പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്,കൊന്നത് അമ്മതന്നെ

യുവതി ആദ്യം കിടങ്ങന്നൂരിലെ ഒരു ക്ലിനിക്കില്‍ ചെന്നു. പ്രസവിച്ച വിവരം ഒളിച്ചുവെച്ചെന്നും രക്തസ്രാവം, തലകറക്കം, ക്ഷീണം എന്നീ അസ്വസ്ഥതകള്‍ മാത്രമാണ് ഉള്ളതെന്നുമായിരുന്നു പറഞ്ഞത്

പത്തനംതിട്ട| കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് 22-കാരിയായ മാതാവ് കുറ്റസമ്മതം നടത്തി. കൗണ്‍സിലിങ്ങിനിടെയാണ് യുവതി മൊഴി നല്‍കിയത്. പ്രസവശേഷം കുഞ്ഞിനെ കൊലപ്പെടുത്താനായി വായും മൂക്കും പൊത്തിപ്പിടിച്ചു. കുഞ്ഞിന് അനക്കമില്ലാതായപ്പോള്‍ അടുത്ത പുരയിടത്തില്‍ കൊണ്ടുപോയി കളഞ്ഞുവെന്നും യുവതി കൗണ്‍സിലിങ്ങിനിടെ വ്യക്തമാക്കിയിരുന്നു.പ്രസവിക്കുന്ന സമയം ആരും ഒപ്പമുണ്ടായിരുന്നില്ലെന്നും വീട്ടുകാര്‍ക്ക് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നും യുവതി കൗണ്‍സിലിങ്ങിനിടെ പറഞ്ഞു. 22കാരി മാതാവിന്റെ മെഴുവേലി ആലക്കോട്ടെ വീടിന് പുറകുവശത്തെ പുരയിടത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാതാപിതാക്കളാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇലവുംതിട്ട പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി 22കാരിയായ മാതാവിനെ ചികിത്സിച്ച ഡോക്ടര്‍ ലക്ഷ്മി.യുവതി ആദ്യം കിടങ്ങന്നൂരിലെ ഒരു ക്ലിനിക്കില്‍ ചെന്നു. പ്രസവിച്ച വിവരം ഒളിച്ചുവെച്ചെന്നും രക്തസ്രാവം, തലകറക്കം, ക്ഷീണം എന്നീ അസ്വസ്ഥതകള്‍ മാത്രമാണ് ഉള്ളതെന്നുമായിരുന്നു പറഞ്ഞത്. തുടര്‍ന്ന് കിടങ്ങന്നൂരിലെ ആശുപത്രിയിലെ ഡോക്ടര്‍ തന്നെ വിളിച്ച് രക്തസ്രാവം നില്‍ക്കാന്‍ ഏത് മരുന്നു നല്‍കണമെന്ന് ചോദിക്കുകയും മരുന്ന് താന്‍ ഫോണില്‍ കൂടി പറഞ്ഞു കൊടുത്തുവെന്നും ചെങ്ങന്നൂര്‍ ഉഷാ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ലക്ഷ്മി പറഞ്ഞു. എന്നാല്‍ രക്തസ്രാവം നില്‍ക്കാത്തതിനെ തുടര്‍ന്ന് യുവതി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കിടങ്ങന്നൂരിലെ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ ചെങ്ങന്നൂരിലെ ഉഷ ഹോസ്പിറ്റലില്‍ തന്നെ കാണാനെത്തിയെന്നും ഡോക്ടര്‍ ലക്ഷ്മി പറഞ്ഞു.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ യുവതിയുടെ ഹീമോഗ്ലോബിന്‍ ലെവല്‍ ഏഴും ബ്ലഡ് കൗണ്ട് 33,000വും ആയിരുന്നു. ഇന്ന് രാവിലെ മുതലാണ് ബ്ലീഡിങ് തുടങ്ങിയത് എന്നും മറ്റൊന്നുമില്ല എന്നും യുവതി ഡോക്ടറിനോട് പറഞ്ഞു. വിശദ പരിശോധനയില്‍ പ്രസവത്തെ തുടര്‍ന്നുള്ള ബ്ലീഡിങ് ആണെന്ന് മനസ്സിലായ ഡോക്ടര്‍ വീണ്ടും ഇതേ പറ്റി ചോദിച്ചപ്പോള്‍ 22കാരി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഗര്‍ഭിണിയായിരുന്നു എന്ന് പോലും യുവതി സമ്മതിച്ചിരുന്നില്ല എന്നും ഡോക്ടര്‍ പറയുന്നു. നിരന്തരമായി ചോദിച്ചിട്ടും കുട്ടി എവിടെയാണെന്നോ എന്ത് ചെയ്തുവെന്നോ യുവതി മറുപടി നല്‍കിയില്ലെന്നും ഡോക്ടര്‍ ലക്ഷ്മി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എന്നാല്‍ താന്‍ വീണ്ടും ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ കുഞ്ഞിനെ പുരയിടത്തില്‍ മതിലിനോട് ചേര്‍ത്ത് പൊതിഞ്ഞ് വെച്ചു എന്ന് പറഞ്ഞുവെന്നും ഉടന്‍ തന്നെ വിവരം പൊലീസിനെയും പത്തനംതിട്ട ഡിഎംഒയെയും അറിയിച്ചുവെന്നും ഡോക്ടര്‍ ലക്ഷ്മി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കുഞ്ഞ് ജീവനോടെയുണ്ടെങ്കിൽ രക്ഷിക്കണം എന്ന് വിചാരിച്ചാണ് ഇടപെടൽ നടത്തിയതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

You might also like

-