ്ങൾ സുരക്ഷിതമാണോ, ആധാര്‍ സ്വകാര്യതയുടെ ലംഘനമാണോ എന്നീ വിഷയങ്ങളില്‍ നിര്‍ണായക വിധി. ആധാറിന് ഭേദഗതികളോടെ സുപ്രീംകോടതി അംഗീകാരം നല്‍കി. ബാങ്ക് അക്കൗണ്ടിനും മൊബൈൽ കണക്ഷനും പ്രവേശന പരീക്ഷകൾക്കും സ്കൂൾ പ്രവേശനത്തിനും ആധാർ നിർബന്ധമല്ല. ആദായ നികുതിക്കും പാൻകാർഡിനും സർക്കാർ ആനുകൂല്യങ്ങൾക്കും നിർബന്ധമെന്നും കോടതി വ്യക്തമാക്കി.സുപ്രീംകോടതി ഭരണഘടനാബെഞ്ചിൽ ഭൂരിപക്ഷം ആധാറിനനുകൂലമായിരുന്നു.
ആധാറുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങൾക്കാണ് സുപ്രീം കോടതി വിധിയോടെ ഉത്തരമായതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ബെഞ്ചിലെ ദീപക് മിശ്ര, എ. എം. ഖാൻവിൽക്കർ എ.കെ. സിക്രി എന്നിവർ ചേർന്ന് ഒരു വിധിയും ഡി.വൈ. ചന്ദ്രചൂഡും അശോക് ഭൂഷണും വേവ്വെറെ വിധികളുമാണ് പ്രസ്താവിച്ചത്. അഞ്ചംഗ ബെഞ്ചിലെ മൂന്ന് പേർ ചേർന്ന് തയ്യാറാക്കിയ വിധിക്കാണ് ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ സാധുത. ഭൂരിപക്ഷ വിധിയോട് ശക്തമായി വിയോജിക്കുന്ന വിധിയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റേതായി വന്നിരിക്കുന്നത്. മൂന്നംഗ ബെഞ്ചിന്റെ വിധിയോട് ഏതാണ്ട് യോജിക്കുന്ന വിധിയാണ് ജസ്റ്റിസ് അശോക് ഭൂഷണിന്റേതായും വന്നത്.
ആധാറുമായി ബന്ധപ്പെട്ട പ്രധാന ചോദ്യങ്ങളും അതിന് കോടതി നൽകിയ വിധിയും ഇങ്ങനെയാണ്.
1. ആധാർ നിയമം പണബില്ലായി അവതരിപ്പിച്ചതിന് ഭരണഘടനാ സാധുതയുണ്ടോ?
2016 ൽ ആധാർ നിയമം പണബില്ലായി അവതരിപ്പിച്ചതിന് ഭരണഘടനാ സാധുത നൽകിയിരിക്കുകയാണ് ഇന്നത്തെ സുപ്രീം കോടതി വിധി. രാജ്യസഭുടെ അംഗീകാരം വേണ്ടതില്ലെന്നതാണ് പണബില്ലിന്റെ പ്രത്യേകത. പണബില്ലേതെന്ന് തീരുമാനിക്കാനുള്ള അവകാശം ലോക്സഭാ സ്പീക്കറിനാണെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം.
എന്നാൽ ഇതിനെതിരെ ശക്തമായ വാദങ്ങളാണ് ഹർജിക്കാർ ഉയർത്തിയത്. മൂന്ന് ജഡ്ജിമാർ ചേർന്ന് തയ്യാറാക്കിയ വിധി കേന്ദ്രസർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ച് ആധാർ നിയമത്തിന് ഭരണഘടനാ സാധുത നൽകി. ജസ്റ്റിസ് അശോക് ഭൂഷണിന്റെ വിധിയും ഇത് അംഗീകരിച്ചു. എന്നാൽ ഇക്കാര്യത്തിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്ന വിധിയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പുറപ്പെടുവിച്ചത്.സ്പീക്കറുടെ നടപടിയും കോടതിയുടെ പുനഃപരിശോധനയ്ക്ക് വിധേയമാണെന്നും ഒരു ഭരണഘടനാ പദവിക്കും പരമാധികാരം ഇല്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
2.എന്തിനൊക്കെ ആധാർ നിർബന്ധം?
രാജ്യത്തെ പൗരൻമാർക്ക് പൊതുതിരിച്ചറിയൽ കാർഡ് ഉണ്ടാകുന്നത് നല്ലതാണെന്നതാണ് ഇക്കാര്യത്തിൽ കോടതിയുടെ ഭൂരിപക്ഷ വിധി. എന്നാൽ എല്ലാക്കാര്യത്തിനും ആധാറിനെ ആശ്രയിക്കുന്നതിനോട് കോടതി യോജിക്കുന്നു . സർക്കാർ ആനൂകൂല്യങ്ങൾക്ക് ആധാർ ഉപയോഗിക്കുന്നതിന് കോടതി അംഗീകാരം നൽകിയിട്ടുണ്ട്. പാൻകാർഡുമായി ആധാറിനെ ബന്ധിപ്പിക്കുന്നിതിനും നികുതി അടയ്ക്കുന്നതിന് ആധാർ നിർബന്ധമാക്കുന്നതിനെയും കോടതി അംഗീകരിച്ചു.
മൊബൈൽ ഫോൺ കണക്ഷൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ആധാർ ഉപയോഗിക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തി. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്നതിലും സുപ്രീം കോടതി വിയോജിച്ചു. ആൾക്കാരെ സംശയത്തോടെ കാണുന്നത് അംഗീകരിക്കാനാകില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
ആധാർ ഇല്ലാത്തതിന്റെ പേരിൽ സേവനങ്ങൾ നിഷേധിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിലും ഭൂരിപക്ഷവിധിയോട് ജസ്റ്റിസ് ചന്ദ്രചൂഡ് വിയോജിച്ചു. രാജ്യത്ത് ആധാറില്ലാതെ ഒരു കാര്യവും നടക്കില്ലെന്ന അവസ്ഥയാണുള്ളതെന്ന് അദ്ദേഹത്തിന്റെ വിധി പ്രസ്താവത്തിൽ പറയുന്നു.
3.സ്വകാര്യത സംബന്ധിച്ച ചോദ്യങ്ങൾക്ക് കോടതി വിധി പറയുന്നത്
ആധാറിന് അംഗീകാരം നൽകിയെങ്കിലും പൗരന്റെ സ്വകാര്യത അംഗീകരിക്കുന്ന വിധിയാണ് സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ആധാർ നിയമത്തിൽ സുപ്രീം കോടതി നിർദ്ദേശിച്ച ഭേദഗതികൾ ഇതാണ് പറയുന്നത്. സ്വാകാര്യ കന്പനികൾക്ക് ആധാർ വിവരങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്ന 57 വകുപ്പ് കോടതി റദ്ദാക്കി. ഇതിന് പുറമെ രാജ്യ സുരക്ഷ മുൻനിർത്തി ജോയിന്റെ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് ആധാർ വിവരങ്ങൾ നൽകാമെന്ന വകുപ്പും(33(2)) കോടതി മാറ്റി. ആധാറിനെതിരെ വ്യക്തികൾക്ക് പരാതി നൽകാൻ കഴിയില്ലെന്ന വകുപ്പിലും കോടതി മാറ്റം വരുത്തിയിട്ടുണ്ട്.
4. ആധാർ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് വിധിയിലുള്ളത്
ആധാറിൽ വ്യക്തികളുടെ കുറച്ച് ബയോമെട്രിക് വിവരങ്ങൾ മാത്രമാണ് ശേഖരിക്കുന്നതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. ആധാറിന്റെ ഡ്യൂപ്ലീക്കേറ്റ് ഉണ്ടാക്കാൻ സാധിക്കില്ലെന്ന വാദവും സിക്രിയുടെയും അശോക് ഭൂഷണിന്റെയും വിധികൾ അംഗീകരിച്ചു. എന്നാൽ ഇക്കാര്യത്തിലും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ള വിധിയാണ് ഡി.വൈ. ചന്ദ്രചൂഡ് പുറപ്പെടുവിച്ചിരിക്കുന്നത്. മൊബൈല്‍ കമ്പനികള്‍ ഇതിനോടകം ശേഖരിച്ചിരിക്കുന്ന വിവരങ്ങള്‍ നശിപ്പിച്ചു കളയണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിശദമാക്കി.