ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിലായ എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും.

"താന്‍ ദൈവതുല്യം കാണുന്നവര്‍ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ ഉണ്ടെങ്കില്‍ എന്തുചെയ്യാനാകുമെന്ന് നേരത്തെ പത്മകുമാര്‍ പ്രതികരിച്ചിരുന്നു. ആ ദൈവതുല്യന്‍ ആര് എന്നുള്ളതാണ് ഇനി ഏറ്റവും പ്രധാന ചോദ്യമായി ഉയരുന്നത്."

തിരുവനന്തപുരം| ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും.  പത്മകുമാറിന് തിരിച്ചടിയായത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥ മൊഴിയുമാണ്. റിമാൻഡ് റിപ്പോർട്ടിലും പത്മകുമാറിൻ്റെ ഇടപെടൽ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.നിർണായക തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഷ്‌ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയായതിനാൽ പ്രത്യേക സംഘവും കരുതലോടെയാണ് അറസ്‌റ്റിന് മുൻപ് കരുക്കൾ നീക്കിയത്. റിമാൻഡ് റിപ്പോർട്ടിലും പത്മകുമാറിൻ്റെ ഇടപെടൽ എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.തിങ്കളാഴ്ച റിപ്പോർട്ട് നൽകും

ഉദ്യോഗസ്‌ഥരെയും എൻ വാസുവിനെയും കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് പത്മകുമാറിൻ്റെ മൊഴി. ഉദ്യോഗസ്ഥർ തന്ന രേഖപ്രകാരമാണ് നടപടിയെടുത്തതെന്ന് പത്‌മകുമാർ പറയുന്നു. പോറ്റിയുമായി ആറൻമുളയിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും പത്മകുമാർ പലതവണ കൂടിക്കാഴ്ച നടത്തിയെന്നും എസ്ഐടി പറയുന്നു. ഉണ്ണികൃഷ്‌ണൻ പോറ്റി സർക്കാരിന് നൽകിയ അപേക്ഷയാണ് ബോർഡിന് കൈമറിയതെന്ന് പത്‌മകുമാർ നൽകിയ മൊഴിയിൽ പറയുന്നു. ദേവസ്വം മന്ത്രിക്ക് നൽകിയ അപേക്ഷയാണ് കൈമാറിയത്. സർക്കാർ അനുമതിയോടെയെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്.

“താന്‍ ദൈവതുല്യം കാണുന്നവര്‍ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ ഉണ്ടെങ്കില്‍ എന്തുചെയ്യാനാകുമെന്ന് നേരത്തെ പത്മകുമാര്‍ പ്രതികരിച്ചിരുന്നു. ആ ദൈവതുല്യന്‍ ആര് എന്നുള്ളതാണ് ഇനി ഏറ്റവും പ്രധാന ചോദ്യമായി ഉയരുന്നത്.” തദ്ദേശതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പത്മകുമാറിന്റെ അറസ്റ്റ് സിപിഐഎമ്മിനുള്ളില്‍ പ്രതിരോധം സൃഷ്ടിച്ചിരിക്കുകയാണ്.പത്മകുമാറിന്റെ അറസ്റ്റ് സിപിഐഎം ചര്‍ച്ച ചെയ്യും. അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. പത്മകുമാറിന്റെ അറസ്റ്റിനെ തുടര്‍ന്ന് സര്‍ക്കാരിനും പാര്‍ട്ടിക്കും ഉണ്ടായ പ്രതിസന്ധി യോഗം വിലയിരുത്തും. പത്മകുമാറിന്റെ അറസ്റ്റ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കും എന്നാണ് ആശങ്ക. പ്രതിസന്ധി മറികടക്കാനുള്ള വഴികള്‍ സിപിഐഎം ചര്‍ച്ച ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും യോഗം ചര്‍ച്ച ചെയ്യും.

അതേസമയം, പത്മകുമാറിന്റെ വീടിന് പൊലീസ് കാവല്‍ തുടരുന്നു. വീട്ടിലേക്ക് പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പൊലീസ് സുരക്ഷ. രാഷ്ട്രീയ സംഘടനകള്‍ വീട്ടിലേക്ക് ഇതുവരെ പ്രതിഷേധ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റം നിലനില്‍ക്കുന്നതാണ് രാഷ്ട്രീയ പാര്‍ട്ടികളെ പരസ്യ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് തിരിക്കുന്നത്. മാനദണ്ഡങ്ങള്‍ ബാധകമല്ലാത്ത ഹൈന്ദവ സംഘടകര്‍ ഉള്‍പ്പെടെ വീട്ടിലേക്ക് പ്രതിഷേധം നടത്താനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

You might also like

-