വൈസ് ചാന്‍സലര്‍ക്ക് കനത്ത തിരിച്ചടി ഡോ കെ എസ് അനില്‍കുമാറിന് രജിസ്ട്രാറായി തുടരാം ,ഹൈക്കോടതി

സിന്‍ഡിക്കറ്റ് യോഗം തന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കിയതിനാല്‍ ഹരജി പിന്‍വലിക്കണമെന്ന് അനില്‍കുമാര്‍ കോടതിയെ അറിയിച്ചതോടെ ഹരജി പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഹര്‍ജിക്ക് നിലനില്‍പില്ലന്ന് കോടതി വ്യക്തമാക്കി.സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിൽ എതിര്‍പ്പുണ്ടെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി

കൊച്ചി | രജിസ്ട്രാറായി ഡോ കെ എസ് അനില്‍കുമാറിന് തന്നെ തുടരാമെന്ന് ഹൈക്കോടതി. ഇതോടെ കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലര്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സിന്‍ഡിക്കറ്റ് യോഗം തന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കിയതിനാല്‍ ഹരജി പിന്‍വലിക്കണമെന്ന് അനില്‍കുമാര്‍ കോടതിയെ അറിയിച്ചതോടെ ഹരജി പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഹര്‍ജിക്ക് നിലനില്‍പില്ലന്ന് കോടതി വ്യക്തമാക്കി.സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിൽ എതിര്‍പ്പുണ്ടെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദിനേശ് കുമാർ സിംഗ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്‍റേതാണ് നടപടി.

വെെസ് ചാൻസലറുടെ തീരുമാനം റദ്ദാക്കാൻ സിൻഡിക്കേറ്റിന് അധികാരം ഉണ്ടെന്ന് സർവ്വകലാശാല ഹെെക്കോടതിയെ അറിയിച്ചു. വെെസ് ചാൻസലർ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കാൻ സിൻഡിക്കേറ്റിന് അധികാരം ഉണ്ടോയെന്നത് നിയമപരമായ വിഷയം ആണെന്നും ഹെെക്കോടതിയുടെ നിരീക്ഷണം. കോടതിവിധി സിന്‍ഡിക്കേറ്റ് നിലപാടിന് ഉള്ള അംഗീകാരമാണെന്ന് സിന്‍ഡിക്കേറ്റ് അംഗം ഡോ ഷിജു ഖാന്‍ പറഞ്ഞു. സിന്‍ഡിക്കേറ്റ് തീരുമാനം ശരിയാണ് എന്ന് ഉത്തമ ബോധ്യം ഉണ്ടായിരുന്നു. അതിനുള്ള അംഗീകാരമാണ് കോടതിയില്‍ നിന്ന് ലഭിച്ചെന്നും ഷിജു ഖാന്‍ പറഞ്ഞു.

ചട്ടവിരുദ്ധമായിട്ടാണ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. രജിസ്ട്രാറുടെ നിയമനാധികാരം സിന്‍ഡിക്കേറ്റിനു മാത്രമാണ്.അതിന് വിരുദ്ധമായാണ് ആക്ടിങ് വിസി യുടെ തീരുമാനമുണ്ടായത്. സിന്‍ഡിക്കേറ്റ് തീരുമാനം മറികടക്കാന്‍ വിസിക്ക് അധികാരമില്ല. നിയമവിരുദ്ധ ഉത്തരവുകള്‍ വൈസ് ചാന്‍സിലര്‍ ഇറക്കാന്‍ പാടില്ലെന്നും ഷിജു ഖാന്‍ പറഞ്ഞു.അതിനിടെ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്ന് വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതലയുള്ള സിസ തോമസ് ചൂണ്ടികാട്ടി. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സിന്‍ഡിക്കേറ്റ് തീരുമാനത്തിന് നിയമസാധുതയില്ലെന്നും രജിസ്ട്രാറിന്റ ചുമതല മിനി കാപ്പന് നൽകിയെന്നും ഗവർണർക്ക് നൽകിയ റിപ്പോർട്ടില്‍ പറയുന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബ വിവാദത്തെ തുടര്‍ന്നാണ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപ്പെടുത്തിയാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതത്. ഇതിനെതിരെ അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം രജിസ്ട്രാർ കെ എസ് അനിൽകുമാറിൻ്റെ സസ്പെൻഷൻ റദ്ദാക്കിയ നടപടി നിയമ വിരുദ്ധമെന്ന് വി സി പ്രതികരിച്ചു. സിൻഡിക്കേറ്റ് തീരുമാനത്തിനു സാധുത ഇല്ലെന്നും രജിസ്ട്രാറിന്റ ചുമതല മിനി കാപ്പന് നൽകിയെന്നുമാണ് വി സിയുടെ റിപ്പോർട്ട്‌.

You might also like

-