ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിന് കുരുക്ക് മുറുകുന്നു.
പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തേക്കുമെന്ന വാര്‍ത്ത സിപിഐഎമ്മിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരു ഉന്നതന്‍കൂടി അറസ്റ്റു ചെയ്യപ്പെടുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിക്ക് വഴിയൊരുങ്ങുമോ എന്നാണ് സിപിഐഎം ഭയക്കുന്നത്.
പത്തനംതിട്ട |ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. സ്വർണം ചെമ്പാക്കാൻ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കൂടിയായ പത്മകുമാർ കൂട്ട്നിന്നു. സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയാണ് പുറത്തേക്ക് കടത്തിയിരുന്നത്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത 2019 ലെ ബോർഡിൻറെ മിനിട്സ് രേഖകൾ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചപ്പോഴാണ് നിർണായക തെളിവുകൾ ലഭിച്ചത്.ശങ്കർ ദാസ് ഉൾപ്പടെയുള്ള ബോർഡ് അംഗങ്ങൾക്കും ഇതിൽ നിർണായക പങ്കുണ്ട്. കാരണം ബോധപൂർവമായിട്ടാണ് ഇവരെല്ലാവരും തന്നെ മിനിട്സിൽ ഒപ്പിട്ടിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി സമ്പാദ്യങ്ങൾ ഉണ്ടാക്കിയിരുന്നു. പത്മകുമാറിന്റെ ബിനാമിയായി പോറ്റി പ്രവർത്തിച്ചിരുന്നു എന്ന സംശയമാണ് എസ്ഐടിയ്ക്കുള്ളത്. ഇതുമായി ബന്ധപ്പെട്ട മൊഴികളും സംഘത്തിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇത് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കൂടി നിലവിൽ എസ്ഐടിയുടെ പക്കലുണ്ട്.
പത്മകുമാറിന്റെ അറസ്റ്റ് ഉടൻ തന്നെ അനിവാര്യമാണെന്നും അറസ്റ്റ് ഉണ്ടായാൽ അത് കൂടുതൽ പേരിലേക്ക് കൂടി അന്വേഷണം കടക്കുമെന്നുമാണ് എസ്ഐടിയുടെ നിരീക്ഷണം. ചോദ്യം ചെയ്യലിന് പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ ഇതുവരെ എ പത്മകുമാർ ഹാജരായിട്ടില്ല. സമയപരിധി പൂർത്തിയായ സാഹചര്യത്തിൽ അന്വേഷണസംഘം പുതിയ നോട്ടീസ് നൽകും.ചോദ്യം ചെയ്യലിന് എത്തിയില്ലെങ്കിൽ കസ്റ്റഡിയിൽ എടുക്കാനാണ് നീക്കം.
അതേസമയം പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തേക്കുമെന്ന വാര്‍ത്ത സിപിഐഎമ്മിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരു ഉന്നതന്‍കൂടി അറസ്റ്റു ചെയ്യപ്പെടുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിക്ക് വഴിയൊരുങ്ങുമോ എന്നാണ് സിപിഐഎം ഭയക്കുന്നത്. തെക്കന്‍ ജില്ലകളില്‍ വന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്ന ഇടത് മുന്നണിക്ക് ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തിരിച്ചടിയാകുമെന്നാണ് ആശങ്ക.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്‌ഐടി നോട്ടീസ് നല്‍കിയെങ്കിലും എ പത്മകുമാര്‍ ഇതുവരെ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായിരുന്നില്ല. തുടര്‍ച്ചയായി ഹാജരാവാതെ വന്ന സാഹചര്യത്തില്‍ പത്മകുമാറിനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യുന്നതിനുള്ള നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്. മുന്‍ അധ്യക്ഷനായ എന്‍ വാസു അറസ്റ്റു ചെയ്യപ്പെട്ടത് സിപിഐഎമ്മിന് കടുത്ത തലവേദനയായി മാറിയതിന് തൊട്ടുപിന്നാലേയാണ് പത്മകുമാറും കരുക്കിലായിരിക്കുന്നത്. പത്തനംതിട്ട മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ പത്മകുമാര്‍ അറസ്റ്റു ചെയ്യപ്പെടുന്നത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണമാണ് ഉണ്ടാക്കുക. ഇതിനിടയില്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ ഇ ഡിയെത്താനുള്ള സാധ്യതയും തെളിയുന്നുണ്ട്.